സ്വന്തമായി ഒരു വിഡിയോ ചെയ്യാനുള്ള സ്ക്രിപ്റ്റ് നിങ്ങളുടെ കൈവശമുണ്ടോ? ഇനിയങ്ങോട്ട് അതുമാത്രം മതി. സ്ക്രിപ്റ്റ് വെച്ച് വിഡിയോ ഷൂട്ടും അതുകഴിഞ്ഞ് എഡിറ്റിങ്ങും പിന്നെ ശബ്ദമിശ്രണവുമൊന്നും വേണ്ട. എല്ലാം ചെയ്യാൻ ഇനി വേറെ ആളുണ്ട്. ‘സോറ’യെന്നാണ് പേര്. നിർമിത ബുദ്ധിയുടെ പുതിയൊരു ഉൽപന്നം. നിർമാതാക്കൾ ചാറ്റ് ജി.പി.ടി എന്ന ചാറ്റ് ബോട്ടിലൂടെ ലോകത്തെ ഞെട്ടിച്ച ഓപ്പൺ എ.ഐ.
ഓപ്പൺ എ.ഐയുടെ വിഡിയോ ജനറേറ്റിങ് മോഡൽ ആണ് ‘സോറ’. ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സ്ക്രിപ്റ്റ് നൽകിയാൽ ‘സോറ’ തൊട്ടടുത്ത നിമിഷം അത് മികച്ചൊരു വിഡിയോ ആക്കി മാറ്റും. വെള്ളിയാഴ്ച ഇതിന്റെ മോഡൽ ഓപ്പൺ എ.ഐ അവതരിപ്പിച്ചു. വിഡിയോയുടെ ഒരു ചെറുമാതൃക കമ്പനി ‘എക്സി’ൽ നൽകിയിട്ടുണ്ട്. എന്നാൽ, പൊതുജനങ്ങൾക്ക് ഇത് ലഭ്യമാക്കിയിട്ടില്ല. ഇത്തരത്തിൽ നിർമിക്കപ്പെടുന്ന വിഡിയോകൾ സൃഷ്ടിച്ചേക്കാവുന്ന സുരക്ഷസംബന്ധമായ പ്രശ്നങ്ങളിൽ നിയമോപദേശം കൂടി ലഭിച്ചശേഷമേ ‘സോറ’യുടെ ഫൈനൽ വേർഷൻ പുറത്തുവരുകയുള്ളൂ.
അതോടൊപ്പം, ചലച്ചിത്രമേഖലയിലും മറ്റുമുള്ള വിദഗ്ധരുമായും ഓപ്പൺ എ.ഐ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ട്. ചാറ്റ് ജി.പി.ടിപോലെ ജനകീയമായൊരു മോഡൽ എന്ന നിലയിലായിരിക്കില്ല ‘സോറ’ വിപണിയിൽ അവതരിപ്പിക്കപ്പെടുക എന്നും റിപ്പോർട്ടുകളുണ്ട്. ചലച്ചിത്ര-ഡോക്യുമെന്ററി നിർമാണ മേഖലയിൽ സഹായകമാകുന്ന സാങ്കേതിക വിദ്യ എന്നനിലയിലായിരിക്കും ഒരുപക്ഷേ ഇത് പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ, വിഡിയോ പ്രൊഡക്ഷൻ മേഖലയെ ‘സോറ’ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇതുവരെയും അസാധ്യമായിരുന്ന വിഡിയോ ശകലങ്ങൾ പുറത്തിറക്കാൻ ‘സോറ’ക്ക് കഴിയുമെന്നത് ഇതിന്റെ സാധ്യതയിലേക്കും വിരൽചൂണ്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.