ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് കൂടുതൽ ജനപ്രീതിയാർജിച്ച ഒരു ഗെയിമാണ് 'ലുഡോ'. പണ്ട് ലുഡോ ബോർഡ് വെച്ചായിരുന്നു മത്സരങ്ങളെങ്കിൽ ഇപ്പോൾ ഓൺലൈനിലായി കളി. എന്നിരുന്നാലും വിജയിക്കുന്നയാൾ തന്‍റെ സാമർഥ്യം കൊണ്ടാണോ അതോ ഭാഗ്യം കൊണ്ടാണോ കളിയിൽ വിജയിക്കുന്നതെന്നത് പൊതുവേ ഉയർന്നു വരുന്ന ഒരു ചോദ്യമാണ്.
എന്നാൽ ഇപ്പോൾ ഇൗ ചോദ്യത്തിന് വിധി പറയേണ്ട അവസ്ഥയിലാണ് ബോംബെ ഹൈകോടതി. ഓൺലൈൻ ഗെയിം ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുകയും ശരിക്കുമുള്ള ബോർഡ് ഗെയിമിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 'ലുഡോ സുപ്രീം' നിർമാതാക്കൾക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഒരു ഹരജി സമർപ്പിക്കപ്പെട്ടതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
ലുഡോയെ കഴിവ് ഉപയോഗപ്പെടുത്തി വിജയിക്കുന്ന ഒരു മത്സരം എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണമെന്നും ഭാഗ്യം മാത്രം അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുന്ന മത്സരം ആയി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന അംഗമായ കേശവ് മൂലെയാണ് കോടതിയെ സമീപിച്ചത്.
ലുഡോയുടെ പേരിൽ നടക്കുന്ന ചൂതാട്ടം സാമൂഹിക തിന്മയായി മാറുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്.
നാലുപേർ പേർ ചേർന്ന് ലുഡോ സുപ്രീം ആപ്പ് വഴി കളിക്കുേമ്പാൾ ഒരാൾ അഞ്ച് രൂപ നൽകണം. മത്സരത്തിൽ ജയിക്കുന്നയാൾക്ക് 17 രൂപയാണ് ലഭിക്കുക. ബാക്കി മൂന്ന് രൂപ ഗെയിം കമ്പനിയാണ് സ്വന്തമാക്കുന്നതെന്നും പരാതിക്കാരൻ പറയുന്നു. പണം ഉപയോഗിച്ച് ലുഡോ കളിക്കുന്നത് 1978ലെ മഹാരാഷ്ട്ര ചൂതാട്ട നിരോധന നിയമത്തിന്‍റെ മൂന്ന്, നാല്, അഞ്ച് വകുപ്പുകളുടെ പരിധിയിൽ വരുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.
കേസിൽ ഹൈകോടതി മഹാരാഷ്ട്ര സർക്കാറിന്‍റെ പ്രതികരണം തേടിയിട്ടുണ്ട്. ഗെയിം നിർമാതാക്കളായ കാഷ്ഗ്രെയിൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ മുലെ ലോക്കൽ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ അവർ കേസെടുക്കാൻ തയാറായില്ല.
പിന്നാലെ അദ്ദേഹം മെട്രോപൊളിറ്റൻ കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്നാണ് ഇയാൾ ബോംബെ ഹൈകോടതിയെ സമീപിച്ചത്. ലൂഡോക്കെതിരെ പരാതി ഉയർന്നതോടെ ഇന്‍റർനെറ്റിൽ മീം പ്രളയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.