കാക്കത്തുരുത്തിലെത്തിയാൽ സൂര്യാസ്തമയം കണ്ടു നടക്കാം. ഇവിടെ നിന്ന് നോക്കിയാൽ പകൽ മുഴുവൻ കത്തിയെരിഞ്ഞ് ചുട്ടുപഴുത്ത സൂര്യൻ കടലിൽ മുങ്ങിക്കുളിച്ചുറങ്ങാൻ പോകുന്നത് മതിയാവോളം നോക്കിനിൽക്കാം. ഭൂഗോളത്തെ മുഴുവൻ ചെഞ്ചുവപ്പണിയിച്ച് ആരോടും പറയാെത സൂര്യൻ കടലിെന പുൽകുന്ന കാഴ്ച ഇവിടെ നിന്ന് നോക്കിയാൽ കാണുന്നത്ര അനുഭൂതിയോടെ മറ്റെവിടെ നിന്ന് സൂര്യാസ്തമയം കാണാനാകും. നീണ്ടതും വീതി കുറഞ്ഞതുമായ ഒറ്റയടിപ്പാതകളാണ്. ചെമ്മണ്ണ് പോലും വിരിച്ചിട്ടില്ല. അതിങ്ങനെ നിവർന്നുകിടക്കുകയാണ് പൂഴിമണലിൽ. ശരിക്കും കുട്ടികളുടെ സൈക്കിളല്ലാതെ ഒരു ഇരുചക്രവാഹനത്തിെൻറ ചക്രങ്ങൾ പോലും പതിയാത്ത മണ്ണ്. മൂന്ന് കിലോമീറ്റർ ഒന്നു ചുറ്റിക്കറങ്ങി നടന്ന് സൂര്യാസ്തമയവും കണ്ട് മടങ്ങാൻ തയ്യാറുള്ളവരെ കാത്തിരിക്കുകയാണ് കാക്കത്തുരുത്ത്.
ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച ആലപ്പുഴയിെല കാക്കത്തുരുത്ത് അൽഭുതമാകുകയാണ്. ആലപ്പുഴ ദേശീയപാതയിൽ എരമല്ലൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ കാക്കത്തുരുത്തിലേക്കുള്ള കടവായി. പഞ്ചായത്ത് വക കടത്തുവള്ളം അതിരാവിലെ മുതൽ രാത്രി ഒമ്പതര വരെ സർവീസ് ഉണ്ട്. സ്വകാര്യ വള്ളങ്ങളും ആവശ്യത്തിന്. എഴുപുന്ന പഞ്ചായത്തിലെ ഒമ്പതാം വാർഡാണ് കാക്കത്തുരുത്ത്. മുന്നൂറ് കുടുംബങ്ങൾ താമസിക്കുന്നു. ആയിരത്തിലധികമാണ് ആളുകൾ. വേമ്പനാട്ടുകായലിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിൽ ഒന്ന്. വർത്തമാനം പറഞ്ഞാൽ നമ്മൾ തന്നെ അത് തിരികെ കേൾക്കുന്ന അത്ര നിശബ്ദത. ഒറ്റയാൾ വീതിയിലുള്ള നാട്ടിടവഴിയിലൂടെ മൂന്ന് കിലോമീറ്റർ ചുറ്റിനടന്നാൽ ദ്വീപ് മുഴുവൻ കാണാം. വേമ്പനാട്ടു കായലിലെ മറ്റ് ദ്വീപുകളെ അേപക്ഷിച്ച് ഏറ്റവും ശുദ്ധമായ കിണർ െവള്ളമാണ് ദ്വീപിൽ ലഭിക്കുന്നത്. നാട്ടു നൻമയുടെ ഇടവഴികളാണ് എങ്ങും. ഒരു വീടിനും വേലിയോ മതിലോ ഇല്ല. അതിരുകളില്ലാത്ത ഇടം. എല്ലാവരും എല്ലായിടത്തുകൂടിയും കയറിയിറങ്ങി നടക്കുന്നു. വീടുകളെയും ബന്ധിപ്പിച്ച് െകാണ്ട് ഇടവഴികളുണ്ട്. തെങ്ങിൻകൂട്ടങ്ങളും ഇടവയലുകളും ആണ് പ്രധാന ആകർഷണം. ചെറുകാടുകളും ഉണ്ട്. തുരുത്തിെൻറ അറ്റത്തുള്ള തകര ഷീറ്റ് മേഞ്ഞ ചെറിയ ദേവീ ക്ഷേത്രത്തിന് മുന്നിൽനിന്ന് ഒരു കാര്യം മനസ്സിൽ ആഗ്രഹിച്ച് പ്രാർഥിച്ചാൽ ആ കാര്യം ഉറപ്പായും സാധിക്കുമെന്ന് അമ്പലത്തിന് തൊട്ടടുത്ത വീട്ടുകാരി പറഞ്ഞു.
