അധിക ഫീച്ചറുകൾ ഓഫർ ചെയ്തുകൊണ്ട് ഇലോൺ മസ്ക് ട്വിറ്ററിൽ പുതിയ സബ്സ്ക്രിപ്ഷൻ സർവീസ് തുടങ്ങിയത് ടെക് ലോകത്ത് ചർച്ചയായി മാറിയിരുന്നു. സാധാരണ ട്വിറ്റർ യൂസർമാർക്ക് ലഭ്യമല്ലാത്ത, ബ്ലൂ വെരിഫിക്കേഷൻ, ട്വീറ്റ് എഡിറ്റിങ് തുടങ്ങിയ ഫീച്ചറുകളാണ് അതിലൂടെ നൽകുന്നത്.
എന്നാൽ, പ്രമുഖ ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ സി.ഇ.ഒ വിജയ് ശേഖർ ശർമ ട്വിറ്ററിന് പ്രതിമാസം 80 ഡോളർ (6500 രൂപ) നൽകാൻ തയ്യാറായി മുന്നോട്ടുവന്നിരിക്കുകയാണ്. എന്നാൽ, അദ്ദേഹത്തിന് ഒരു നിബന്ധനയുണ്ട്. പേടിഎം ഉപയോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും അവരെ സഹായിക്കാനുമായി ട്വിറ്ററിൽ ആരംഭിച്ച പേടിഎം കെയർ (@PaytmCare) എന്ന അക്കൗണ്ടിന്റെ വ്യാജൻമാരെ തടയണമെന്നാണ് വിജയ് ശേഖർ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആവശ്യമറിയിച്ചത്.
"പ്രിയപ്പെട്ട ഇലോൺ മസ്ക്, പേടിഎം കെയർ എന്ന പേരിൽ ട്വിറ്ററിലുള്ള വ്യാജൻമാരെ അതിവേഗത്തിൽ ബ്ലോക് ചെയ്യാനുള്ള സംവിധാനം താങ്കൾ ഞങ്ങൾക്ക് നൽകുകയാണെങ്കിൽ പ്രതിമാസം 80 ഡോളർ നമ്മൾ നൽകും. അവർ നമ്മുടെ കോപീറൈറ്റുള്ള ലോഗോയാണ് ഉപയോഗിക്കുന്നത്". -പേടിഎം സി.ഇ.ഒ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.