കുമളി: സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും വളർച്ചക്കും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ തേക്കടിയിൽ കെ.ടി.ഡി.സിയുടെ അനാസ്ഥമൂലം സഞ്ചാരികൾ ദുരിതത്തിൽ. വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന സന്ദർഭത്തിൽ പോലും ബോട്ടുകൾ അറ്റകുറ്റപ്പണികൾ തീർത്ത് തടാകത്തിലിറക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥ തലത്തിലെ കെടുകാര്യസ്ഥതയുടെ തെളിവായി. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുവഴിയുണ്ടാകുന്നത്.
തേക്കടി തടാകത്തിൽ വിനോദ സഞ്ചാരികൾക്കായി കെ.ടി.ഡി.സിയുടെ മൂന്ന് ഇരുനില ബോട്ടുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണവും വിശ്രമത്തിലാണ്. മൂന്ന് വർഷം മുമ്പ് അറ്റകുറ്റപ്പണികൾക്കായി ഓട്ടം നിർത്തിവെച്ച ജലരാജയെന്ന ബോട്ട് ഇപ്പോഴും കരയിലാണ്. ഇതിന് പിന്നാലെ ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ഇരുനില ബോട്ടായ ജലയാത്രയും ഓട്ടം നിർത്തി.
ബോട്ടുകളുടെ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടത്തുന്നതിൽ തേക്കടിയിലെ ഉദ്യോഗസ്ഥർ തുടരുന്ന അനാസ്ഥയും മുൻകൂട്ടി വിവരങ്ങൾ ഹെഡ് ഓഫിസിൽ അറിയിക്കാത്തതുമാണ് പ്രശ്നം രൂക്ഷമാക്കിയത്. 120 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ബോട്ടുകൾ ഓടാതായതു മൂലം ഓരോ ദിവസവും 1200 പേർക്കാണ് ബോട്ട് സവാരിക്ക് പോകാനാവാതെ തേക്കടിയിൽനിന്ന് നിരാശരായി മടങ്ങേണ്ടി വരുന്നത്. ഇതുവഴി കെ.ടി.ഡി.സിക്ക് ഓരോ ദിവസവും 3.5 ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.
തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികൾ പ്രവേശന ടിക്കറ്റ്, ബസ് ടിക്കറ്റ് എന്നിവ വാങ്ങി ബോട്ട്ലാൻഡിങ്ങിലെത്തുമ്പോഴാണ് ബോട്ട് ടിക്കറ്റ് ഇെല്ലന്ന വിവരം അറിയുന്നത്.പല സ്ഥലത്തുനിന്നും എത്തി ഹോട്ടലുകളിൽ താമസിച്ച് ബോട്ട് സവാരിക്ക് കുടുംബസമേതം എത്തുന്ന സഞ്ചാരികൾ അവസാന നിമിഷം ടിക്കറ്റിെല്ലന്നറിഞ്ഞ് നിരാശരായി മടങ്ങുന്നത് പതിവ് കാഴ്ചയാണ്.
ബോട്ട് സവാരി വഴി കോടികളുടെ വരുമാനമാണ് കെ.ടി.ഡി.സിക്കുള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനം കെ.ടി.ഡി.സി.ക്ക് ലഭിക്കുന്നതും തേക്കടിയിലെ ബോട്ട് സവാരിയിൽ നിന്നാണ്. എങ്കിലും സമയബന്ധിതമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ താൽപര്യം കാണിക്കാറില്ലന്ന് ടൂറിസം രംഗത്തുള്ളവർ പറയുന്നു.
കുമളി: തേക്കടി തടാകത്തിൽ വിനോദ സഞ്ചാരികൾക്കായി ഓടിയിരുന്ന വനം വകുപ്പിന്റെ രണ്ട് ഫൈബർ ബോട്ടുകളും വിശ്രമത്തിൽ. 18 പേർക്ക് യാത്ര ചെയ്യാനാവുന്ന രണ്ട് ബോട്ടുകളാണ് അറ്റകുറ്റപ്പണിക്കായി രണ്ടു വർഷമായി മാറ്റിയിട്ടിരിക്കുന്നത്.
വിനോദ സഞ്ചാരികൾക്കായി ഓടിയിരുന്ന ബോട്ടിൽ കാട്ടിനുള്ളിലെ വിവിധ നിർമാണ ജോലികൾക്കായി സാധന സാമഗ്രികൾ കയറ്റിയാണ് തകരാറിലാക്കിയത്. സിമന്റ്, കമ്പി, ഇഷ്ടിക ഉൾെപ്പടെ ഭാരമേറിയ സാധനങ്ങൾ കയറ്റിയതുമൂലം ബോട്ടിനുണ്ടായ തകരാർ പരിഹരിക്കാതെ ഓട്ടം നിർത്തുകയായിരുന്നു.
വനംവകുപ്പിൽ വിവിധ നിർമാണ ജോലികൾക്കും മോടിപിടിപ്പിക്കലിനുമായി കോടികളാണ് ഓരോ വർഷവും ചെലവഴിക്കുന്നത്. വിവിധ ഇക്കോ ടൂറിസം പരിപാടികൾ വഴി വനംവകുപ്പിന് വലിയ വരുമാനവും ലഭിക്കുന്നുണ്ട്. എന്നാൽ, ബോട്ടുകളുടെ തകരാർ പരിഹരിക്കാൻ മാത്രം അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. നിലവിൽ വനം വകുപ്പിന്റെ രണ്ട് ഇരുനില ബോട്ടുകൾ തേക്കടിയിൽ സർവിസ് നടത്തുന്നുണ്ട്. ഇതിൽ ഒരു ദിവസത്തെ 5 ട്രിപ്പിലും കൂടി ആകെ 600 പേർക്കാണ് സവാരി നടത്താനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.