കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച ഗൾഫ് പ്രവാസികളുടെ നിർധന കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനം നവംബർ 15ന് വൈകീട്ട് 4.30 ന് നടക്കും. വെർച്വൽ റിയാലിറ്റി പ്ലാറ്റ് ഫോമിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എം.പി അബ്ദുസ്സമദ് സമദാനി നിർവഹിക്കും.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് പദ്ധതി നിർവഹണ സമാരംഭം കുറിക്കും. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ്, സാഹിത്യകാരൻ കൽപറ്റ നാരായണൻ, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ എന്നിവരും പങ്കെടുക്കും.
നിർധന പ്രവാസികളുടെ കുടുംബങ്ങൾക്ക് വീട്, മരണമടഞ്ഞ പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്, അർഹരായ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്വയം തൊഴിൽ പദ്ധതി, ഭൂരഹിത പ്രവാസി കുടുംബങ്ങൾക്ക് ഭൂമി, പണി പൂർത്തിയാകാത്ത വീടുകൾ പൂർത്തിയാക്കാനും പുതിയ വീടുകൾ പണിയാനും സഹായം, വീടുവെക്കാൻ സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങൾക്ക് സ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതികൾ.
പ്രവാസ ലോകത്ത് കോവിഡ് വ്യാപിക്കുകയും നിരവധി മലയാളികൾ മരിക്കുകയും ചെയ്തതോടെയാണ് നിർധന ഗൾഫ് പ്രവാസികളുടെ കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്.
പ്രവാസി മലയാളി കൂട്ടായ്മകൾ, വ്യാപാരി പ്രമുഖർ തുടങ്ങി വിവിധ രംഗത്തുള്ളവർ സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. കോവിഡ് ബാധിച്ച് മരിച്ച 300 ഗൾഫ് പ്രവാസികളുടെ വിവരങ്ങളാണ് പ്രാഥമികമായി ശേഖരിച്ചത്. ഇതിൽ നിന്ന് സർവേ നടത്തി കണ്ടെത്തിയ 70 നിർധന കുടുംബങ്ങളിൽനിന്ന് അപേക്ഷ സ്വീകരിച്ചു. ഓരോ അപേക്ഷകരുടെയും കുടുംബങ്ങളുമായി പീപ്പിൾസ് ഫൗണ്ടേഷൻ ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടത്തി അർഹരായ 61 കുടുംബങ്ങളെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.