ജിദ്ദ: ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ റിയാദിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി എടുത്ത തീരുമാനങ്ങളെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ക്രൂരമായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച ഉച്ചകോടി തീരുമാനങ്ങൾ അറബ്, ഇസ്ലാമിക ലോകത്തിന്റെ ഏകീകൃത നിലപാടാണ് വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യവും സ്വതന്ത്രരാഷ്ട്രവും നേടാനുള്ള ഫലസ്തീൻ ജനതയുടെ അവകാശവും എത്രയും വേഗം ഒരു അന്താരാഷ്ട്ര സമാധാനസമ്മേളനം നടത്താനുള്ള ആഹ്വാനവും ഉച്ചകോടിയിൽ പങ്കെടുത്ത മുഴുവൻ രാജ്യങ്ങളും ഒറ്റ സ്വരത്തിലാണ് പിന്തുണച്ചത്.
ഉച്ചകോടിയുടെ പ്രഖ്യാപനത്തെ സർവാത്മനാ പിന്തുണക്കുകയാണെന്നും സെക്രട്ടറി ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ പറഞ്ഞു. അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര പ്രമേയങ്ങൾ എന്നിവക്ക് അനുസൃതമായി ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഗസ്സക്കുമേലുള്ള ഇസ്രായേൽ ആക്രമണവും അധിനിവേശവും അവസാനിപ്പിക്കണം.
ഉച്ചകോടിയെടുത്ത തീരുമാനങ്ങളുടെ വെളിച്ചത്തിൽ ഒരു വിശ്വസനീയമായ സമാധാനപ്രക്രിയ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആക്രമണം സ്വയംപ്രതിരോധമാണെന്ന ഇസ്രായേലിന്റെ ന്യായീകരണത്തെ തള്ളിക്കളഞ്ഞ ഉച്ചകോടിയുടെ പ്രസ്താവന വളരെ കൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലെ ഉപരോധം നിർത്തലാക്കി അതിനുള്ളിലേക്ക് സഹായം എത്തിക്കാനും അതിനായി വാഹനങ്ങളെ കടത്തിവിടാനും അനുവദിക്കണമെന്ന ഉച്ചകോടിയുടെ ആവശ്യം വളരെ ന്യായമാണ്. അന്താരാഷ്ട്ര നിയമം പ്രയോഗിക്കുന്ന കാര്യത്തിലെ ഇരട്ടത്താപ്പിനെ ഉച്ചകോടി അപലപിച്ചതും നന്നായെന്ന് അദ്ദേഹം പ്രശംസിച്ചു.
ഫലസ്തീൻജനതയുടെ സ്വാതന്ത്ര്യവും സ്വതന്ത്രരാഷ്ട്രമാകാനുമുള്ള അവരുടെ അവകാശത്തെയും ഞങ്ങൾ പിന്തുണക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.