പ്രകാശ് അബ്ദുല്ല രാജാവിനോടൊപ്പം (ഫയൽ ചിത്രം)
റിയാദ്: അത് ഹൃദയങ്ങൾ കോർത്തൊരു കണ്ടുമുട്ടലായിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ചപ്പോൾ കാൽനൂറ്റാണ്ടിലേറെ ആഴമുള്ള സൗഹൃദത്തിന്റെ മസൃണമായ ഓർമകൾ അവരെ തഴുകി. സൗദി ഫുട്ബാൾ ക്ലബായ അൽ-ഹിലാലിന്റെ നീലപ്പടയും മലയാളിയായ പ്രകാശിന്റെയും അപൂർവമായ കൂടിക്കാഴ്ചക്ക് മുംബൈ മാരിയോട്ട് ഹോട്ടലാണ് വേദിയായത്. ഹിലാൽ ടീമംഗങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ചയായിരുന്നു അതെങ്കിലും അവർ മുംബൈയിലെത്തുന്നുണ്ടെന്ന് അറിഞ്ഞ് ഹോട്ടലിൽ നേരത്തെ വന്ന് കാത്തിരിക്കുകയായിരുന്നു തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ പ്രകാശ്.
പ്രകാശിനെ ആദ്യം കണ്ട് തിരിച്ചറിഞ്ഞത് പ്രമുഖ താരം യാസർ അൽ ഷഹ്റാനിയാണ്. ‘ഹബീബി’യെന്ന് വിളിച്ച് ഓടിവന്ന് കെട്ടിപ്പുണർന്നു. പിന്നീട് ടീമിലെ ഓരോരുത്തരും തങ്ങളുടെ ക്ലബിലെ പഴയ ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞ് ഓടിവന്ന് അണച്ചുപിടിക്കുകയായിരുന്നു. സാലിം അൽദോസരി, യാസർ തുടങ്ങി സൗദിയിലെ സൂപ്പർതാരങ്ങൾ അത്ഭുതാരവങ്ങളോടെ അയാളെ നെഞ്ചോടുചേർത്തു. പിന്നെ ചിരിയും തമാശയും കുശലം പറയലും.
ഇതിനെല്ലാം സാക്ഷികളായ ഹോട്ടൽ ജീവനക്കാരും അതിഥികളും ലോബിയിൽ സ്തബ്ധരായി നിന്നുപോയി. ഫുട്ബാൾ ലോകത്തെ മിന്നും താരങ്ങൾ ഇങ്ങനെ കെട്ടിപ്പുണരാൻ തക്ക അടുപ്പമുള്ള അയാളാരാണെന്നറിയാൻ അവർക്കെല്ലാം ധിറുതിയുണ്ടായിരുന്നു. സാലിം തന്നെ എല്ലാവരോടും പ്രകാശിനെ പരിചയപ്പെടുത്തി. ഇത് ഞങ്ങളുടെ സഹോദരൻ പ്രകാശാണെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. കുറെ വർഷക്കാലം ഒന്നിച്ചുണ്ടായിരുന്നെന്നുകൂടി പറഞ്ഞതോടെ അമ്പരപ്പിന് അറുതിയായി.
മിനിട്ടുകൾക്കകം ആ അപൂർവ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോയും അറബ് സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രകാശിനെ ഓർത്തെടുത്ത് ചിലർ അനുഭവം പങ്കുവെച്ചു. ക്ലബിൽ സഹപ്രവർത്തകരിൽ ചിലർ മുമ്പ് പ്രകാശിന് നൽകിയ ഊഷ്മള യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോകളും കമൻറായി പോസ്റ്റ് ചെയ്തു. സെലിബ്രിറ്റികൾ വിഡിയോ പങ്കുവെച്ച് ദശലക്ഷക്കണക്കിന് കാഴ്ചക്കാരിലേക്കാണ് ഏതാനും സമയംകൊണ്ട് അത് പടർന്നത്. ഹിലാലിലിന്റെ ‘എക്സ്’ അക്കൗണ്ടായ ‘അഖ്ബാർ ഹിലാൽ’ വിഡിയോ പോസ്റ്റ് ചെയ്തതോടെ പ്രകാശും സാലിമും തമ്മിലുള്ള ആ കണ്ടുമുട്ടലിന്റെ സൗന്ദര്യം കവിതകളും ഉദ്ധരണികളുമായി പിറന്നു.
1991ലാണ് അൽ-ഹിലാൽ ക്ലബിൽ പ്രകാശ് ജോലിക്കാരനായി ചേർന്നത്. കളിക്കാരുടെ ജഴ്സി ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജമാക്കലായിരുന്നു ചുമതല. ക്ലബ് ആസ്ഥാനം റിയാദിലാണെങ്കിലും അധികസമയവും പരിശീലനവും മത്സരങ്ങളുമൊക്കെയായി രാജ്യത്തിന് പുറത്തായിരിക്കും ടീമംഗങ്ങൾ.
