കുന്ദമംഗലം: സ്വന്തമായി വെർച്വൽ ഡ്രൈവിങ് യൂനിറ്റ് നിർമിച്ച് എട്ടാം ക്ലാസുകാരൻ. മനസ്സിൽ താലോലിച്ച ആശയം പൂവണിഞ്ഞ സന്തോഷത്തിലാണ് കുന്ദമംഗലം ആനപ്പാറ എടവലത്ത്പടി സ്വദേശി ഹാമിദ് ഇഖ്ബാൽ. പരീക്ഷക്കാലത്തെ ഇടവേളകളിൽ ആയിരുന്നു എട്ടാം ക്ലാസുകാരന്റെ പരീക്ഷണം.
ഹാമിദ് ഇഖ്ബാലിന്റെ മനസ്സിൽ വെർച്വൽ ഡ്രൈവിങ് ആഗ്രഹമുദിച്ചിട്ട് കുറച്ചു കാലമായി. ഉപകരണങ്ങൾ ഓൺലൈനായി വാങ്ങാമെന്നായിരുന്നു വിചാരിച്ചത്. എന്നാൽ, അതിന് വലിയ തുക വേണമെന്നറിഞ്ഞപ്പോളാണ് സ്വന്തമായി നിർമിക്കാനുള്ള ശ്രമം ആരംഭിച്ചത്. കഴിഞ്ഞ വർഷം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്മാറാൻ തയാറല്ലായിരുന്നു ഈ എട്ടാം ക്ലാസുകാരൻ. ഇത്തവണ സ്കൂൾ പരീക്ഷക്കാലത്തെ ഇടവേളകളിൽ വീണ്ടും തയാറെടുത്തു. രണ്ടുദിവസം തുടർച്ചയായി രാവും പകലും ഇതിനായി പരിശ്രമിച്ചു. ഒടുവിൽ തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഹാമിദ് ഇഖ്ബാൽ.
റിപ്പയർ കടയിൽനിന്ന് സൗജന്യമായി ലഭിച്ച കമ്പ്യൂട്ടർ മൗസും വല്യുപ്പ കുഞ്ഞിമോയിട്ടി നൽകിയ പി.വി.സി പൈപ്പുകളും വയറുകളുമൊക്കെയായിരുന്നു വെർച്വൽ യൂനിറ്റ് നിർമാണത്തിന്റെ സാമഗ്രികൾ. സ്റ്റിയറിങ്, ആക്സിലറേറ്റർ, ബ്രേക്ക് എന്നിവ ഉപയോഗിച്ച് കമ്പ്യൂട്ടറിലെ വാഹനം ഓടിക്കുന്ന പ്രവർത്തനമാണ് ഹാമിദ് വികസിപ്പിച്ചെടുത്തത്.
ഒരുരൂപ പോലും ചെലവില്ലാതെയാണ് നിർമാണം പൂർത്തീകരിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ മറ്റ് ചില സാധനങ്ങൾ നിർമിച്ചും ഹാമിദ് ഇഖ്ബാൽ ശ്രദ്ധയാകർഷിച്ചിരുന്നു. മരം കൊണ്ട് നിർമിച്ച മണ്ണുമാന്തിയന്ത്രം, പുൽവെട്ട് യന്ത്രം, മിനി എയർഗൺ, പഞ്ചസാര മിഠായി നിർമാണ യൂനിറ്റ് തുടങ്ങിയവയാണ് ഈ മിടുക്കൻ ഉണ്ടാക്കിയ മറ്റ് വസ്തുക്കൾ.
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ ഹാമിദിന് മാതാപിതാക്കളുടെ പൂർണ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. വെർച്വൽ ഡ്രൈവിങ് യൂനിറ്റിന് ഗിയർ ഉണ്ടാക്കുക എന്നതാണ് തന്റെ അടുത്ത ശ്രമമെന്ന് ഹാമിദ് പറഞ്ഞു. അൻവർ സാദത്ത്- തൗഹീദ അൻവർ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഹാമിദ് ഇഖ്ബാൽ. സഹോദരങ്ങൾ: മുഹമ്മദ് റൻതീസ്, അൻഫാസ് അൻവർ, അൻഷിദ അൻവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.