അന്താരാഷ്ട്രതലത്തിലുള്ള ആവശ്യങ്ങൾക്കായുള്ള സെമികണ്ടക്ടർ ചിപ്പുകൾക്കായി അമേരിക്കൻ ഇവി നിർമാതാക്കളായ ടെസ്‍ല ടാറ്റ ഇലക്ട്രോണിക്‌സുമായി സ്ട്രാറ്റജിക് കരാർ ഒപ്പിട്ടതായി റിപ്പോർട്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വളരെ നിശബ്ദമായി സംഭവിച്ച കരാർ, പ്രാദേശിക വരുമാനം ഉണ്ടാക്കുന്നതിനുമപ്പുറം ഇന്ത്യയിൽ ഒരു വിതരണ ശൃംഖല സ്ഥാപിക്കാനുള്ള ടെസ്‌ലയുടെ താൽപ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ടെസ്‌ല ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അർദ്ധചാലക ചിപ്പുകളുടെ നിര്‍മ്മാണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ ഇലക്ട്രോണിക്സ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ടെസ്‍ല പോലൊരു കമ്പനിയുമായുള്ള കരാറിലൂടെ ആഗോള ബ്രാന്‍ഡുകളെ ആകർഷിക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞേക്കും.
ടെസ്‍ല തലവൻ ഇലോൺ മസ്ക് ഈ മാസം 22ന് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ടാറ്റയുമായുള്ള കരാറെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെത്തുന്ന ശതകോടീശ്വരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ വാഹന നയമാണ് ടെസ്‍ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് വേഗത കൂട്ടുന്നത്. കേന്ദ്രം കഴിഞ്ഞ ദിവസമായിരുന്നു പുതിയ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചത്. വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 85 ശതമാനത്തോളം കുറച്ചുകൊണ്ടുള്ള നയമായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചത്. രാജ്യത്തെ ഇലക്ട്രോണിക് വാഹന മേഖലയിൽ ആഗോള നിർമാതാക്കളുടെ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ, ഇന്ത്യയില്‍ നാലായിരം കോടി രൂപയിലധികം നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.