ഇഷ്ടംപോലെ സൂക്ഷിക്കാം; 100 ജി.ബി സൗജന്യ ക്ലൗഡ് സേവനം പ്രഖ്യാപിച്ച് ജിയോ

ന്യൂഡൽഹി: മൊബൈൽ മത്സര രംഗത്ത് വമ്പൻ നീക്കവുമായി റിലയൻസ് ജിയോ. ഉപയോക്താക്കൾക്ക് 100 ജി.ബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്ന ഓഫർ റിലയൻസ് ഇൻഡസ്ട്രീസ് 47ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് മേഖലകളിൽ കുതിപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ നീക്കം. ജിയോ എ.ഐ-ക്ലൗഡ് സ്വാഗത ഓഫർ ദീപാവലി വേളയിൽ നിലവിൽ വരും.

ഫോട്ടോ, വിഡിയോ, ഡോക്യുമെന്റുകൾ, മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ, നിർമിത ബുദ്ധിയാൽ സൃഷ്ടിക്കപ്പെടുന്ന ഉള്ളടക്കങ്ങൾ എന്നിവയെല്ലാം ജിയോ ക്ലൗഡ് സേവനത്തിൽ സൂക്ഷിക്കാനാകും. ഗൂഗ്ൾ, ആപ്ൾ ക്ലൗഡ് സേവനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന പ്രഖ്യാപനമാണ് മുകേഷ് അംബാനി നടത്തിയത്. ഗൂഗ്ൾ 100 ജി.ബി സ്റ്റോറേജിന് പ്രതിമാസം 130 രൂപയും ആപ്ൾ 50 ജി.ബി സ്റ്റോറേജിന് 75 രൂപയും 200 ജി.ബി സ്റ്റോറേജിന് 219 രൂപയുമാണ് ഈടാക്കുന്നത്. സൗജന്യമായി 100 ജി.ബി സ്റ്റോറേജ് നൽകുന്നതിലൂടെ കൂടുതൽ വരിക്കാരെ സ്വന്തമാക്കാമെന്നാണ് ജിയോ പ്രതീക്ഷിക്കുന്നത്.

ഫോട്ടോകളും വിഡിയോകളും ഉൾപ്പെടെ സകല ഉള്ളടക്കങ്ങളും എവിടെ നിന്നും ഏത് സമയത്തും വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനാണ് 100 ജി.ബി സൗജന്യ സ്റ്റോറേജ് ഓഫർ അവതരിപ്പിക്കുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. കൂടുതൽ സ്റ്റോറേജ് സൗകര്യം ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ പ്ലാനുകൾ നൽകും.

ഫോൺ കാളുകൾ റെക്കോഡ് ചെയ്ത് ജിയോ ക്ലൗഡിൽ സൂക്ഷിക്കാനും ലിഖിത രൂപത്തിലേക്ക് മാറ്റാനും വേണമെങ്കിൽ മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനും സഹായിക്കുന്ന ജിയോ ഫോൺകാൾ എ.ഐ സേവനം റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പ്രഖ്യാപിച്ചു.

Tags:    
News Summary - Reliance Jio announces Jio AI-Cloud welcome offer with up to 100 GB free cloud storage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.