എ.ഐ ഉപകരണങ്ങൾ വീട്ടിലുണ്ടെങ്കിൽ സൂക്ഷിക്കണം; റോബോട്ട് വാക്വം ക്ലീനർ പകർത്തിയ യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ

പുതിയ കാലത്ത് നിർമ്മിത ബുദ്ധയിൽ അധിഷ്ഠിതമായ വീട്ടുപകരണങ്ങൾ വ്യാപകമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് റോബോട്ടിക് വാക്വം ക്ലീനറുകൾ. മെക്കാനിക്കൽ സെൻസറുകൾ, ഒപ്റ്റിക്കൽ സെൻസറുകൾ, പ്രത്യേക സോഫ്റ്റ്‌വെയർ എന്നിവ അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് വാക്വം ക്ലീനറുകൾ ഏറെക്കുറെ തനിയെയാണ് പ്രവർത്തിക്കുന്നത്. വൃത്തിയാക്കേണ്ട സ്ഥലം മാപ്പ് ചെയ്ത് കൊടുത്താൽ ഇവ നിശ്ചിത സമയത്ത് സ്വയം വൃത്തിയാക്കിക്കൊള്ളും എന്നതാണ് പ്രത്യേകത.

എന്നാൽ ഇത്തരം ഉപകരണങ്ങൾ ഉപയോക്താവിന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറുമെന്നാണ് അടുത്തിടെ ഉണ്ടായ ഒരു സംഭവം ഓർമിപ്പിക്കുന്നത്. വീടിനകം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന റോബോട്ട് വാക്വം ക്ലീനര്‍ യുവതി ടോയ്‌ലറ്റില്‍ ഇരിക്കുന്ന ദൃശ്യം ഉള്‍പ്പടെയു പകര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഈ ചിത്രങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വരികയും ചെയ്തു. 2020-ല്‍ വെനെസ്വലയിലാണ് സംഭവം. ഐ റോബോട്ടിന്റെ റൂംബാ ജെ7 വാക്വം ക്ലീനര്‍ റോബോട്ടിലാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയുണ്ടായത്. എം.ഐ.ടി. ടെക്ക് റിവ്യൂ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എ.ഐ സേവനങ്ങൾ നൽകുന്ന കമ്പനിയിൽ നിന്നാണ് ചിത്രം ചോർന്നത്. ഇത്തരം ഉപകരണങ്ങൾ വീടിനുള്ളിൽ ഉൾപ്പെടുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വീടിനുള്ളില്‍ പലയിടങ്ങളില്‍ നിന്നായി വാക്വം ക്ലീനര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സ്‌കേല്‍ എ.ഐ. എന്ന സ്റ്റാര്‍ട്ട്അപ്പിലെ ജീവനക്കാര്‍ വഴിയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. എ.ഐ ഉപകരണങ്ങളെ പരിശീലിപ്പിക്കുന്നതിന് വീഡിയോകളും ചിത്രങ്ങളും ശബ്ദങ്ങളുമെല്ലാം ലേബല്‍ ചെയ്യുന്ന കരാര്‍ അടിസ്ഥാനത്തിലുള്ള സേവനം നല്‍കുന്ന സ്റ്റാര്‍ട്ട്അപ്പ് ആണ് സ്‌കേല്‍ എ.ഐ..

ലോകത്തെ ഏറ്റവും വലിയ റോബോട്ടിക് വാക്വം ക്ലീനര്‍ നിര്‍മാതാക്കളാണ് ഐറോബോട്ട്. 1700 കോടി ഡോളറിന് ആമസോണ്‍ ഏറ്റെടുക്കാനൊരുങ്ങുന്ന കമ്പനിയാണിത്. 2020-ല്‍ നിര്‍മാണഘട്ടത്തിലിരുന്ന ഈ വാക്വം ക്ലീനര്‍ ഉപയോഗിച്ച് നോക്കുന്നതിന് യുവതിയുടെ വീട്ടില്‍ എത്തിച്ചത്. ചിത്രങ്ങള്‍ റൂംബാ വാക്വം ക്ലീനര്‍ പകര്‍ത്തിയതാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ എടുക്കുന്നതടക്കം വാക്വം ക്ലീനര്‍ ശേഖരിക്കുന്ന ഡാറ്റ എങ്ങനെയെല്ലാമാണ് ഉപയോഗിക്കുക എന്ന് ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്ന് കമ്പനി പറയുന്നു.

വാക്വം ക്ലീനര്‍ ശേഖരിക്കുന്ന ഡാറ്റ ലേബല്‍ ചെയ്യാന്‍ കരാറെടുത്ത സ്‌കെയില്‍ എ.ഐ. വഴി ചിത്രങ്ങള്‍ ചോരുകയും സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു. ഇതോടെ ഐറോബോട്ട് സ്‌കേല്‍ എ.ഐയുമായുള്ള സഹകരണം അവസാനിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സാധാരണ ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റ അതിസുരക്ഷിതമായ ക്ലൗഡ് സേവനങ്ങളില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ശേഖരിക്കാറുള്ളത്. ഇവിടെ അതുണ്ടായില്ല. എന്തായാലും സംഭവം ഇത്തരം ഉപകരണങ്ങളിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിക്കുന്നതിന് ഇടയാക്കിയിരിക്കുകയാണ്.

റോബോട്ടിക് വാക്വം ക്ലീനർ വഴി ചോർന്നത് ഈയൊരു ചിത്രം മാത്രമല്ലെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറുന്നു. ലോകമെമ്പാടുമുള്ള വീടുകളിൽ നിന്നുള്ള മുറികൾ, ഫർണിച്ചറുകൾ, ചുവരുകളിലും മേൽക്കൂരകളിലും സ്ഥിതി ചെയ്യുന്ന വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്. പുതിയ വിവാദത്തെ തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ചൂടേറിയ ചർച്ചാവിഷയമായി മാറുകയാണ്. ആമസോൺ അലക്സ പോലുള്ള ഉപകരണങ്ങൾ സ്വകാര്യ ഇടങ്ങളിൽ വയ്ക്കരുതെന്നും വിദഗ്ധർ പറയുന്നു. ഇവ ഉപകരണങ്ങളും സൂക്ഷിച്ച് ഉപയോഗിച്ചി​െല്ലങ്കിൽ സ്വകാര്യത ലംഘിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

പ്രത്യേക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്നതിനോ നിരോധിക്കുന്നതിനോ ഒരു പുതിയ പ്രോട്ടോകോൾ കൊണ്ടുവരുമെന്ന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ഒരു മാർഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയും.

Tags:    
News Summary - Robot Vacuum Cleaner Took Pic Of Woman On Toilet That Ended Up On Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.