ഇന്‍റർനെറ്റില്ലാതെയുള്ള ജീവിതം ബുദ്ധിമുട്ടാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. വീട്ടുപകരണങ്ങൾ അടക്കം സ്മാർട്ടായി മാറിയതോടെ ഇന്‍റർനെറ്റ് സേവനം അൽപ്പമൊന്ന് മുടങ്ങിയാൽ ദൈനംദിന പ്രവർത്തനങ്ങൾ പോലും നിലയ്ക്കുന്ന അവസ്ഥയായി പലർക്കും. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ, വ്യാവസായിക മേഖലയിലും വീടുകളിലും നിരവധി ഉപകരണങ്ങൾ സ്ഥിരമായി ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്യേണ്ടതുണ്ട്. അത് മുന്നിൽ കണ്ടുകൊണ്ട് പുതിയ വൈ-ഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.
വൈ-ഫൈ ഹാലോ (Wi-Fi HaLow) എന്ന പുതിയ ടെക്നോളജി, നിലവിലുള്ള വൈ-ഫൈ സംവിധാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ഒരു കിലോമീറ്റർ ചുറ്റളവിൽ വരെ ഇതിന്‍റെ റേഞ്ച് ലഭിക്കും. കൂടാതെ, വളരെ കുറച്ച് വൈദ്യുതിയും മതിയാകും.
വൈ-ഫൈ കേന്ദ്രീകരിച്ചുള്ള കമ്പനികളുടെ ലോകമെമ്പാടുമുള്ള ഓർഗനൈസേഷനായ 'വൈ-ഫൈ അലയൻസ്' പുതിയ സാങ്കേതികവിദ്യയെ അടുത്തിടെ അംഗീകരിച്ചിരുന്നു. കൂടാതെ, നിലവിലെ വൈ-ഫൈ പ്രോട്ടോക്കോളുകൾക്കും വൈ-ഫൈയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുമായും ചേർന്നുപോകുന്നതാണ് പുതിയ സാങ്കേതിക വിദ്യ. അതിനാൽ, നിലവിലെ വൈഫൈ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് പോലും പുതിയ സാങ്കേതികവിദ്യ വലിയ സ്കെയിലിൽ വിന്യസിക്കാൻ കഴിയും.
മാർക്കറ്റിൽ സ്മാർട്ട് വീട്ടുപകരണങ്ങൾ അടങ്ങുന്ന ഐ.ഒ.ടി (ഇന്‍റർനെറ്റ് ഓഫ് തിങ്സ്) ഡിവൈസുകൾക്ക് ഡിമാേന്ററിയതോടെയാണ് ഗവേഷകർ കൂടുതൽ ദൂരം കവർ ചെയ്യുന്ന വൈ-ഫൈ ഹാലോ സേവനവുമായി എത്തുന്നത്. ആക്‌സസ് പോയിന്‍റിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണെങ്കിലും ഒരു വൈഫൈ ഉപകരണത്തെ പ്രവർത്തനക്ഷമമാക്കാൻ 'ഹാലോ' സാങ്കേതികവിദ്യക്ക് സാധിക്കും.
വൈ-ഫൈ ഹാലോയുടെ പ്രവർത്തനം നിലവിലുള്ള വൈ-ഫൈ നെറ്റ്‌വർക്കുകൾക്ക് സമാനമാണ്, എന്നാൽ ചില വ്യത്യാസങ്ങളുണ്ട്. ഓഫീസുകളിലും വീടുകളിലും ഉപയോഗിക്കുന്ന പരമ്പരാഗത വൈഫൈ നെറ്റ്‌വർക്കുകൾ സാധാരണയായി പ്രവർത്തിക്കാൻ ആശ്രയിക്കുന്നത് 2.4GHz മുതൽ 5GHz വരെയുള്ള റേഡിയോ ഫ്രീക്വൻസിയെയാണ്. അതിനാൽ, ഈ നെറ്റ്‌വർക്കുകൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന അളവിലുള്ള ഡാറ്റ നൽകാൻ കഴിയും. എന്നാൽ, കൂടിയ ബാൻഡ്‌വിഡ്ത്തും കൂടുതൽ വൈദ്യുതി ഉപഭോഗവുമാണ് അതിന്‍റെ പോരായ്മ.
അതേസമയം, വൈ-ഫൈ ഹാലോ, 1GHz റേഡിയോ ഫ്രീക്വൻസിയിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇത് നിലവിലെ Wi-Fi നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ കുറവാണ്. കൂടാതെ, കുറഞ്ഞ വൈദ്യുതി മാത്രമേ അതിന് ആവശ്യമുള്ളൂ എന്നതും ഗുണമാണ്. 1GHz റേഡിയോ ഫ്രീക്വൻസി ദൈർഘ്യമേറിയ തരംഗദൈർഘ്യം പ്രാപ്തമാക്കുന്നതിനാൽ, ഒരൊറ്റ Wi-Fi HaLow ആക്‌സസ് പോയിന്‍റിന് കണക്റ്റുചെയ്‌ത ഉപകരണങ്ങൾക്ക് ഒരു കിലോമീറ്റർ റേഞ്ച് നൽകാനാകും.
എന്നാൽ, കുറഞ്ഞ റേഡിയോ ഫ്രീക്വൻസിക്ക് ഒരു പോരായ്മയുണ്ട്. ഉയർന്ന ഫ്രീക്വൻസി ബാൻഡ്‌വിഡ്ത്ത് ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലവിലെ വൈ-ഫൈ നെറ്റ്‌വർക്കുകളുടെ അത്രയും ഡാറ്റ വൈ-ഫൈ ഹാലോയ്ക്ക് കൈമാറാൻ കഴിയില്ല എന്നതാണത്. എന്നാൽ, കുറഞ്ഞ ഡാറ്റ മാത്രം ആവശ്യമുള്ള സ്മാർട്ട് ഉപകരണങ്ങളെ ലക്ഷ്യമിട്ടുള്ളതായതിനാൽ അതൊരു വെല്ലുവിളിയാകാൻ തരമില്ല. എല്ലാ ഉപകരണങ്ങളും സ്മാർട്ട് ആയി മാറുന്ന കാലത്ത് വൈ-ഫൈ ഹാലോ ഏറെ ഉപകാരപ്രദമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.