സമ്പന്നമായ ഭൂതകാലവും സജീവമായ വര്‍ത്തമാനകാലവും സൂക്ഷിക്കുന്ന ഇന്ത്യയുടെ തലസ്ഥാനനഗരയിലേക്ക് എത്തുമ്പോൾ നിലാവിന്റെ നീലപ്പുതപ്പ് പുതച്ച് ഡൽഹി നഗരം ഉറക്കത്തിലേക്കു മറഞ്ഞിരുന്നു. വിദ്യാർഥികളുടെ ക്ഷീണം രാത്രിയിൽ ലയിച്ചു. ഓർമകൾ അനുഭവങ്ങളുടെ ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങളായി.
പിറ്റേന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള വിഷൻ 2026 പ്രോജക്ടിന്റെ ഒഖ്ലയിലുള്ള ഓഫിസായിരുന്നു ആദ്യ ലക്ഷ്യം. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പുറത്തുകൊണ്ടുവന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006ലാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിഷൻ 2016ന് തുടക്കംകുറിക്കുന്നത്.
കാലങ്ങളായി യാതനാപൂർവം താണ്ടുന്ന ഒരു വലിയ ജനസമൂഹത്തെ അതിജീവനത്തിന്റെ സ്വപ്നങ്ങൾ കാണാനും അത് സാക്ഷാത്കരിക്കാനും പ്രാപ്തരാക്കിയ ഈ മുന്നേറ്റത്തെ മുന്നിൽനിന്ന് നയിച്ച മർഹൂം പ്രഫസർ സിദ്ദീഖ് സാഹിബിനുവേണ്ടി പ്രാർഥിച്ചുകൊണ്ടാണ് ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെ മേൽവിലാസത്തോട് ഞങ്ങൾ വിടചൊല്ലിയത്.
‘വാക്കെരിയുന്നോരടുപ്പിൽനിന്നും തീക്കനൽ വാരി വിഴുങ്ങുന്ന’ കവി എന്നാണ് തമിഴ് സാഹിത്യലോകത്ത് കനിമൊഴി കരുണാനിധിയെ വിശേഷിപ്പിക്കുന്നത്.
വിദ്യാർഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും സംവാദങ്ങളിൽ ഏർപ്പെടാനും യാത്രക്കിടെ അവസരം സൃഷ്ടിക്കണമെന്ന് നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.പി കനിമൊഴിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങുന്നത്. ഡോ. രാജേന്ദ്ര പ്രസാദ് റോഡിലുള്ള എം.പി വസതിയോട് ചേർന്ന് ബസ് നിർത്തി! ഗേറ്റ് തുറന്ന് ഞങ്ങളെ സ്വീകരിച്ച പേഴ്സനൽ സ്റ്റാഫ് ഗസ്റ്റ് ഹാളിലേക്ക് ആനയിച്ചു.
ഹാളിലേക്ക് തമിഴകത്തിന്റെ എം.പിയും പ്രിയ കവിയും എത്തി. രാഷ്ട്രീയവും സാഹിത്യവും സാമൂഹികവുമായ പ്രതിബദ്ധതകളെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ചയുള്ള വീക്ഷണങ്ങളും കുട്ടികൾക്ക് പകർന്നുനൽകി. ഗൗരവമേറിയ സംഭാഷണങ്ങൾക്കിടയിൽ രസകരമായ ഒരു സംഭവം അരങ്ങേറി. വിദ്യാർഥികളിലൊരാളായ അഫ്ഷിൻ, ലഘുഭക്ഷണമായി നൽകിയ ബനാന ചിപ്സിനോടുള്ള അവന്റെ ഇഷ്ടം പ്രകടിപ്പിച്ചു.
ഞങ്ങൾ പോകാൻ തയാറെടുക്കുമ്പോൾ, സധൈര്യം അവൻ എം.പി കനിമൊഴിയുടെ നേർക്ക് തിരിഞ്ഞ് തനിക്ക് കൂടുതൽ കിട്ടുമോ എന്ന് ചോദിച്ചു. അവരുടെ പ്രതികരണം അപ്രതീക്ഷിതവും പ്രിയങ്കരവുമായിരുന്നു. അവർ പെട്ടെന്ന് അടുക്കളയിൽനിന്ന് കൂടുതൽ ചിപ്സ് എടുത്ത് അവനു സമ്മാനിച്ചു, മടികൂടാതെ ചോദിക്കാനുള്ള അവന്റെ ധൈര്യത്തെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.