ഇന്ത്യയിൽ 550 മില്യൺ ഫീച്ചർ ഫോൺ യൂസർമാരാണുള്ളത്. അത്രയും പേരെ സ്മാർട്ട്ഫോണുകളിലേക്കും 4ജി നെറ്റ്വർക്കിലേക്കും എത്തിക്കാനായി ജിയോ അടക്കമുള്ള ടെലികോം ഭീമൻമാരും സർക്കാരും പല പദ്ധതികളും പയറ്റുന്നുണ്ട്. ജിയോ സമീപകാലത്ത് വില കുറഞ്ഞ 4ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചതും അതിന്‍റെ ഭാഗമായാണ്.
എന്നാലും പല ഫീച്ചർ ഫോൺ യൂസർമാരും ഡിജിറ്റൽ ഇന്ത്യയുടെ പൊലിമയിലേക്ക് പെട്ടന്ന് മാറാൻ ഇപ്പോഴും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ സ്മാർട്ട്ഫോൺ യൂസർമാർക്ക് മാത്രം ലഭിക്കുന്ന ഒരു സുപ്രധാന സേവനം ഫീച്ചർ ഫോൺ യൂസർമാരിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാടുകൾ സാധ്യമാക്കാനാണ് ആര്‍ബിഐ ഒരുങ്ങുന്നത്. ഡിജിറ്റല്‍ പണമിടപാട് രാജ്യത്തെ എല്ലാവർക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർ.ബി.ഐ മുന്നിട്ടിറങ്ങുന്നത്. ധനനയ പ്രഖ്യാപന വേളയിൽ ഗവർണർ ശക്തികാന്ത ദാസാണ് പുതിയ പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്.
ചെറിയ തുകയുടെ ഇടപാടുകള്‍ക്കുള്ള പുതിയ വാലറ്റ് സംവിധാനം അടക്കം യുപിഐ വഴി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും റിസർവ് ബാങ്ക് അധികൃതർക്ക് പദ്ധതിയുണ്ട്. ഈ നീക്കത്തിലൂടെ യുപിഐ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാകുമെന്നാണ് ആർ.ബി.ഐ കണക്കുകൂട്ടുന്നത്. നവംബർ മാസത്തിൽ രാജ്യത്ത് യുപിഐ മുഖേന 401 കോടി ഇടപാടുകളാണ് നടന്നത്. 6.68 ലക്ഷം കോടി രൂപയാണ് അത്രയും ഇടപാടുകളുടെ മൊത്തം മൂല്യം.
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, വാലറ്റ്, യുപിഐ തുടങ്ങിയവ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ സംബന്ധിച്ച ഏകീകരണമാകും ഉണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.