അതി ശൈത്യത്തെ അവഗണിച്ച് ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ ജോൺ ജേക്കബ് എന്ന ആ 17ാകാരന്റെ മനസിൽ തെളിഞ്ഞ ചിത്രം പിതാവിന്റെതായിരുന്നു. കാരണം, സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന പിതാവ് ജേക്കബ് തങ്കച്ചന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും ഒന്നുകൊണ്ടു മാത്രമാണ് അതി സാഹസികമായ ആ യാത്രയെ പുൽകാൻ അവന് ഭാഗ്യം ലഭിച്ചത്. തന്റെ പിതാവിന്റെ പിറന്നാളിന് സമ്മാനമായി ജബൽജെയിസ് മലനിരകളിലൂടെ 70 കിലോ മീറ്റർ ഓടിയെത്തിയ ആളാണ് ജേക്കബ് തങ്കച്ചൻ. സാഹസിക യാത്രയിൽ പിതാവിന്റെ വഴിയെ സഞ്ചരിച്ച് എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് വിജയകരമായ യാത്ര പൂർത്തിയാക്കിയിരിക്കുകയാണ് ഈ കൗമാരക്കാരൻ.
ദുബൈ ജെംസ് മോഡേൺ അകാദമിയിലെ 12ാം ക്ലാസ് വിദ്യാർഥിയായ ജോൺ ജേക്കബ് അടക്കമുള്ള ഒമ്പതംഗ വിദ്യാർഥി സംഘമാണ് സമുദ്ര നിരപ്പിൽ നിന്ന് 17,598 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് അതിസാഹസിക യാത്ര നടത്തി തിരിച്ചെത്തിയത്. സംഘത്തിലെ ഏക മലയാളിയും ജോൺ ജേക്കബായിരുന്നു. കൂടെ സർവ പിന്തുണയും സുരക്ഷയുമൊരുക്കി രണ്ട് അധ്യാപകരും ഒരു എക്സ്പെഡീഷൻ ലീഡറുമുണ്ടായിരുന്നു. മാർച്ച് 10ന് ആരംഭിച്ച യാത്ര പൂർത്തീകരിക്കാൻ 15 ദിവസമെടുത്തു. ജെംസ് മോഡേൺ അകാദമിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു യാത്ര പ്ലാൻ ചെയ്തതും വിജയകരമായി പൂർത്തിയാക്കിയതും. ഡ്യൂക്ക് എഡിംബർഗ് അവാർഡ് വിദ്യാർഥികൾക്ക് നേടിക്കൊടുക്കുകയെന്നതായിരുന്നു സ്കൂളിന്റെ ലക്ഷ്യം. ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് കുട്ടികളിൽ സൃഷ്ടിക്കാനും അവരെ കൂടുതൽ കരുത്തുള്ള തലമുറയായി മാറ്റുന്നതിനുമുള്ള ഉദ്യമത്തിന്റെ ഭാഗമാണ് ഇത്തരമൊരു പുരസ്കാരം.
തുടക്കം മുതൽ വെല്ലുവിളി
ദുബൈയിൽ നിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ലൂക്ല വിമാനത്താവളത്തിലേക്കുള്ള യാത്ര തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അര മണിക്കൂർ മാത്രം നീണ്ടു നിൽക്കുന്ന യാത്ര കൊണ്ട് ലൂക്ലയിലെത്താം. പക്ഷെ, ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ ലാൻഡിങ് നടത്തുന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് ലൂക്ല. എൽ ഷേപ്പിൽ ലാൻഡിങ് നടത്തുന്ന ഇവിടം സാഹസികർക്ക് വലിയ അനുഭവം സമ്മാനിക്കുന്നതാണെങ്കിലും അപകടസാധ്യതയേറെയാണ്. 17 പേരെ വഹിക്കാവുന്ന ചെറു വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ അതി സാഹസികമായ ആ യാത്ര മറക്കാനാവാത്ത അനുഭവമാണെന്ന് ജോൺ ജേക്കബ് ഓർക്കുന്നു. തുടർന്ന് ഇവിടെ നിന്നാണ് എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള അതി സാഹസിക യാത്രയുടെ തുടക്കം. മഞ്ഞുറഞ്ഞു കിടക്കുന്ന ഇവിടം മൈനസ് 12നും 17നും ഇടയിലാണ് താപ നില. ഓക്സിജന്റെ അളവ് നന്നേ കുറവായതിനാൽ ശ്വാസ തടസ്സം അനുഭവപ്പെട്ടുകൊണ്ടേയിരിക്കും. അതിനെ അതിജീവിക്കാൻ പ്രത്യേക പരിശീലനം തന്നെ വേണം. അതിനായി മാസങ്ങളുടെ പരിശ്രമം നടത്തിയിട്ടുണ്ട് ഈ സംഘം.
യാത്ര ആരംഭിക്കുന്നതിന്റെ മാസങ്ങൾക്ക് മുമ്പു തന്നെ മണിക്കൂറുകൾ നീണ്ട പരിശീലനത്തിലൂടെയാണ് വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് നേടിയത്. അവിചാരിതമായി കാലാവസ്ഥ മാറുന്നതിനാൽ പലപ്പോഴും മുന്നൊരുക്കങ്ങൾ വൃഥാവിലാകും. സഹപാഠിയായ വിദ്യാർഥിനിക്ക് അത്തരമൊരു വെല്ലുവിളി താങ്ങാവുന്നതിലും അപ്പുറമെത്തിയതോടെ യാത്ര പൂർത്തീകരിക്കാനുമായില്ല. അതോടെ എല്ലാവരുടെയും മനസ്സിൽ ഭയം നിഴലിച്ചെങ്കിലും പിൻമാറാനുള്ള ഒരുക്കത്തിലായിരുന്നില്ല സംഘം. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ആ യാത്ര വിജയകരമായി തന്നെ പൂർത്തിയാക്കിയ സന്തോഷത്തിലാണിവർ. കാരണം അവരുടെ യാത്ര അവിടെ അവസാനിക്കുകയായിരുന്നില്ല. സാഹസികരുടെ ഏറ്റവും വലിയ ആഗ്രഹമായ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള മറ്റൊരു യാത്രയുടെ തുടക്കം മാത്രമായിരുന്നു അത്.
ജോൺ ജേക്കബിന്റെ പിതാവ് ജേക്കബ് തങ്കച്ചനും യാത്രകളെ പ്രണയിക്കുന്നയാളാണ്. പിതാവിന്റെയും ഭാര്യാപിതാവിന്റെയും സപ്തതി ഇദ്ദേഹം ആഘോഷിച്ചത് 70 കിലോമീറ്റർ ഓടിത്തീർത്താണ്. റാസൽ ഖൈമയിലെ ജബൽജെയ്സ് മലയിലായിരുന്നു സാഹസികമായ ഓട്ടം. ഇതിന് മുമ്പും ദീർഘദൂര ഓട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം. ഊട്ടി മാരത്തണിൽ പങ്കെടുക്കാൻ എറണാകുളം തേവര കോന്തുരത്തിയിലുള്ള വീട്ടിൽ നിന്ന് സൈക്കിളിലാണ് ഊട്ടിയിലെത്തിയത്. ജെസി ജേക്കബാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.