ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായി രഹസ്യ ബന്ധം; വിവാദമൊഴിയാതെ മസ്ക്

ഗൂഗിൾ സഹസ്ഥാപകനും ലോകകോടീശ്വരനുമായ സർഗേ ബ്രിന്നിന്റെ ഭാര്യ നിക്കോൾ ഷാനഹാനുമായി രഹസ്യ ബന്ധമുണ്ടെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി ടെസ്‍ല തലവൻ ഇലോൺ മസ്ക്. റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ മസ്കുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദം ഗൂഗിൾ സഹസ്ഥാപകൻ അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

"ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. ഞാനും സർഗേയും അടുത്ത സുഹൃത്തുക്കളാണ്, ഇന്നലെ രാത്രി വരെ ഒരുമിച്ച് ഒരു പാർട്ടിയിൽ പ​ങ്കെടുത്തിരുന്നു..! മൂന്ന് വർഷത്തിനിടെ ഞാൻ നിക്കോളിനെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളൂ, ഇരുതവണയും നിരവധി ആളുകൾക്കിടയിലായിരുന്നു കൂടിക്കാഴ്ച. അതിൽ റൊമാന്റിക്കായി ഒന്നുംതന്നെയില്ല," -വാൾസ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ടിന് മറുപടിയായി മസ്ക് ട്വീറ്റ് ചെയ്തു.

മസ്കിന് ഷാനഹാനുമായി ബന്ധമുണ്ടെന്ന് തന്നെയാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിൽ പറയുന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത് വരെ സർഗേ ബ്രിന്നും മസ്കും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രഹസ്യബന്ധത്തെ കുറിച്ച് അറിവ് ലഭിച്ചതോടെ മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിൻവലിക്കുമെന്ന് ബ്രിൻ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, 2021 ഡിസംബർ 15 മുതൽ താനും ഷാനഹാനും വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ബ്രിൻ വെളിപ്പെടുത്തിയിട്ടുണ്ട്. പൊരുത്തപ്പെടാൻ പറ്റാത്ത അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയിൽ ഗൂഗിൾ തലവൻ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ മയാമിയിൽ വെച്ച് നടന്ന ഒരു ആർട്ട് ഫെസ്റ്റിവലിൽ വെച്ചാണ് മസ്കും ഷാനഹാനും തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ വർഷം ഒരു പാർട്ടിയിൽ വെച്ച് മസ്ക് ബ്രിന്നിന് മുന്നിൽ മുട്ടുകുത്തി നിന്ന് തന്റെ ഭാഗത്തു നിന്നുണ്ടായ പിഴവിന് മാപ്പപേക്ഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രതിസന്ധിയിൽ ഉൽപ്പാദനം നിലച്ച കാലഘട്ടത്തിൽ മസ്ക് ടെസ്‌ല കാർ വിറ്റ ചുരുക്കം ചില ആളുകളിൽ ബ്രിന്നും ഉൾപ്പെടുന്നുണ്ട്. യുഎസ് സബ്‌പ്രൈം മോർട്ട്‌ഗേജ് പ്രതിസന്ധി സൃഷ്ടിച്ച ആഗോള മാന്ദ്യത്തിൽ ടെസ്‌ലയെ പിടിച്ചുനിർത്താൻ 2008-ൽ ഗൂഗിൾ സഹസ്ഥാപകൻ മസ്കിന് 500,000 ഡോളർ നൽകിയിരുന്നു.

കനേഡിയൻ ഗായികയായ ഗ്രിംസുമായുള്ള വേർപിരിയലിന് മാസങ്ങൾക്ക് ശേഷമാണ് ഷാനഹാനുമായുള്ള മസ്കിന്റെ ബന്ധം തുടങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. അതേസമയം, മസ്കിന്റെ കമ്പനിയായ ന്യൂറാലിങ്കിന്റെ ചുമതലയുള്ള ഷിവോൺ സിലിസിൽ മസ്കിന് രണ്ട് കുട്ടികളുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പുറത്തുവന്നത്. 

Tags:    
News Summary - Secret affair with Google co-founder's wife; Musk again trapped in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.