ആ യാത്രകളിലെല്ലാം പ്രകാശും കൂടെയുണ്ടാകും. ഒരു അന്യതാഭാവവുമില്ലാതെ സ്വന്തം സഹോദരനും ഏറ്റവും ഇഷ്ടമുള്ള സഹപ്രവർത്തകനുമായാണ് ടീമിലെ ഓരോ കളിക്കാരനും തന്നെ കണ്ടിരുന്നതെന്ന് പ്രകാശ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പ്രകാശ് സൗദി മുൻ ക്യാപ്റ്റൻ സാമി അൽജാബിറിനോടൊപ്പം (ഫയൽ ചിത്രം)
26 വർഷമാണ് ഹിലൽ ക്ലബിൽ പ്രവർത്തിച്ചത്. ജീവിതത്തിൽ എല്ലാനിലയിലുമുള്ള നേട്ടങ്ങൾ നൽകിയത് ഹിലാൽ ക്ലബാണ്. മൂന്ന് സൗദി രാജാക്കന്മാരുമായി ഹസ്തദാനം ചെയ്യാനുള്ള അപൂർവ സൗഭാഗ്യവുമുണ്ടായിട്ടുണ്ട്. ടീമംഗങ്ങൾക്ക് ഫഹദ് രാജാവും അബ്ദുല്ല രാജാവും സംഘടിപ്പിച്ച സൽക്കാര വിരുന്നുകളിൽ പങ്കെടുത്തപ്പോഴാണ് ഈ ഭാഗ്യമുണ്ടായത്.
സൽമാൻ രാജാവ് റിയാദ് ഗവർണറായ സമയത്ത് അദ്ദേഹത്തിന്റെ സൽക്കാരത്തിൽ പങ്കെടുക്കാനും ഹസ്തദാനം ചെയ്യാനും ഭാഗ്യമുണ്ടായിട്ടുണ്ട്. നിങ്ങളുടെ പ്രധാനമന്ത്രിമാർക്ക് മാത്രം കിട്ടിയ അപൂർവ അവസരമാണിതെന്ന് അന്നത്തെ കളിക്കാരിൽ ചിലർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പ്രകാശ് ഓർക്കുന്നു. യൂറോപ്പിലെ ലോകപ്രശസ്ത കളിക്കാരുമായി ഹസ്തദാനം ചെയ്യാൻ ഭാഗ്യമുണ്ടായതും ഹിലാൽ ക്ലബ് മൂലമാണ്. സൗദി മുൻ കിരീടാവകാശി അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഹിലാലിന്റെ കോർട്ട് അവസരമൊരുക്കിയെന്ന് പ്രകാശ് നന്ദിപൂർവം ഓർക്കുന്നുണ്ട്.
അറബ് ഫുട്ബാളിലെ സൂപ്പർ താരവും സൗദി മുൻ ക്യാപ്റ്റനുമായ സാമി അൽജാബിർ, പുതിയ നിരയിലെ സാലിം, യാസിർ തുടങ്ങിയവരുമായാണ് ഏറ്റവും അടുപ്പമുള്ളത്. 2017ലാണ് പ്രവാസം ക്ലബിൽനിന്ന് വിരമിച്ച് പ്രവാസം അവസാനിപ്പിച്ചുപോയത്. എന്നാൽ, സോഷ്യൽ മീഡിയ വഴി ഈ താരങ്ങളുമായി ബന്ധം നിലനിർത്തി.
മണൽ നെരിപ്പോടിൽ ഊതിക്കാച്ചിയെടുത്ത ബന്ധത്തിന് ആറ് വർഷം കഴിഞ്ഞിട്ടും തിളക്കംകുറഞ്ഞിട്ടില്ലെന്ന് മുംബൈയിലെത്തിയപ്പോഴുള്ള സഹപ്രവർകത്തകരുടെ പ്രതികരണം ബോധ്യപ്പെടുത്തിയെന്നത് വലിയ സന്തോഷവും അഭിമാനവും നൽകി.
ഇൻസ്റ്റഗ്രാമിൽ പ്രകാശിനെ ഫോളോ ചെയ്യുന്നതിൽ സിംഹഭാഗവും അറബികളാണ്. ഹിലാൽ ക്ലബ് ആരാധകരും അറബ് പത്രപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രകാശിന് ഫുട്ബാൾ മേഖലയിൽ നിറഞ്ഞ സൗഹൃദവലയമുണ്ട്. മുംബൈയിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ തന്റെ ടീം വിജയം കൊയ്തതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ പ്രകാശ്.
ലോകകപ്പ് മത്സരത്തിൽ ഗാലറിയിലിരുന്നു സൗദിക്ക് വേണ്ടി കരഘോഷം മുഴക്കാൻ ഖത്തറിൽ പോകാൻ ആഗ്രഹിച്ചിരുന്നെങ്കിലും നാട്ടിലെ ചില അസൗകര്യങ്ങൾമൂലം യാത്ര സാധ്യമായില്ല. ക്ലബിൽ ലോകപ്രശസ്ത കളിക്കാരനായ നെയ്മർ ഉൾപ്പെടെയുള്ളവരുടെ താരപ്പിറവി സംഭവിച്ച സമയത്ത് ക്ലബിൽ ഇല്ല എന്ന മനഃപ്രയാസം ഉണ്ടെങ്കിലും കുടുംബത്തോടൊപ്പം കിളിമാനൂരിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് പ്രകാശിപ്പോൾ. പുസ്തക വായനയും യാത്രയുമാണ് ഇപ്പോൾ പ്രധാന ഹോബികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.