ജന്മശതാബ്ദി ദിനത്തിൽ ചന്ദ്രനിലെ ഗർത്തത്തിന് 'സാരാഭായി'യുടെ പേര് നൽകി ഇസ്റോയുടെ ആദരവ്

ബംഗളൂരു: 100ാം ജന്മദിനത്തിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ് ഡോ. വിക്രം സാരാഭായിക്ക് ആദരം അർപ്പിച്ച് ഐ.എസ്.ആർ.ഒ. ചന്ദ്രോപരിതലത്തിൽ നിന്ന് ചന്ദ്രയാൻ-രണ്ട് ഉപഗ്രഹം പകർത്തിയ ഗർത്തത്തിനാണ് സാരാഭായിയുടെ പേര് നൽകിയത്. ഇനി മുതൽ 'സാരാഭായി കാർട്ടർ' (സാരാഭായ് ഗർത്തം) എന്നാവും ഈ ഗർത്തം അറിയപ്പെടുക. ഗർത്തത്തിന്‍റെ ത്രിമാന ചിത്രം ആഗസ്റ്റ് 12ന് ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.

ചന്ദ്രന്‍റെ ഉപരിതലത്തിൽ അപ്പോളോ-17, ലൂണ-21 പേടകങ്ങൾ ഇറങ്ങിയ സ്ഥലത്ത് നിന്ന് 250 മുതൽ 300 കിലോമീറ്റർ അകലെയാണ് സാരാഭായ് കാർട്ടർ സ്ഥിതി ചെയ്യുന്നത്. 1.7 കിലോമീറ്റർ ആഴവും 8 കിലോമീറ്റർ ചുറ്റളവുമുള്ള ഗർത്തത്തിന്‍റെ ഭിത്തി 25 മുതൽ 35 ഡിഗ്രി ചെരിവുള്ളതാണ്. ഭാവിയിൽ നടക്കുന്ന ചന്ദ്രാ പഠനങ്ങൾക്ക് ചിത്രം സഹായകരമാകുമെന്ന് വാർത്താകുറിപ്പിൽ ഐ.എസ്.ആർ.ഒ ചൂണ്ടിക്കാട്ടുന്നു.

2019 ജൂലൈ 22നാണ് രണ്ടാം ചാന്ദ്രാ ദൗത്യത്തിന്‍റെ ഭാഗമായ ചന്ദ്രയാൻ-2 പേടകം ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചത്. ചന്ദ്രന്‍റെ ഉപരിതലത്തിലെ ദക്ഷിണ ധ്രുവത്തിൽ പ്രഗ്യാൻ റോവർ അടക്കമുള്ള വിക്രം ലാൻഡറിനെ ഇറക്കുകയായിരുന്നു ദൗത്യം. സെപ്റ്റംബർ രണ്ടിന് ഉപഗ്രഹത്തിൽ നിന്ന് വേർപ്പെട്ട വിക്രം ലാൻഡർ ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങി.

എന്നാൽ, സെപ്റ്റംബർ ഏഴിലെ അതിനിർണായക സോഫ്റ്റ് ലാൻഡിങ്ങിന് ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടുകയും പേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുകയും ചെയ്തു. ചന്ദ്രന് 2.1 കിലോമീറ്റർ അകലെ വെച്ചാണ് ഭൂമിയിലെ നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായത്.

അതേസമയം, ചന്ദ്രനെ വലംവെക്കുന്ന ചന്ദ്രയാൻ-2 ഉപഗ്രഹം അവിടെ നിന്നുള്ള ചിത്രങ്ങളും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും ഭൂമിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.