മുംബൈ: സെൽഫിയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഭോജ്പുരി നടിയുമായ സപ്ന ഗിൽ കോടതിയെ സമീപിച്ചു. അന്ദേരി മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ഫെബ്രുവരി 15ന് അന്ദേരിയിലെ ഒരു ഹോട്ടലിന് പുറത്തുവെച്ച് പൃഥ്വി ഷായും സുഹൃത്തും ചേർന്ന് ബാറ്റ് കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. തന്റെ കൂടെയുണ്ടായിരുന്ന കൗമാരക്കാരിയായ സുഹൃത്തിനെ മോശം ഉദ്ദേശ്യത്തോടെ ഷാ സ്പർശിച്ചെന്നും പ്രതിരോധിച്ചപ്പോൾ ഷാ അവരെ തള്ളി മാറ്റിയെന്നും പരാതിയിൽ പറയുന്നു.
23കാരനായ പൃഥി ഷാക്കൊപ്പം സെൽഫി എടുക്കുന്നതിനെചൊല്ലിയുള്ള തർക്കമാണ് പ്രശ്നത്തിന്റെ തുടക്കം. അന്ദേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഷായെ സെൽഫിയെടുക്കാനായി ഗില്ലും സുഹൃത്തും സമീപിക്കുകയും തുടർന്ന് തർക്കമുണ്ടാവുകയായിരുന്നു. ബാറ്റുകൊണ്ട് തന്നെ മർദിച്ചതായും വാഹനത്തിന്റെ ഗ്ലാസ് തകർത്തതായും കാണിച്ച് ഷാ അന്നുതന്നെ ഗില്ലിനെതിരെ പരാതി നൽകിയിരുന്നു. ഇതിൽ ഗില്ലിന് ജാമ്യം ലഭിച്ചിരുന്നു. ഈ കേസ് നിലനിൽക്കെയാണ് ഗിൽ കോടതിയിൽ പരാതി നൽകിയത്.
വിഷയത്തിൽ പൃഥി ഷാക്കും സുഹൃത്തിനുമെതിരെ കേസെടുത്തില്ലെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥരായ സതീഷ് കവാൻകർ, ഭഗവത് രാമ ഗരണ്ടെ എന്നിവർക്കെതിരെ ഗിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണത്തിന് കൃത്യമായ തെളിവുണ്ടെന്നും ഇത് ഉറപ്പുവരുത്തുന്ന മെഡിക്കൽ റിപ്പോർട്ടുകൾ കൈവശമുണ്ടെന്നും ഗില്ലിന്റെ അഭിഭാഷകനായ അലി കാഷിഫ് ഖാൻ പറഞ്ഞു. കേസ് ഏപ്രിൽ 17ന് അന്ദേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.