യാത്രകളിലും മറ്റും സ്മാർട്ട്ഫോണുകൾ ഒഴിവാക്കാൻ പറ്റാത്ത കാലത്താണ് നാം ജീവിക്കുന്നത്. യാത്രകളിലെ വിരസതയകറ്റാൻ പലരും ആശ്രയിക്കുന്നത് ഫോണുകളെ തന്നെയാണ്. പ്രത്യേകിച്ച് ട്രെയിൻ യാത്രകളിൽ. ട്രെയിനിൽ ചാർജ് ചെയ്യാനുള്ള സോക്കറ്റുള്ളതിനാൽ, ആളുകൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഫോൺ ഉപയോഗിക്കാറുള്ളത്. എന്നാൽ, ഇനിമുതൽ അത്തരക്കാർ സൂക്ഷിക്കേണ്ടതുണ്ട്.
കാരണം മറ്റൊന്നുമല്ല, ട്രെയിനുകളിലെ രാത്രി യാത്രകളിൽ ഫോണുകളും ലാപ്ടോപ്പുകളും ചാർജ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ. തീപിടുത്തം ഒഴിവാക്കാനാണ് നടപടി. രാത്രി 11 മണിമുതൽ പുലർച്ചെ അഞ്ച് മണിവരെ ട്രെയിനിനകത്തെ ചാർജിങ് സോക്കറ്റ് പ്രവർത്തന രഹിതമായിരിക്കും.
ചാർജിങ് ഡോക്കുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചുകൊണ്ട് വെസ്റ്റേൺ റെയിൽവേ മാർച്ച് 16 മുതൽ പുതിയ നിയമം നടപ്പാക്കിത്തുടങ്ങിയതായി ഇന്ത്യൻ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ റെയിൽവേകൾക്കുമുള്ള റെയിൽവേ ബോർഡിന്‍റെ നിർദേശമാണിതെന്നും അദ്ദേഹം അറിയിച്ചു.
ട്രെയിനുകളിലെ ചാർജ്ജിങ് സ്റ്റേഷനുകൾ രാത്രി 11 മുതൽ രാവിലെ അഞ്ച് വരെ ഓഫ് ചെയ്യണമെന്ന് 2014ൽ തന്നെ ഇന്ത്യൻ റെയിൽവേ ബോർഡ് കമ്മീഷണർ ശുപാർശ ചെയ്തിരുന്നു. ട്രെയിനുകളിൽ തീപിടുത്തം പതിവായ സാഹചര്യത്തിലാണ് നിർദേശങ്ങൾ റെയിൽവേ ആവർത്തിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഓവർ ചാർജിങ് തീപിടിത്തത്തിന് ഒരു പ്രധാന കാരണമാണെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.