ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ യാത്രക്കാര്‍ക്ക് ഏറെ പ്രിയമേറുന്നതായി മാറുകയാണ് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് പുതുതായി പ്രവർത്തനമാരംഭിച്ച ‘ടെര്‍മിനല്‍ എ’. 2023ല്‍ 2.24 കോടി യാത്രക്കാരാണ് അബൂദബി വിമാനത്താവളം വഴി കടന്നുപോയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.8 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഇവിടെ ഉണ്ടായിരിക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തുവിട്ട കണക്കുപ്രകാരം 1.11 കോടി ആളുകള്‍ കഴിഞ്ഞ വര്‍ഷം അബൂദബിയിലെത്തിയെങ്കില്‍ ഇവിടുന്ന് വിദേശത്തേക്കു പോയത് 1.13 കോടി പേരാണ്. ഈ കണക്കിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പേര്‍(32 ലക്ഷം) അബൂദബിയില്‍ എത്തിയത് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. പടിഞ്ഞാറന്‍ യൂറോപ്പ് 19 ലക്ഷം, ഏഷ്യ 17 ലക്ഷം, ജി.സി.സി രാജ്യക്കാര്‍ 16 ലക്ഷം, കിഴക്കനേഷ്യ 8.2 ലക്ഷം എന്നിങ്ങനെയാണ് മറ്റു മേഖലകളില്‍നിന്ന് എത്തിയ യാത്രക്കാരുടെ എണ്ണം.
അബൂദബിയില്‍നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ പോയതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കാണ് (35 ലക്ഷം) എന്ന പ്രത്യേകതയുമുണ്ട്. വന്നവരുടേയും പോയവരുടെയും കണക്ക് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിച്ചിരിക്കുന്നത്. സൗത്ത് അമേരിക്ക 19 ലക്ഷം, ഏഷ്യ 17 ലക്ഷം, ജി.സി.സി 16 ലക്ഷം എന്നിങ്ങനെയാണ് ഇതുവഴി കടന്നു പോയവരുടെ കണക്ക്. എമിറേറ്റിലെ മറ്റൊരു എയര്‍പോര്‍ട്ടായ അല്‍ഐന്‍ രാജ്യാന്തര വിമാനത്താവളം വഴി 51,067 പേരാണ് യാത്ര ചെയ്തിട്ടുള്ളത്. ഇക്കാലയളവില്‍ 1.41 ലക്ഷം വിമാനങ്ങള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വര്‍ഷം 1.10 ലക്ഷം സര്‍വീസുകളാണ് നടത്തിയിരുന്നത്. ചരക്കു നീക്കത്തില്‍ (3.19 ലക്ഷം ടണ്‍) ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്.
2024ന്റെ ആദ്യപാദത്തില്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം നവംബറില്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനില്‍ തുറന്നതിനു ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസത്തില്‍ മാത്രം വിമാനത്താവളത്തിലൂടെ 68 ലക്ഷം യാത്രികര്‍ വന്നുപോയി. അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ബത്തീന്‍ എക്‌സിക്യൂട്ടിവ്, ഡെല്‍മ ദ്വീപ്, സര്‍ ബനിയാസ് ഐലന്‍ഡ് വിമാനത്താവളം എന്നിങ്ങനെ അഞ്ച് വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രികരുടെ സഞ്ചാരത്തില്‍ 35.6 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ ഈ വിമാനത്താവളങ്ങള്‍ വഴി 69 ലക്ഷത്തിലേറെ യാത്രികരാണ് വന്നുപോയത്.
ഇക്കാലയളവില്‍ ലണ്ടനിലേക്കാണ് അബൂദബിയില്‍ നിന്ന് കൂടുതല്‍ യാത്രികര്‍ സഞ്ചരിച്ചത് (2,90,000 പേര്‍). മുംബൈ, കൊച്ചി, ഡല്‍ഹി, ദോഹ എന്നിവയാണ് യാത്രികരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് കേന്ദ്രങ്ങള്‍. ചരക്ക് നീക്കത്തിലും ആദ്യ പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. 25.6 ശതമാനമാണ് ചരക്ക് നീക്കത്തിലുണ്ടായ വളര്‍ച്ച. ടൂറിസമടക്കമുള്ള എണ്ണയിതര മേഖലയിലെ വികസനമുറപ്പാക്കിയാണ് അബൂദബി കൂടുതല്‍ യാത്രികരെ എമിറേറ്റിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. തുര്‍ക്‌മെനിസ്താന്‍ എയര്‍ലൈന്‍സ്, ഹൈനാന്‍ എയര്‍ലൈന്‍സ് എന്നീ രണ്ട് എയര്‍ലൈനുകള്‍ കൂടി അബൂദബിയില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങിയതോടെ ഇവിടെ നിന്ന് സ്ഥിരമായി സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളുടെ എണ്ണം 29 ആയി ഉയര്‍ന്നിട്ടുണ്ട്.
10 വര്‍ഷം കൊണ്ട് പ്രതിവര്‍ഷ യാത്രികരുടെ എണ്ണം 6.5 കോടിയായി വര്‍ധിപ്പിക്കുമെന്ന് നവംബറില്‍ പുതിയ ടെര്‍മിനല്‍ തുറന്ന വേളയില്‍ അബൂദബി എയര്‍പോര്‍ട്‌സ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇത് 4.5 കോടിയാണ്. ഒരേസമയം 79 വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ടെര്‍മിനല്‍ എയ്ക്ക്. മണിക്കൂറില്‍ 11,000ത്തിലധികം യാതികരെയും ടെര്‍മിനല്‍ -എക്ക് ഉള്‍ക്കൊള്ളാനാവും.
742000 ചതുരശ്ര മീറ്ററില്‍ സജ്ജമാക്കിയ ടെര്‍മിനല്‍ എ ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നാണ്. അബൂദബിയുടെ ടൂറിസം രംഗത്തിന് ഉണര്‍വേകാനും ഇതുവഴി എമിറേറ്റിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വേഗം കൂട്ടാനും ടെര്‍മിനല്‍-എ സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.