വൈത്തിരി: പാശ്ചാത്യരുടെ പ്രിയ പാലുൽപന്നമായ യോഗർട്ട് (കട്ടി തൈര്) വളരെ എളുപ്പത്തിൽ വീടുകളിൽ തയാറാക്കാനുതകുന്ന മിനി ഇൻക്യുബേറ്റർ വികസിപ്പിച്ച് കേരളം വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല. പുളിപ്പിച്ച പാലുൽപന്നങ്ങളിൽ പോഷകസമ്പുഷ്ടവും ഏറ്റവും ദഹിക്കുന്നതും ആരോഗ്യദായകവുമായ യോഗർട്ട് ഇന്ന് മലയാളികളുടെ അടുക്കളയിലെയും സ്ഥിരസാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ്.
ഏറെ സങ്കീർണമായ പ്രക്രിയയിലൂടെ മാത്രം പാലിൽ നിന്ന് ഉൽപാദിപ്പിച്ചിരുന്ന യോഗർട്ട് 'മിനിങ്‌യോ' എന്ന ചെറിയ അടുക്കള ഉപകരണം വഴി എളുപ്പത്തിൽ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് സർവകലാശാല ശാസ്ത്രജ്ഞർ വികസിപ്പിച്ചത്.
സർവകലാശാലക്ക് കീഴിലുള്ള വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്‌നോളജിയിലെ ഡെയറി മാക്രോബയോളജി വിഭാഗം അസി. പ്രഫ. ആർ. രജീഷ്, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. എ.കെ. ബീന, രജിസ്ട്രാർ ഡോ. പി. സുധീർബാബു എന്നിവർ അടങ്ങിയ സംഘമാണ് ഇൻക്യുബേറ്റർ വികസിപ്പിച്ചത്.
തൃശൂർ ആസ്ഥാനമായുള്ള സിലാട്രോൺ ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഉൽപന്നം വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ച് പൊതുജനങ്ങളിലേക്ക് വിപണനം ചെയ്യാൻ തയാറായിട്ടുള്ളത്.
വളരെ എളുപ്പത്തിൽ യോഗർട്ട് തയാറാക്കാനുതകുന്ന 'മിനിങ്‌യോ' എന്ന ഉപകരണം അടുത്ത മാസത്തോടെ പൊതുവിപണിയിൽ എത്തുമെന്ന് കരുതുന്നു. മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടി കോളജിൽ നടന്ന ചടങ്ങിൽ സർവകലാശാലയും സിലാട്രോൺ ടെക്‌നോളജി കമ്പനിയുമായി ധാരണപത്രം ഒപ്പുവെച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. പി. സുധീർബാബു, അക്കാദമിക് ഡയറക്ടർ ഡോ. സി. ലത, സംരംഭകത്വം വിഭാഗം ഡയറക്ടർ ഡോ. ടി.എസ്. രാജീവ്, കോളജ് ഡീൻ ഡോ. എസ്.എൻ. രാജകുമാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.