ആമസോൺ മഴക്കാടുകളെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. തെക്കെ അമേരിക്കയിലെ ആമസോൺ മേഖലയിൽ ഏതാണ്ട് 55 ലക്ഷം ചതുരശ്ര അടി വ്യാപ്തിയിലുള്ള കൊടും വനമേഖലയാണ് ആമസോൺ. ബ്രസീൽ, പെറു, കൊളംബിയ തുടങ്ങി ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ മഴക്കാടിനുള്ളിൽ ഒരു വൻ നഗരം സങ്കൽപിച്ചുനോക്കൂ. അതിന് സാധ്യതില്ലെന്നാണ് ആദ്യം മനസ്സിൽ വരുക. പക്ഷേ, അങ്ങനെയല്ല കാര്യങ്ങൾ. 2000 വർഷങ്ങൾക്കുമുമ്പ് അവിടെ ഒരു നഗരമുണ്ടായിരുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
സ്റ്റീഫൻ റോസ്റ്റൈയ്ൻ എന്ന ആർക്കിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള ഖനന സംഘമാണ് പുരാതന നഗരം കണ്ടെത്തിയത്. ഏതാണ്ട് പതിനായിരം കർഷകർ താമസിച്ചിരുന്ന ഈ നഗരത്തെക്കുറിച്ചുള്ള സൂചനകൾ 20 വർഷം മുന്നേ റോസ്റ്റൈയ്ന് ലഭിച്ചിരുന്നു. ഇക്വഡോറിൽ ഖനനത്തിലേർപ്പെട്ടിരിക്കെ കണ്ടെത്തിയ പുരാതന റോഡുകൾ ഒടുവിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ആമസോണിലെ മറഞ്ഞുകിടക്കുന്ന നഗരാവശിഷ്ടങ്ങളിലേക്കായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ബി.സി 500നും എ.ഡി 300നും ഇടയിലാകാം നഗരത്തിന്റെ സജീവകാലമെന്നാണ് അനുമാനിക്കപ്പെടുന്നത്.
യൂറോപ് റോമിന്റെ കീഴിലായിരുന്ന കാലമാണിത്. ഏതായാലും പുതിയ കണ്ടെത്തൽ ആമസോൺ ജനതയെക്കുറിച്ചുള്ള ചരിത്രപഠനത്തിൽ നിർണായകമാണ്. ലേസർ മാപ്പിങ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഗവേഷണ സംഘം പഠനം നടത്തിയത്. ഗവേഷണ ഫലം സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.