ന്യൂഡൽഹി: അഞ്ച് ദിവസം മാത്രം പഴക്കമുള്ള വൺപ്ലസ് നോർഡ് 2 5ജി മൊബൈൽ ഫോൺ യുവതിയുടെ ബാഗിൽ വെച്ച് പൊട്ടിത്തെറിച്ചു. ബംഗളൂരുവിൽ ഞായറാഴ്ചയാണ് സംഭവം. സംഭവം നടന്ന ഉടൻ യുവതിയുടെ ഭർത്താവ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.
ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ വൺപ്ലസിന്‍റെ ഏറ്റവും പുതിയ മോഡലായ നോർഡ് 2 കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. ഉപയോക്താവുമായി ബന്ധപ്പെട്ടു കഴിഞ്ഞുെവന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വൺപ്ലസ് അറിയിച്ചു.
അൻകുർ ശർമയാണ് ഞായറാഴ്ച രാവിലെ തന്‍റെ ഭാര്യ മൊബൈൽ ബാഗിലിട്ട് സൈക്ലിങ്ങിന് പോകുന്നത് വഴി പൊട്ടിത്തെറിച്ചതായി ട്വിറ്ററിൽ പോസ്റ്റിട്ടത്. 'പെട്ടന്നാണ് ഫോൺ പൊട്ടിത്തെറിച്ചത്. അതിൽ നിന്ന് പുക ഉയരാൻ തുടങ്ങി. പൊട്ടിത്തെറിയിൽ ഭാര്യക്ക് അപകടം പറ്റി'-ശർമ ട്വീറ്റ് ചെയ്തു. പിന്നീട് ഇയാൾ ട്വീറ്റ് നീക്കം ചെയ്തെങ്കിലും അതിന്‍റെ കാഷെ പതിപ്പ് കാണാൻ സാധിക്കുന്നുണ്ട്. പൊട്ടിത്തെറിച്ച മൊബൈൽ ഫോണിന്‍റെ മൂന്ന് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ട്വിറ്ററിലെ വൺപ്ലസിന്‍റെ ഔദ്യോഗിക അക്കൗണ്ട് കമ്പനിയുമായി നേരിട്ട് മെസേജിലൂടെ ബന്ധപ്പെടാനായി ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. പൊട്ടിത്തെറിയിൽ കമ്പനി ഉപയോക്താവിന് നഷ്ടപരിഹാരം നൽകിയോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ഇതാദ്യമായിട്ടല്ല വൺപ്ലസ് മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത്. 2019 ജൂലൈയിൽ വൺപ്ലസ് മൊബൈൽ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ മാസം വിപണിയിലെത്തിയ വൺപ്ലസ് നോർഡ് 2 കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിൽ വിൽപനക്കെത്തിയത്. 29,999 രൂപയാണ് ആണ് പ്രാരംഭ വില. വൺപ്ലസ് നോർഡിന്‍റെ പരിഷ്കരിച്ച പതിപ്പായ വൺപ്ലസ് നോർഡ് 2 5ജി 4500 എം.എ.എച്ച് ബാറ്ററിയുമായാണ് എത്തിയത്.
മീഡിയടെകിന്‍റെ ഡൈമൻസിറ്റി 5ജി ചിപ്സെറ്റ് സീരീസിലെ പുത്തൻ പോരാളിയായിരിക്കും നോർഡ് 2ന് കരുത്ത് പകരുക. ഡൈമൻസിറ്റി 1200 എന്ന ഏറ്റവും പുതിയ 5ജി പ്രൊസസറാണ് മീഡിയടെക് വൺപ്ലസിന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.