ജിദ്ദ: മദീനയിലെ മസ്ജിദുന്നബവിയിൽ സുഗന്ധം പൂശാൻ സ്മാർട്ട് റോബോട്ടും. മസ്ജിദുന്നബവി കാര്യാലയമാണ് പള്ളിയുടെ വിവിധ ഭാഗങ്ങളിൽ സുഗന്ധം പരത്താൻ സ്മാർട്ട് റോബോട്ടുകൾ ഒരുക്കിയിരിക്കുന്നത്. പെർഫ്യും റോബോട്ടിന്റെ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു. ഒരു തവണ മാത്രം പ്രോഗ്രാം ചെയ്താൽ പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനത്തോടുകൂടിയതാണ് പെർഫ്യും റോബോട്ടെന്ന് സേവന, ഫീൽഡ് കാര്യ അസി. അണ്ടർ സെക്രട്ടറി എൻജി. ഫൗസി ബിൻ അബ്ദുൽ ഹാദി പറഞ്ഞു.
റോബോട്ടിന് സ്ഥലം തിരിച്ചറിയാൻ സാധിക്കും. സ്ഥിരമായ റൂട്ട് മാപ്പ് ഉപകരണത്തിൽ ഒരുക്കിയിട്ടുണ്ട്. അണുവിമുക്തമാക്കേണ്ട സമയവും സ്ഥലവും മനസ്സിലാക്കിയാണ് പ്രവർത്തിക്കുന്നത്. ഒരു യൂനിറ്റിനെ അങ്ങോട്ട് അയച്ച് അവിടെയെത്തി ആവശ്യാനുസരണം ജോലി നിർവഹിക്കുന്നു. പിന്നീട് നിർണയിച്ച നിശ്ചിത പോയൻറിലേക്ക് അത് മടങ്ങുന്നു. ഉപകരണത്തിന്റെ മുകൾഭാഗത്തിലൂടെ സ്പ്രേ ചെയ്താണ് സുഗന്ധം പൂശുകയും അണുമുക്തമാക്കുകയും ചെയ്യുന്നത്. ഇതിനായി നാലു പാളികളുണ്ട്. അതിലൂടെ സ്പ്രേയുടെ തീവ്രത നിയന്ത്രിക്കപ്പെടുന്നു.
ഉപകരണത്തിന്റെ നാലു മൂലകളിലുള്ള യു.വി ലൈറ്റുകൾ വഴി രോഗാണുക്കളെയും ബാക്ടീരിയകളെയും 90 ശതമാനം വരെ കൊല്ലാനും ഇത് ഫലപ്രദമാണ്. റോബോട്ടിന്റെ ചാർജിങ് സമയം നാലു മണിക്കൂറാണ്. ഉപയോഗത്തെ ആശ്രയിച്ച് 12 മുതൽ 24 വരെ മണിക്കൂർ പ്രവർത്തിപ്പിക്കാനാകും. സുരക്ഷ ഉറപ്പാക്കാൻ ഉയർന്ന തലത്തിലുള്ള സാങ്കേതികവിദ്യകളും കാമറകളും ഉപയോഗിച്ചാണ് ഉപകരണം പ്രവർത്തിക്കുന്നതെന്നും അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.