ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ജൂബിലി ഹിൽസിലെ വീടിന് നേരെ കല്ലേറ്. പുഷ്പ 2 സിനിമ പ്രചാരണപരിപാടിക്കിടെ തിരക്കിൽപെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് വീടിന് മുന്നിൽ പ്രതിഷേധിച്ചവരാണ് കല്ലെറിഞ്ഞതെന്നാണ് വിവരം. പ്രതിഷേധക്കാരെ പൊലീസ് എത്തി നീക്കി.
പ്ലക്കാർഡുകളുമേന്തി ഒരുകൂട്ടമാളുകൾ അല്ലു അർജുന്‍റെ ജൂബിലി ഹിൽസിലെ വീടിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. എന്നാൽ, ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവരിൽ ചിലർ മതിലിന് മുകളിൽ കയറി വീടിന് കല്ലെറിയുകയായിരുന്നു. ഇതോടെ, പൊലീസ് ഇടപെട്ടു. സ്ഥലത്ത് വലിയ സംഘർഷാവസ്ഥയായി. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.
അതിനിടെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങൾ നിഷേധിച്ച് നേരത്തെ അല്ലു അർജുൻ രംഗത്തെത്തിയിരുന്നു. റോഡ്‌ഷോ നടത്തിയെന്നും തിയേറ്ററിലെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്‌തെന്നും ആരോപിച്ച് രേവന്ത് റെഡ്ഡി പേര് പരാമർശിക്കാതെ നടനെ വിമർശിച്ചിരുന്നു. എന്നാൽ, പുഷ്പ-2 റിലീസിനിടെ യുവതി മരിച്ച സംഭവം തികച്ചും അപകടമാണെന്നായിരുന്നു അല്ലു അർജുന്‍റെ പ്രതികരണം.
"ഞാൻ ഒരു പ്രത്യേക രീതിയിൽ (നിരുത്തരവാദപരമായി) പെരുമാറി എന്ന് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു. ഈ ആരോപണങ്ങൾ തെറ്റാണ്. ഇത് അപമാനകരവും സ്വഭാവഹത്യയുമാണ്" -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 20 വർഷത്തെ കഠിനാധ്വാനം കൊണ്ട് തന്‍റെ കരിയറും പ്രതിച്ഛായയും കെട്ടിപ്പടുത്തുവെന്നും അത് അട്ടിമറിക്കപ്പെടുമ്പോൾ ശരിക്കും വേദനിക്കുന്നുണ്ടെന്നും അല്ലു പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കോ മറ്റ് വ്യക്തികൾക്കോ സർക്കാറിനോ എതിരല്ല താൻ. തന്‍റെ തിയേറ്റർ സന്ദർശനത്തിന് അനുമതിയില്ലെന്ന ആരോപണത്തോടും നടൻ പ്രതികരിച്ചു. അത് ശരിയല്ലെന്നും, പൊലീസ് തനിക്ക് വഴിയൊരുക്കുകയായിരുന്നെന്നും അവരുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്നും താരം പറഞ്ഞു. അനുമതി ഇല്ലായിരുന്നുവെങ്കിൽ മടങ്ങിപ്പോകാൻ പറയുമായിരുന്നു, താൻ നിയമം അനുസരിക്കുന്ന പൗരനാണ്. മനുഷ്യത്വമില്ലാത്തവനല്ല. ആൾക്കൂട്ടമുണ്ടാകുമ്പോൾ ഏത് സെലിബ്രിറ്റിയും പുറത്തിറങ്ങി ആളുകൾക്ക് നേരെ കൈവീശി കാണിക്കുന്നത് ഒരു ശീലമാണ് അല്ലെങ്കിൽ, അത് അഹങ്കാരമായി കണക്കാക്കുമെന്നും അല്ലു പറഞ്ഞു.
പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ ഡിസംബർ നാലിന് പുഷ്പ-2 പ്രദർശിപ്പിച്ച തിയേറ്ററിൽ എത്തിയെന്നായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശനിയാഴ്ച ആരോപിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചതിന് ശേഷവും നടൻ സിനിമാ ഹാളിൽ നിന്ന് പുറത്തിറങ്ങാത്തതാണ് നിർബന്ധിച്ച് പുറത്താക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്‍റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്ന ശേഷമാണ് അല്ലു അര്‍ജുന്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
തിരക്കിൽപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അല്ലു അർജുൻ പ്രഖ്യാപിച്ചിരുന്നു. ആശ്വാസധനമായി 25 ലക്ഷം രൂപ നൽകുമെന്നും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.