ന്യൂയോർക്: രസകരമായ ട്വീറ്റുകളുമായി പലപ്പോഴും ടെസ്‍ല സഹസ്ഥാപകൻ ഇലോൺ മസ്ക് രംഗത്തുവരാറുണ്ട്. ഇക്കുറി താൻ പുതുതായി വാങ്ങിയ പെർഫ്യൂമിന്റെ പ്രചാരണാർഥമാണ് ട്വീറ്റുമായെത്തിയത്. ''ബേൺഡ് ഹെയർ'' എന്നാണ് പെർഫ്യൂമിന്റെ പേര്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പെർഫ്യൂമിന് 8400 രൂപയാണ്(100 ഡോളർ) വില. തന്റെ ഫോളോവേഴ്സിനോട് പെർഫ്യൂം വാങ്ങാനും മസ്ക് ആവശ്യപ്പെടുന്നുണ്ട്. '' ദയവായി നിങ്ങളെന്റെ പെർഫ്യൂം വാങ്ങൂ...അങ്ങനെ എനിക്ക് ട്വിറ്റർ വാങ്ങാൻ കഴിയും''-എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്.
ബുധനാഴ്ചയാണ് പുതിയ പെർഫ്യൂമിനെ പരിചയപ്പെടുത്തി മസ്ക് ട്വീറ്റുമായെത്തിയത്. സുഗന്ധവ്യാപാരത്തിലേക്കുള്ള കടന്നുവരവ് അനിവാര്യമായിരുന്നുവെന്നും കുറെ കാലമായി മനസിലുണ്ടായിരുന്ന ഒന്നാണ് ഇതാണെന്നും മസ്ക് പറഞ്ഞു. ഭൂമിയിലെ ഏറ്റവും സുഗന്ധമുള്ള പെർഫ്യൂം ആണിതെന്നും മസ്ക് അവകാശപ്പെടുന്നുണ്ട്. ട്വിറ്റർ ബയോ പെർഫ്യൂം വിൽപനക്കാരൻ എന്നും മസ്ക് മാറ്റിയിട്ടുണ്ട്.
ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഇലോൺ മസ്ക് ഉപേക്ഷിച്ചിരുന്നു. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതിനാല്‍ 4,400 കോടി ഡോളറിന്റെ അവസാനിപ്പിക്കുകയാണെന്നായിരുന്നു ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നത്. കരാറില്‍നിന്ന് പിന്മാറിയ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്ററും വ്യക്തമാക്കിയിരുന്നു.
ലോകം ശ്രദ്ധിച്ചിരുന്ന വാർത്തയായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നു എന്നത്. ഏപ്രില്‍ മാസം മുതല്‍ തന്നെ ഇലോണ്‍ മസ്‌കും ട്വിറ്റര്‍ കരാറും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നായിട്ടായിരുന്നു ഇത് കണക്കാക്കിയിരുന്നത്. 4,400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഓഹരിയൊന്നിന് 54.2 ഡോളര്‍ വീതം ലഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.