ചെങ്കോലിന് നന്ദിയായി തമിഴ്നാട് 25 എം.പിമാരെ ബി.ജെ.പിക്കും എൻ.ഡി.എക്കും തരണം -അമിത് ഷാ

ചെന്നൈ: പാർല​മെന്റിൽ ചെങ്കോൽ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ 25ലേറെ എം.പിമാരെ തെരഞ്ഞെടുക്കണമെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ഒമ്പത് വർഷം മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി നടത്തുന്ന കാമ്പയിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ൽ 300ൽ അധികം സീറ്റുകൾ നേടി ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടെ അനുഗ്രഹത്താൽ സംസ്ഥാനത്തെ 25ലധികം ലോക്സഭ സീറ്റുകളിൽ വിജയിച്ച് കൂടുതൽ മന്ത്രിമാരെ ലഭിക്കുമെന്നും അമിത്ഷാ പറഞ്ഞു. 

‘ഞാൻ വന്നത് സ്റ്റാലിന് മറുപടി നൽകാൻ’

‘കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്‌നാടിന് കേന്ദ്രസർക്കാർ നൽകിയ സംഭാവനകൾ വെളിപ്പെടുത്താൻ വെല്ലുവിളിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉത്തരം നൽകാനാണ് താൻ ഇവിടെ വന്നത്. ഇനിപറയുന്ന കാര്യങ്ങൾ സ്റ്റാലിൻ ശ്രദ്ധയോടെ കേൾക്കണം. ഡിഎംകെ ഭാഗമായ യുപിഎ സർക്കാർ 10 വർഷം കൊണ്ട് 95,000 കോടി രൂപയാണ് തമിഴ്നാടിന് അനുവദിച്ചത്. എന്നാൽ, എൻ.ഡി.എ സർക്കാർ ഒമ്പത് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് 2.47 ലക്ഷം കോടി അനുവദിച്ചു. വിവിധ ദേശീയ പാത പദ്ധതികൾക്ക് മാത്രമായി ഇക്കാലയളവിൽ 58,000 കോടി രൂപ അനുവദിച്ചു.’ -അമിത് ഷാ പറഞ്ഞു.

രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ, ചെന്നൈ വിമാനത്താവളത്തിലെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ, 1,000 കോടി രൂപയുടെ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ പദ്ധതി, പാവപ്പെട്ടവർക്കായി 62 ലക്ഷം ടോയ്‌ലറ്റുകളുടെ നിർമ്മാണം, ജൽ ജീവൻ മിഷന്റെ കീഴിൽ 82 ലക്ഷം വാട്ടർ കണക്ഷനുകൾ എന്നിവയും മോദി സർക്കാർ തമിഴ്നാട്ടിനായി അനുവദിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. 

മധുരയിലെ എയിംസ് നിർമ്മാണം അനന്തമായി വൈകുന്നതിനെ കുറിച്ച വിമർശനങ്ങൾക്ക്, മുമ്പ് കേന്ദ്ര സർക്കാരുകളുടെ ഭാഗമായിരുന്നപ്പോൾ ഡിഎംകെ തമിഴ്‌നാട്ടിലേക്ക് എയിംസ് കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. എയിംസ് താൽക്കാലിക കാമ്പസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും പുതിയ കാമ്പസിന്റെ നിർമ്മാണം ഉടൻ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓൾ ഇന്ത്യ സർവീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയ്ക്ക് തമിഴിൽ പരീക്ഷ എഴുതാനുള്ള ഓപ്ഷൻ അവതരിപ്പിച്ചത് ഇപ്പോഴത്തെ കേന്ദ്ര സർക്കാരാണെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി. 

കോൺഗ്രസും ഡി.എം.കെയും 2G, 3G, 4G പാർട്ടികൾ

10 വർഷം ഭരണത്തിലിരുന്ന യുപിഎ സർക്കാരിന്റെ ഭാഗമായ പാർട്ടികൾക്കെതിരെ വ്യാപക അഴിമതിയാരോപണങ്ങൾ ഉയർന്നപ്പോൾ, ഇപ്പോഴത്തെ കേന്ദ്ര സർക്കാരിനെതിരെ ആർക്കും അത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ‘ഡിഎംകെയും കോൺഗ്രസും 2ജി, 3ജി, 4ജി പാർട്ടികളാണ്. 2ജി സ്‌പെക്‌ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ മാത്രമല്ല ഇങ്ങനെ പറയാൻ കാരണം. അന്തരിച്ച ഡിഎംകെ നേതാവ് മുരസൊലി മാരന്റെ കുടുംബത്തിലെ രണ്ട് തലമുറകളും അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ കുടുംബത്തിലെ മൂന്ന് തലമുറകളും നയിക്കുന്ന ഡി.എം.കെയെയാണ്  2ജിയും 3ജിയും കൊണ്ട് ഉദ്ദേശിക്കുന്നത്. ഗാന്ധി കുടുംബത്തിലെ നാല് തലമുറകളെയാണ് 4ജി എന്നതിന്റെ ഉദ്ദേശം’ -അദ്ദേഹം പറഞ്ഞു.



Tags:    
News Summary - T.N. should elect over 25 NDA MPs as thanks for Sengol installation: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.