കടുത്ത വേനലിൽ ഒന്ന് ‘ചില്ലാ’വാൻ ഇടം അന്വേഷിക്കുന്നവർക്കുള്ള ഉത്തരമിതാ. സ്നോ അബൂദബി, ക്ലൈമ്പ്, നാഷനല്‍ അക്വേറിയം, സായിദ് സ്പോര്‍ട്സ് സിറ്റി ഐസ് റിങ്ക്, ലൂവ് റേ അബൂദബി, ക്രൈയോ, യാസ് വാട്ടര്‍വേള്‍ഡ് അബൂദബി, സരയ് സ്പാ, അഡ്രിനാര്ക് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലാണ് തണുപ്പുനുകരാനുള്ള അവസരമുള്ളത്.
അല്‍ റീം ദ്വീപിലെ റീം മാളിലാണ് വ്യത്യസ്ത റൈഡുകളും നവ്യാനുഭവങ്ങളും സജ്ജമാക്കിയിട്ടുള്ള സ്നോ അബൂദബി. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് സന്ദർശന സമയം. 215 ദിര്‍ഹം മുതലാണ് നിരക്കുകൾ.
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്കൈ ഡൈവിങ് ഫ്ളൈറ്റ് ചേംബറാണ് യാസ് മാള്‍ അബൂദബിയിലെ ക്ലൈമ്പിലുള്ളത്. വായുവില്‍ നില്‍ക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ബുധന്‍ മുതല്‍ ഞായര്‍ വരെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9 വരെയാണ് പ്രവർത്തനം. തിങ്കളും ചൊവ്വയും അവധിയാണ്. 235 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.
നാഷനല്‍ അക്വേറിയത്തിലെ പഫിന് പക്ഷികളെ കൺകുളിർക്കെ കാണാനും തണുപ്പ് നുകരാനുമുള്ള മികച്ച അവസരം. ആര്‍ട്ടിക് സമുദ്രത്തിലെ പക്ഷികളായ പഫിനുകള്ക്കു വേണ്ടി മികച്ച ശൈത്യ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശനം. 110 ദിര്‍ഹം മുതലണ് ടിക്കറ്റ് നിരക്ക്.
സായിദ് സ്പോര്‍ട്സ് സിറ്റി ഐസ് റിങ്ക്
ഐസ് സ്കേറ്റിങ്ങിന് മികച്ച സൗകര്യമാണിവിടം. ബുധനാഴ്ച രാവിലെ 9.15 മുതല്‍ 10 മണി വരെ ഇവിടെ നോക്കി കാണാനാവും. മുതിര്‍ന്നവര്‍ക്കായി കോഫി, സ്കേറ്റ് പാഠങ്ങളും പകര്‍ന്നു നല്‍കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ 55 ദിര്‍ഹവും രാത്രിയില്‍ 105 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. സ്ത്രീകള്‍ക്കു മാത്രമായി എല്ലാ വെള്ളിയാഴ്ചയും പ്രത്യേക സെഷനുകളുണ്ട്.
പ്രകൃതിദത്ത പ്രകാശ വിതാനവും കല്ലില്‍ നിര്‍മിച്ച തറയുമൊക്കെ സഅദിയാത്ത് ദ്വീപിലെ ലൂവ് റെ അബൂദബിയില്‍ തണുപ്പ് നിലനിര്‍ത്തുന്നു. ഇതു മൂലം സന്ദര്‍ശകര്‍ക്ക് കലാസ്വാദനം മനോഹരമായി ആസ്വദിക്കാനാവുന്നു. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. 63 ദിര്‍ഹമാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്.
താഴ്ന്ന താപനില ഒരുക്കി ത്വക്കുമായി ബന്ധപ്പെട്ട ഒട്ടേറെ രോഗങ്ങളെ ചികില്സിക്കുന്ന ക്രൈയോ തെറാപ്പിയാണ് സഅദിയാത്ത് ദ്വീപിലെ ടര്ക്യോയിസ് 8ലെ ക്രൈയോ മാംഷയില് ഒരുക്കിയിരിക്കുന്നത്. പേശീ വേദനകള്‍ അടക്കമുള്ള മാറ്റാന്‍ ഈ ചികില്‍സ സഹായിക്കും. തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാവിലെ 9 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം.
അബൂദബി യാസ് ദ്വീപിലെ യാസ് വാട്ടര്‍വേള്‍ഡ് അബൂദബിയില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന ടൊര്‍ണാഡോ വാട്ടര്‍ കോസ്റ്റര്‍, 300 മീറ്റര്‍ ലേസി റിവര്‍, മറ്റ് വാട്ടര്‍ സ്ലൈഡുകള്‍, വെള്ളച്ചാട്ടം, ജല വിസ്ഫോടനം തുടങ്ങി വിവിധ ജലകേളികളാണ് യാസ് വാട്ടര്വേള്ഡിലുള്ളത്. രാവിലെ 10 മുതല്‍ രാത്രി 7വരെയാണ് പ്രവേശനം. സ്ത്രീകള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 10 വരെ പ്രത്യേക സൗകര്യം. 295 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.
അബൂദബിയിലെ ആദ്യത്തെ മഞ്ഞ് ഗുഹയാണ് അല്‍ വത്ബയിലെ സരയ് സ്പായിലുള്ളത്. രാവിലെ 11 മുതല്‍ രാത്രി 10വരെയാണ് പ്രവർത്തനം. 200 ദിര്‍ഹമാണ് സ്പായിലെ പ്രവേശനഫീസ്.
അല്‍ ഖ്വനയിലാണ് സാഹസിക കേളികളുടെ കേന്ദ്രമായ അഡ്രിനാര്ക് അഡ്വഞ്ചര്‍ സ്ഥിതി ചെയ്യുന്നത്. ട്രപ്പീസ് ചാട്ടം, ക്ലൈമ്പിങ് വാള്, വടം കൊണ്ടുള്ള അഭ്യാസങ്ങള്‍ തുടങ്ങിയ അനവധി സാഹസിക വിനോദങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളി ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി വരെയും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയുമാണ് പ്രവേശനം. 135 ദിര്‍ഹം മുതലാണ് പ്രവേശന ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.