അൽപ്പകാലമോ, ഒരുപാട് കാലമോ നിങ്ങൾ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഫോൺ നമ്പറിന് പിന്നീട് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ....? പൊതുവേ ടെലികോം സേവനദാതാക്കൾ അത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന നമ്പറുകൾ റീസൈക്കിൾ ചെയ്ത് പുതിയ യൂസർക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് ഫോൺ നമ്പറുകൾ ഉപയോഗ ശൂന്യമായി കിടക്കുന്നതിലേക്ക് നയിക്കുന്നതിനാലാണ് കമ്പനികൾ അങ്ങനെ ചെയ്യുന്നത്. എന്നാൽ മുമ്പ് നമ്പറുകൾ സ്വന്തമാക്കിയിരുന്ന ഉപയോക്താക്കൾക്ക് ഈ പ്രക്രിയ സുരക്ഷിതമല്ല. നിങ്ങളുടെ പഴയ നമ്പർ ഒരു പുതിയ യൂസർക്ക് ലഭിക്കുേമ്പാൾ അതിനൊപ്പമുള്ള ഡാറ്റയും അയാളിലേക്ക് എത്തുകും അയാൾക്ക് പ്രാപ്യമാവുകയും ചെയ്യും.
അമേരിക്ക ആസ്ഥാനമായുള്ള പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച്, നമ്പറുകൾ പുനരുപയോഗം ചെയ്യുന്നതിലൂടെ ഉപയോക്താക്കളെ സുരക്ഷയും സ്വകാര്യതയും അപകടത്തിലാക്കാം. റീസൈക്കിൾ ചെയ്ത നമ്പറുകൾ പുതിയ ഉപയോക്താക്കളെ പഴയ ഉപയോക്താക്കളുടെ വിവരങ്ങൾ ആക്സസ് ചെയ്യാൻ അനുവദിക്കുന്നു. നമ്പർ മാറ്റുമ്പോൾ, പലരും എല്ലാ ഡിജിറ്റൽ അക്കൗണ്ടുകളിലും പുതിയ നമ്പർ ഉടനടി അപ്ഡേറ്റ് ചെയ്യാൻ മറക്കാറാണ് പതിവ്. ഉദാഹരണത്തിന്, ഫ്ലിപ്കാർട്ടും ആമസോണും പോലുള്ള ഇ-കൊമേഴ്‌സ് അപ്ലിക്കേഷനുകളിലൊന്നിൽ നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പഴയ നമ്പർ ഉപയോഗിക്കുന്നുണ്ടാകാം.
പുതിയ നമ്പറെടുത്ത ഒരു മാധ്യമപ്രവർത്തകന് രക്തപരിശോധനാ ഫലങ്ങളും സ്പാ അപ്പോയിൻറ്മെൻറ് റിസർവേഷനുകളും അടങ്ങിയ ആയിരക്കണക്കിന് ടെക്സ്റ്റ് മെസ്സേജുകളാണ് വന്നടിഞ്ഞതെന്ന് പ്രിൻസ്റ്റൺ സർവ്വകലാശാലയുടെ റിപ്പോർട്ടിൽ പറയുന്നു. തങ്ങൾ അത്തരത്തിൽ 200 ഒാളം പുനരുപയോഗിക്കപ്പെട്ട നമ്പറുകൾ നിരീക്ഷിച്ചെന്നും അവയിൽ 19 ഒാളം നമ്പറുകളിൽ ഇപ്പോഴും സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്ന കോളുകളും സന്ദേശങ്ങളും വരുന്നതായി കണ്ടെത്തിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നമ്പർ റീസൈക്ലിങ് കാരണമുണ്ടായേക്കാവുന്ന ചില പ്രശ്നങ്ങളും ഗവേഷകർ വിശദീകരിച്ചു.
പ്രധാനമായും പഴയ ഉടമയെ കാത്തിരിക്കുന്നത് ഹാക്കിങ്ങാണ്. എസ്.എം.എസ് ഉപയോഗിച്ചുള്ള പാസ്വേഡ് മാറ്റൽ രീതി പിന്തുടരുന്നവരാണെങ്കിൽ അവരുടെ പാസ്വേഡുകൾ കണ്ടെത്തി വിവിധ ഡിജിറ്റൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ യൂസർമാർക്ക് കഴിഞ്ഞേക്കും. ഫിഷിങ് അറ്റാക്കുകളാണ് മറ്റൊന്ന്. പുതിയ ആൾക്ക് ആ നമ്പർ കിട്ടുന്നതോടെ അവർക്ക് പഴയ യൂസറെ എസ്.എം.എസുകൾ ഉപയോഗിച്ച് ശല്യപ്പെടുത്താൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നമ്പർ ഉപയോഗിച്ച് പല അലേർട്ടുകൾ, ന്യൂസ് ലെറ്ററുകൾ, ക്യാംപെയിനുകൾ, റോബോ കോളുകൾ തുടങ്ങിയവയിൽ പുതിയ യൂസർ സബ്സ്ക്രൈബ് ചെയ്താൽ അതിനുള്ള പണി കിട്ടുക പഴയ യൂസർമാർക്കായിരിക്കും.
ഗവേഷകർ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാക്കളെ റിപ്പോർട്ടുമായി ഗവേഷകർ സമീപിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ അവർ സ്വീകരിച്ചില്ലെന്നും പ്രിൻസ്റ്റൺ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.