അരൂർ: വേമ്പനാട്ടുകായലിലെ ഏകാന്തതയുടെ പ്രതീകങ്ങളായ പച്ചത്തുരുത്തുകൾ സഞ്ചാരികളെ അരൂർ മേഖലയിലേക്ക് ആകർഷിക്കുന്നു. കത്തുന്ന വേനലിൽ ഈർപ്പത്തിൽ കുളിർന്നുനിൽക്കുന്ന ചെറുദ്വീപുകൾ കണ്ണിന് മാത്രമല്ല, മനസ്സിനും കുളിർമ നൽകും. ദ്വീപുകളിലെ ഗ്രാമീണ ജീവിതാനുഭവങ്ങളും സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ളതാണ്.
വിവിധ രീതികളിലുള്ള മത്സ്യബന്ധനമാണ് ഏറെ വ്യത്യസ്തമായ അനുഭവം. വലവീശിയും ചൂണ്ടയിട്ടും പിടിക്കുന്ന മീനുകൾ പാകപ്പെടുത്തി ചൂടോടെ ആസ്വദിക്കാൻ യാത്രികർക്ക് അവസരമുണ്ട്.കായൽ യാത്രയും ഇവർക്ക് പ്രിയമുള്ളതാണ്. വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലും കായൽയാത്രകൾ ആസ്വാദ്യകരമാണ്.
കണ്ടൽക്കാടുകൾക്കിടയിലൂടെ വള്ളത്തിൽ സഞ്ചരിക്കുമ്പോൾ ഒരുപാട് ജീവജാലങ്ങളെ അടുത്തുകാണാം. അപൂർവ പക്ഷികളുമുണ്ട് ഇക്കൂട്ടത്തിൽ. കായലിനുള്ളിലായി അഞ്ചുതുരുത്ത്, മൈലന്തുരുത്ത്, വെറ്റില തുരുത്ത്, കാക്കത്തുരുത്ത്, അരൂക്കുറ്റി കായലിലെ ചെറുതുരുത്തുകൾ ....അങ്ങനെ ചെറുതും വലുതുമായ തുരുത്തുകൾ ധാരാളമുള്ള വേമ്പനാട്ടുകായലിൽ വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യമുണ്ട്. തുരുത്തു നിവാസികളെ കൂടി ഭാഗമാക്കി ഉത്തരവാദ ടൂറിസം പദ്ധതിഫലപ്രദമായി വിജയിപ്പിക്കാം.
കൊച്ചി നഗരത്തിന്റെ ചുറ്റും കിടക്കുന്ന ദ്വീപുകളെ ബന്ധപ്പെടുത്തിയാണ് വാട്ടർ മെട്രോ പദ്ധതി രൂപപ്പെടുത്തിയത്. അരൂർ മണ്ഡലത്തിലെ കായൽ തുരുത്തുകളെ കോർത്തിണക്കി കായൽ വിനോദസഞ്ചാരം വികസിപ്പിക്കാം.അരൂർ മണ്ഡലത്തിലെ കായൽ ടൂറിസത്തിന് വൻസാധ്യത തുറന്നു കൊടുക്കുന്നതാണ് ചെറുതും വലുതുമായ നിരവധി കായൽ തുരുത്തുകൾ. ഇതുമായി ബന്ധപ്പെടുത്തിയ വിനോദസഞ്ചാരസാധ്യത പൂർണ്ണമായും അരൂരിൽ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന വിമർശനം പുതിയതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.