തൊടുപുഴ: ഈസ്റ്ററിനോടനുബന്ധിച്ച് തുടർച്ചയായി കിട്ടിയ അവധി ആഘോഷമാക്കാൻ സഞ്ചാരികൾ ഇടുക്കിയിലേക്ക് എത്തിയതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക്. സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികളാണ് അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലേക്കെത്തുന്നത്.
മൂന്നാർ, വാഗമൺ, തേക്കടി എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് ഒഴിവുള്ളത്. അടിമാലി- മൂന്നാർ റോഡ്, കുമളി- തേക്കടി റോഡ്, കോട്ടയം- വാഗമൺ റോഡ് എന്നിവിടങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ്. ഇടുക്കി അണക്കെട്ടും മൂന്നാറും തേക്കടിയും വാഗമണ്ണുമടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി അനുഭവപ്പെട്ടത്.
കോവിഡിന് ശേഷം മെല്ലെ ഉണർന്നു വരുന്ന വിനോദസഞ്ചാര മേഖലക്ക് ഉണർവ് നൽകുന്നതാണ് സഞ്ചാരികളുടെ വരവ്. മലയാളികൾക്ക് പുറമെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ളവരും ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ട്. പതിനായിരത്തിലേറെ പേരാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിയത്. മൂന്നാറിലും വാഗമണ്ണിലുമാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.പുതുവർഷത്തിന് ശേഷം ഡിമാൻഡ് വർധിച്ചതോടെ റിസോർട്ടുകളിലും ഹോട്ടലുകളിലും നിരക്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്.
വാഗമൺ മൊട്ടക്കുന്നിലെവിടെയും വിനോദസഞ്ചാരികളാണ്. 6595 പേരാണ് രണ്ടുദിവസങ്ങളിൽ മൊട്ടക്കുന്നിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്. അഡ്വഞ്ചർ പാർക്കിലും നല്ല തിരക്കുണ്ട്.
വെള്ളിയാഴ്ച 2254 പേരാണ് ഇവിടെ എത്തിയത്. വാഗമണ്ണിലെത്തുന്നവരിൽ ഏറെയും പാഞ്ചാലിമേട്ടിലും പോകാറുണ്ട്. 2042 സഞ്ചാരികളാണ് കഴിഞ്ഞദിവസം പാഞ്ചാലിമേട്ടിലെത്തിയത്.
തെക്കിന്റെ കശ്മീരായ മൂന്നാർ സഞ്ചാരികളാൽ നിറഞ്ഞു. കഴിഞ്ഞ ദിവസം ഇരവികുളം ദേശീയോദ്യാനത്തിൽ 3120 പേരാണ് എത്തിയത്.സാധാരണ 2850 പേരെയാണ് പാർക്കിൽ അനുവദിക്കുക. വ്യാഴാഴ്ച 2137 ടിക്കറ്റാണ് വിറ്റുപോയത്. സാധാരണ വൈകീട്ട് 4.30നാണ് ടിക്കറ്റ് കൗണ്ടർ അടക്കുന്നതെങ്കിൽ ഇപ്പോൾ 3.30നുതന്നെ അടക്കേണ്ട സ്ഥിതിയാണ്.
30 ശതമാനം ടിക്കറ്റ് ഓൺലൈൻ വഴിയും ബുക്ക് ചെയ്യുന്നുണ്ട്.മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ 658 പേരാണ് കഴിഞ്ഞ ദിവസം സന്ദർശിച്ചത്. മാട്ടുപ്പെട്ടിയിലെത്തി ബോട്ടിങ് ആസ്വദിച്ചവർ 360 പേരാണ്.
മാട്ടുപ്പെട്ടി- 820
രാമക്കൽമേട്- 2495
അരുവിക്കുഴി- 285
എസ്.എൻ പുരം- 1394
വാഗമൺ മൊട്ടക്കുന്ന്- 6655
വാഗമൺ പാർക്ക്- 2893
പാഞ്ചാലിമേട്- 2784
ഇടുക്കി ഹിൽവ്യൂ പാർക്ക്- 645
ബൊട്ടാണിക്കൽ ഗാർഡൻ- 2345
ആകെ- 20316
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.