തൃശൂർ: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുന്നതായി നിക്ഷേപകരുടെ പരാതി. ജില്ലയില്‍ മാത്രം കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്നാണ് പ്രാഥമിക നിഗമനം. പണം നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തിനകം ഓണ്‍ലൈന്‍ ട്രേഡിങ് മുഖേന പണം കൊയ്യാമെന്നായിരുന്നു വാഗ്ദാനം.
റിസര്‍വ് ബാങ്കിന്റെ അനുമതി ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ടോൾ ഡീൽ വെൻചുവേഴ്സ് എന്ന സ്ഥാപനത്തിന്റെ അനുബന്ധ സ്ഥാപനമായി തൃശൂർ ശക്തൻ നഗറിൽ പ്രവർത്തിച്ചിരുന്ന എസ്.ജെ അസോസിയേറ്റ്സ് എന്ന പേരില്‍ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. തട്ടിപ്പ് നടത്തിയവരിൽ സന്ന്യാസി കൂടിയുണ്ട്.
ഇയാളുടെ ജാമ്യാപേക്ഷ ജില്ല കോടതി തള്ളിയിരുന്നു. ഏജൻറുമാരുടെ വാക്ക് വിശ്വസിച്ച് നിരവധിപേര്‍ പണം നിക്ഷേപിച്ചു. പല പേരുകളിലായിരുന്നു കമ്പനി നടത്തിപ്പ്. നിക്ഷേപകരുടെ മൊബൈൽ ഫോണിൽ നിക്ഷേപിച്ച പണത്തിന്റെ മൂല്യം കാണാനും മറ്റും മൈ ക്ലബ് ട്രേഡേഴ്സ് (എം.സി.ടി) എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തു കൊടുത്താണ് പ്രതികൾ നിക്ഷേപകരെ വഞ്ചിച്ചിരുന്നത്.
നിക്ഷേപ തുക ഒരു വർഷം കൊണ്ട് ഇരട്ടിപ്പിച്ച് നൽകുമെന്ന വാഗ്ദാനമാണ് നൽകിയിരുന്നത്. നിക്ഷേപകരുടെ സംഗമവും നടത്തിയിരുന്നു. ആദ്യം, കൃത്യമായി ചിലര്‍ക്ക് തുക കിട്ടി. പിന്നീട് പണം കിട്ടുന്നത് കുറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പരാതികള്‍ കൂടിയതോടെ സംഘം തൃശൂരിലെ ഓഫിസ് അടച്ചു പൂട്ടി.
ജില്ലയില്‍ മാത്രം 2000 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിവിധ സ്റ്റേഷനുകളില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് രണ്ടുപേര്‍ മാത്രം. ബാക്കിയുള്ള ഡയറക്ടര്‍മാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, പ്രതികള്‍ പലരും നാട്ടില്‍ ചുറ്റിക്കറങ്ങുന്നുമുണ്ടെന്ന് പരാതിക്കാർ പറയുന്നു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഇതേസംഘം നിലവില്‍ തമിഴ്നാട്ടിലും സമാന തട്ടിപ്പ് നടത്തുന്നുണ്ടെന്ന് നിക്ഷേപകർ പറയുന്നു. കേസ് ക്രൈംബ്രാഞ്ച് ഉടൻ ഏറ്റെടുത്തില്ലെങ്കില്‍ നീതി കിട്ടില്ലെന്നാണ് നിക്ഷേപകരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.