ദോഹ: മാറുന്ന ടെക്നോളജി ലോകത്തിന് പുതുവഴികളിലേക്ക് അവസരങ്ങൾ തുറന്നു നൽകി നാലു ദിവസത്തെ വെബ് സമ്മിറ്റിന് വ്യാഴാഴ്ച കൊടിയിറങ്ങി. ലോകത്തിന്റെ നാനാദിക്കുകളിൽനിന്നുള്ള 380ഓളം പ്രഭാഷകർ, 400ലേറെ നിക്ഷേപകർ, 1043 സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 118 രാജ്യങ്ങളുടെ പങ്കാളിത്തംകൊണ്ട് സമ്പന്നമായ ലോകത്തെ ഏറ്റവും വലിയ വെബ് സമ്മിറ്റിനാണ് ദോഹയിൽ സമാപനമായത്.
വിവിധ വിഷയങ്ങളിലായി പ്രഭാഷണവും സംവാദവും മുതൽ പുതുമയാർന്ന കണ്ടെത്തലുകൾ അവതരിപ്പിച്ച കമ്പനികളിലേക്ക് നിക്ഷേപവുമെല്ലാമായി മിഡിലീസ്റ്റ് ആദ്യമായി വേദിയായ വെബ് സമ്മിറ്റ് ശ്രദ്ധേയമായി. നാലു ദിവസത്തെ സമ്മിറ്റിൽ 15,000ത്തിലേറെ പ്രതിനിധികളാണ് പങ്കെടുത്തത്.
സാങ്കേതിക, വൈജ്ഞാനിക ലോകത്ത് ഖത്തർ തുറന്നിടുന്ന അവസരങ്ങളും നിക്ഷേപ സാധ്യതകളും ലോകത്തിന് പരിചയപ്പെടുത്തുന്ന വേദിയായ വെബ് സമ്മിറ്റ് മാറിയെന്നായിരുന്നു മേഖലയിൽനിന്നുള്ള വിദഗ്ധരുടെ വിലയിരുത്തലുകൾ. ഖത്തറിലെയും മിഡിലീസ്റ്റിലെയും പ്രാദേശിക സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും ആഗോള ടെക് കമ്പനികളിലേക്ക് അവസരം തുറക്കാനും വഴിയൊരുങ്ങി.
വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സർക്കാർ പ്രതിനിധികൾ, അന്താരാഷ്ട്ര ടെക് കമ്പനികളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ, കായിക-സംഗീത പ്രതിഭകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് നാലു ദിവസങ്ങളിലായി ദോഹയിലെത്തി പങ്കുചേർന്നത്. മേളയുടെ ഭാഗമായ സ്റ്റാർട്ടപ്പുകൾക്കായുള്ള മത്സരത്തിൽനിന്നും ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുള്ള ‘പിച്ച്’ പുരസ്കാരം ബ്രെഷ്ന സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.