ഇൻസ്റ്റഗ്രാമിന് കീഴിൽ മെറ്റ അവതരിപ്പിച്ച മൈക്രോബ്ലോഗിങ് സൈറ്റായിരുന്നു ‘ത്രെഡ്സ്’. ട്വിറ്ററിന്റെ എതിരാളിയായി എത്തിയ ത്രെഡ്സ് ആദ്യ ആഴ്ചയിൽ തന്നെ 100 ദശലക്ഷം യൂസർമാരെ സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചിരുന്നു. അതോടെ, അത്രയും യൂസർമാരെ ഏറ്റവും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നേടുന്ന ആദ്യ സോഷ്യൽ മീഡിയയായും ത്രെഡ്സ് മാറി. ഇക്കാരണത്താൽ മാർക് സക്കർബർഗിന്റെ പുതിയ പ്ലാറ്റ് ഫോം ട്വിറ്ററിന് വലിയ ഭീഷണി സൃഷ്ടിക്കുമെന്നും എല്ലാവരും വിധിയെഴുതി.
എന്നാൽ, ത്രെഡ്സ് നിലവിൽ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ആൻഡ്രോയ്ഡിലെ പ്രതിദിന സജീവ ഉപയോക്താക്കളിൽ 79 ശതമാനത്തെയും ത്രെഡ്സ് ആപ്പിന് നഷ്ടപ്പെട്ടു. അനലിറ്റിക്‌സ് സ്ഥാപനമായ സിമിലർ വെബിന്റെ (Similarweb) കണക്കുകൾ പ്രകാരം ജൂലൈ ഏഴിന് ത്രെഡ്‌സിന്റെ ആൻഡ്രോയിഡ് പതിപ്പിന് ലോകമെമ്പാടുമായി 49.3 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളുണ്ടായിരുന്നു. എന്നാൽ, ഓഗസ്റ്റ് ഏഴ് ആയപ്പോഴേക്കും, അത് പ്രതിദിനം 10.3 ദശലക്ഷം സജീവ ഉപയോക്താക്കളായി കുറഞ്ഞു.
ജൂലൈ ഏഴിലെ കണക്കുകൾ അനുസരിച്ച്, ത്രെഡ്സിലെ ലോകമെമ്പാടുമുള്ള സജീവ ഉപയോക്താക്കൾ ആപ്പിൽ ദിവസവും ചെലവഴിക്കുന്ന ശരാശരി സമയം ഏകദേശം 14 മിനിറ്റായിരുന്നു. യു.എസിൽ അത് 21 മിനിറ്റുമായിരുന്നു. എന്നാൽ, ആഗസ്ത് 7 ആയപ്പോഴേക്കും അത് വെറും മൂന്ന് മിനിറ്റായിട്ടാണ് കുറഞ്ഞത്.
അതെ, ഒരു ഭാഗത്ത് നിന്ന് ത്രെഡ്സ് തളരുമ്പോൾ ഇലോൺ മസ്ക് കോടികളെറിഞ്ഞ് സ്വന്തമാക്കിയ ട്വിറ്റർ (ഇപ്പോൾ എക്സ്) സമീപകാലത്തായി കാര്യമായ വളർച്ചയാണ് നേടുന്നതെന്നും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗുമായുള്ള ഇലോൺ മസ്കിന്റെ ‘കേജ് ഫൈറ്റ് നാടകവും’ എക്‌സിന്റെ ഉപയോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. എക്സിന് ആൻഡ്രോയിഡിൽ മാത്രം പ്രതിദിനം 100 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്, അവർ സ്ഥിരമായി പ്രതിദിനം 25 മിനിറ്റ് മൈക്രോ ബ്ലോഗിങ് സൈറ്റിൽ ചെലവഴിക്കുന്നതായും ഡാറ്റ ചൂണ്ടിക്കാട്ടുന്നു.
കാലങ്ങളായി ട്വിറ്ററിലുള്ള ഉപയോക്താക്കൾ ‘എക്സ്’ എന്ന പുനർനാമകരണത്തിന് ശേഷവും പ്ലാറ്റ് ഫോമിലുള്ള തങ്ങളുടെ കമ്യൂണിറ്റിയെ വിട്ട് പോകാൻ തയ്യാറായിട്ടില്ല. അവരെ ആകർഷിക്കാൻ ത്രെഡ്സിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം യൂസർമാരായിരുന്നു തുടക്കത്തിൽ ത്രെഡ്സിൽ പ്രധാനമായും ചേക്കേറിയത്. ചിത്രങ്ങളും വിഡിയോകളും ലൈവും റീൽസും സ്റ്റോറീസും നിറഞ്ഞ ഇൻസ്റ്റഗ്രാമിലെ കളർഫുൾ അനുഭവത്തിൽ നിന്നും ത്രെഡ്സ് എന്ന ടെക്‌സ്‌റ്റ് അധിഷ്‌ഠിത സോഷ്യൽ ആപ്പിലേക്ക് എത്തിയ പലരും ദിവസങ്ങൾക്കകം തന്നെ ഇറങ്ങിയോടി. രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ തങ്ങളുടെ പാതിയോളം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി മാർക്ക് സക്കർബർഗ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.