ഒടിടി പ്ലാറ്റ്ഫോമുകളും കൂടെ ആൻഡ്രോയ്ഡ് ടിവികളും ഇന്ത്യയിലെ വീടകങ്ങളിൽ സജീവമാകാൻ തുടങ്ങിയത് ലോക്ഡൗൺ കാലത്തായിരുന്നു. സൂപ്പർസ്റ്റാർ ചിത്രങ്ങളടക്കം നേരിട്ട് ഒടിടി റിലീസായെത്താൻ തുടങ്ങിയതോടെ ആളുകൾ വിനോദ മേഖലയിലെ ഡിജിറ്റൽ വിപ്ലവത്തിൽ മടികൂടാതെ പങ്കാളികളാകാൻ തുടങ്ങുകയായിരുന്നു. ലോക്ഡൗൺ കാലത്ത് ലാപ്ടോപ്പുകളെ പോലെ ആളുകൾ ഓടിനടന്ന് വാങ്ങിയ ഒരു ഇലക്ട്രോണിക് ഉത്പന്നം എൽ.ഇ.ഡി സ്മാർട്ട് ടിവികളാണ്.
എന്നാൽ, ഇന്ത്യയിൽ ഏപ്രിൽ മാസം മുതൽ എൽ.ഇ.ഡി ടെലിവിഷനുകൾക്ക് വില ഗണ്യമായി കൂടാൻ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ആഗോള വിപണികളിൽ 'ഓപ്പൺ സെൽ പാനലുകളുടെ' വില കഴിഞ്ഞ ഒരു മാസത്തിനിടെ 35% വരെ ഉയർന്നതിനാലാണിത്. പാനസോണിക്, ഹെയർ, തോംസൺ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ ഈ വർഷം ഏപ്രിൽ മുതൽ വില വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എൽ.ജി പോലുള്ള ചില കമ്പനികൾ ഇതിനകം തന്നെ വില ഉയർത്തിയിട്ടുണ്ട്. ടിവി നിർമ്മാണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഓപ്പൺ സെൽ പാനൽ, ഇത് യൂണിറ്റിന്റെ 60 ശതമാനവും ഉൾക്കൊള്ളുന്നു.
'പാനൽ വില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ടിവികളുടെ വിലയും കൂടിയേക്കും. ഏപ്രിൽ മാസത്തോടെ ടിവി വില ഇനിയും വർധിക്കാൻ സാധ്യതയുണ്ട്'. -പാനസോണിക് ഇന്ത്യ - ദക്ഷിണേഷ്യ പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവുമായ മനീഷ് ശർമ പറഞ്ഞു. അഞ്ച് മുതൽ ഏഴ് ശതമാനം വരെ വർധിച്ചേക്കുമെന്നാണ് അദ്ദേഹം സൂചന നൽകുന്നത്.
വില കൂട്ടുകയല്ലാതെ വേറെ നിവർത്തിയില്ലെന്ന് ഹെയർ അപ്ലയൻസസ് ഇന്ത്യ പ്രസി. എറിക് ബ്രഗാൻസ പറഞ്ഞു. 'ഓപൺ സെല്ലുകളുടെ വില വർധിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴത്തെ ട്രെൻഡ് പ്രകാരം അത് ഇനിയും കൂടാനേ സാധ്യതയുള്ളൂ. അത് സംഭവിക്കുകയാണെങ്കിൽ, ഞങ്ങൾക്കും തുടർച്ചയായി വില കൂേട്ടണ്ടിവരും' -അദ്ദേഹം വ്യക്തമാക്കി.
വിപണിയിൽ ഓപ്പൺ സെല്ലുകളുടെ ദൗർലഭ്യം ഉണ്ടെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ വില മൂന്നിരട്ടിയായി വർധിച്ചതായും ഫ്രഞ്ച് ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസണിന്‍റെയും യുഎസ് ആസ്ഥാനമായുള്ള കൊഡാക്കിന്‍റെയും ബ്രാൻഡ് ലൈസൻസിയായ സൂപ്പർ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.