അമേരിക്ക ആസഥാനമായ പ്രശസ്തരായ റോബോട്ട് നിർമാതാക്കളാണ് വിചിത്രമായ ഓഫറുമായി രംഗത്തുവന്നിരിക്കുന്നത്. നിങ്ങളുടെ മുഖത്തിന്‍റെ ആജീവനാന്ത റൈറ്റ്സ് അവർക്ക് നൽകുകയാണെങ്കിൽ രണ്ട് ലക്ഷം ഡോളറാണ് (1.5 കോടി രൂപയോളം) വാഗ്ദാനം ചെയ്യുന്നത്.
പ്രോമോബോട്ട് എന്ന റോബോട്ടിക്സ് കമ്പനി അവരുടെ ഹ്യുമനോയ്ഡ് റോബോട്ട് അസിസ്റ്റന്‍റിന് വേണ്ടിയാണ് ഒരു 'മുഖത്തെ' തേടുന്നത്. ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെയാണ് കമ്പനി നിർമിക്കുന്നത്. ദിവസേന ആയിരക്കണക്കിന് ആളുകളുമായി ഇടപഴകുന്നതും അവരെ സഹായിക്കുന്നതുമായ റോബോട്ടുകളെ 2023ന് മാളുകളിലും ഹോട്ടലുകളിലും വിന്യസിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
അതേസമയം, 'ദയാശീലനും സൽഗുണനു'മെന്ന് തോന്നിക്കുന്ന മുഖമാണ് തങ്ങൾക്ക് വേണ്ടതെന്ന് പ്രോമോബോട്ട് അറിയിച്ചിട്ടുണ്ട്. കൂടാതെ ആജീവനാന്തകാലത്തേക്ക് ആ മുഖത്തിന്‍റെ അവകാശം കമ്പനിക്കായിരിക്കും. ഏത് പ്രായത്തിലുമുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും അതിനായി അപേക്ഷയയക്കാം. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയുന്ന ആളുകളിൽ നിന്ന് മറുപടിക്കായി കാത്തിരിക്കുകയാണ് പ്രോമോബോട്ട്.
പ്രോമോബോട്ട് ഹ്യുമനോയ്ഡ് റോബോട്ടുകൾക്ക് പേരുകേട്ട കമ്പനിയാണ്. അഡ്‌മിനിസ്‌ട്രേറ്റർമാർ, പ്രൊമോട്ടർമാർ, കൺസൾട്ടന്റുകൾ, ഗൈഡുകൾ, സഹായികൾ തുടങ്ങി നിരവധി റോളുകളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ റോബോട്ടുകൾ ഇതിനകം 43 രാജ്യങ്ങളിൽ പല മേഖലകളിലായി ഉപയോഗിക്കുന്നുണ്ട്.
യഥാർഥ മനുഷ്യരുടെ മുഖം തേടുന്ന പുതിയ റോബോട്ടിനെ വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും റീട്ടെയിൽ സ്റ്റോറുകളിലുമായിരിക്കും ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.