നാഷനൽ ജ്യോഗ്രഫിക് മാസിക 'എറൗണ്ട് ദി വേൾഡ് ഇൻ 24 ഹവേഴ്സ്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ട്രാവൽ ഫോേട്ടാ ഫീച്ചറിലാണ് കാക്കത്തുരുത്ത് ഇടം പിടിച്ചത്. ഒരു ദിവസം കൊണ്ട് ലോകം ചുറ്റിയാൽ കാണേണ്ട 24 സ്ഥലങ്ങളിൽ ഒന്നായി കൊച്ചു കേരളത്തിലെ കുഞ്ഞ് കാക്കത്തുരുത്തുമുണ്ട്. ന്യൂയോർക്കും പാരിസും ഒക്കെയുള്ള ആ ലിസ്റ്റിൽ നമ്മുടെ നാടിെൻറ ഗന്ധവും ഉണ്ടെന്നത് ചില്ലറക്കാര്യമല്ല.
തുരുത്തിലെ തെക്കുംതറ പ്രദേശത്തുനിന്നാണ് സൂര്യാസ്തമയം ഏറ്റവും നന്നായി ആസ്വദിക്കാനാവുക. പണ്ടിവിടെ കാക്കകൾ മാത്രമേ വിരുന്നുവന്നിരുന്നുള്ളുവത്രേ. അങ്ങനെ വീണ പേരാണ് കാക്കത്തുരുത്ത്. ഇപ്പോൾ തെക്കുംതറക്ക് സമീപത്തെ കുറ്റിക്കാടുകളിൽ നിറയെ കിളികൾ വരുന്നു. കണ്ടൽ അടക്കം വളർന്നു നിൽക്കുന്ന ചെറു കാടുകൾ ഒരു പ്രധാന ആകർഷണം തന്നെയാണ്. എത്ര നടന്നാലും മതിവരില്ല ഇവിടുത്തെ ഇടവഴികളിലൂടെ. മൂന്ന് പതിറ്റാണ്ടിനു മുമ്പുള്ള മണൽവഴികളാണ് ഇന്നും ഇവിടെ. റോഡിെൻറ ആവശ്യം ഇല്ലതന്നെ. ഒരു ഇരുചക്രവാഹനംപോലുമില്ല ഇവിടെ പുക തുപ്പി ചീറിപ്പായാൻ. അത് തന്നെയാണ് തുരുത്തതിെൻറ സൗന്ദര്യവും.
പണ്ട് കൃഷിയായിരുന്നു മുഖ്യ ഉപജീവന മാർഗം. ഇന്ന് കൃഷി ഏകദേശം ഇല്ലാതായിട്ടുണ്ട്. എല്ലാവരും ഇക്കരെവന്ന് ചെമ്മീൻ ഫാക്ടറികളിലാണ് പണിയെടുക്കുന്നത്. ആണുങ്ങളെല്ലാം കൂലിപ്പണിക്ക് പോകും. അസൗകര്യങ്ങളാണ് നിലവിൽ തുരുത്ത് നേരിടുന്ന പ്രധാന പ്രശ്നം. പാലം വരുമെന്ന് കാലങ്ങളായി അധികൃതർ പറയുന്നുണ്ടെങ്കിലും ഇനിയും അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടില്ല. ആകെ ഒരു അംഗൻവാടിയും ഒരു ആയൂർവേദ ഡിസ്പെൻസറിയും മാത്രമാണ് തുരുത്തിലുള്ളത്. എങ്കിലും നാട്ടുകാർക്ക് പരാതിയൊന്നുമില്ല. തുരുത്തിലെ അത്രയും വീട്ടുകാർക്കും പരസ്പരം നന്നായി അറിയാം. ഒരു അസുഖം ഉണ്ടായാലും ദുഃഖമുണ്ടായാലും ഒക്കെ പരസ്പരം താങ്ങാകും അവർ. മിക്ക വീട്ടിലും ചെറുയന്ത്രങ്ങൾ ഘടിപ്പിച്ച വള്ളങ്ങളുണ്ട്. അതിലാണ് അവരുടെ യാത്ര. കേവലം കാഴ്ചകൾ മാത്രമല്ല നമ്മെ തുരുത്തിൽ അമ്പരപ്പിക്കുക. നിഷ്കളങ്കരായ കുറെ ആൾക്കാരുടെ നാട്യങ്ങളില്ലാത്ത ഗ്രാമ ജീവിതവും അടുത്തുനിന്ന് കാണാനാകും. നാഷനൽ ജ്യോഗ്രഫിക്കൽ മാഗസിനിലൊക്കെ ഇടം പിടിച്ച സ്ഥലമായിട്ടും നമ്മുടെ ടൂറിസം വകുപ്പ് അറിഞ്ഞ മെട്ടാന്നുമില്ല. വിേദശികൾ ഒറ്റ ദിവസം കൊണ്ട് കാണേണ്ട 24 ഇടങ്ങളിലൊന്നായ കാക്കത്തുരുത്ത് കണാൻ ഒഴുകുേമ്പാഴെങ്കിലും അധികൃതർ കണ്ണ് തുറക്കുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.