തൊടുപുഴ: ജൈവ വൈവിധ്യ പൈതൃക കേന്ദ്രമാകാനൊരുങ്ങുകയാണ് തൊടുപുഴ നഗരത്തിെൻറ ഓക്സിജൻ സെന്റർ എന്നറിയപ്പെടുന്ന കോലാനി അമരംകാവ്. ഇതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിെൻറ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചെറുവനമാണ് തൊടുപുഴക്ക് സമീപത്തെ അമരംകാവ്. ജൈവ വൈവിധ്യംകൊണ്ട് നഗരത്തെ തൊട്ടുരുമ്മി നിൽക്കുന്ന മൂന്നേക്കർ വിസ്തൃതിയുള്ള ഈ കാവ് പക്ഷികളുടെയും പൂമ്പാറ്റകളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ്. തമ്പകം, ഈട്ടി, മഹാഗണി, ആഞ്ഞിലി തുടങ്ങി നൂറുകണക്കിന് ചെറുതും വലുതുമായ മരങ്ങൾ ഇവിടെയുണ്ട്. തമ്പകമാണ് കൂടുതൽ.
കാവിലെ ഏറ്റവും വലിയ മരത്തിെൻറ ചുറ്റളവ് ഏഴ് മീറ്ററാണ്. മരങ്ങളിൽ ചുറ്റിപ്പിണഞ്ഞ വള്ളികളും ശക്തമായ അടിക്കാടും അമരംകാവിനെ നഗരത്തിെൻറ സ്വന്തം വനമാക്കുന്നു. ഇതുവരെ 86 ഇനം പക്ഷികളെ കാവിൽ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന തീകാക്കക്ക് പുറമെ കിന്നരിപ്പരുന്ത്, തേൻകൊതിച്ചിപ്പരുന്ത്, നീലതത്ത, ചിന്നതത്ത, ഓമനപ്രാവ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വനദുർഗ പ്രതിഷ്ഠയായുള്ള അമരംകാവിൽ അപൂർവയിനം ഔഷധ സസ്യങ്ങളുമുണ്ട്. കേന്ദ്രസർക്കാറിെൻറ കേരളത്തിലെ പൈതൃകസ്വത്തുക്കളുടെ പട്ടികയിൽ ഈ കാവ് ഇടം പിടിച്ചിട്ടുണ്ട്. വരുംതലമുറകൾക്ക് വിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതും ലക്ഷ്യമാണ്.
കഴിഞ്ഞ ദിവസം ചേർന്ന ബയോഡൈവേഴ്സിറ്റി മാനേജ്കമ്മിറ്റിയിൽ അമരംകാവിനെ ജൈവപൈതൃക കേന്ദ്രമാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. യോഗത്തിൽ അമരംകാവ് ക്ഷേത്ര ഭരണ സമിതി സമ്മതവും അറിയിച്ചിട്ടുണ്ട്. ജൈവവൈവിധ്യബോർഡിന് ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. നടപടി പൂർത്തിയായി പ്രഖ്യാപനം വന്നാൽ ജില്ലയിലെ ആദ്യജൈവ വൈവിധ്യ പൈതൃക കേന്ദ്രം എന്ന ഖ്യാതിയും അമരംകാവിന് സ്വന്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.