മരുഭൂമിയിലേക്ക് സഫാരി പോവാം

പ്രവാസത്തിന്‍റെ പതിറ്റാണ്ട്​ പിന്നിട്ടിട്ടും മലരാരണ്യത്തിന്‍റെ യഥാർഥ ചൂരറിഞ്ഞിട്ടില്ലാത്തവർ നിരവധിയുണ്ട്​. ജോലിത്തിരക്കിനിടയിൽ ആസ്വദിക്കാൻ മറന്നുപോകുന്ന ഭൂമികയാണ്​ അറബ്​ രാജ്യങ്ങളിലെ മരുഭൂമികൾ. നഗര ഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്രക്കിടയിൽ അകലെ നിന്ന്​ കാണുന്നതല്ലാതെ മരുഭൂമിയുടെ ഉൾതടങ്ങളിലേക്ക്​​ കടന്നു ചെല്ലുന്നവർ കുറവായിരിക്കും. എന്നാൽ, പതിറ്റാണ്ടുകളായി മരുഭൂമിയുടെ മണൽപരപ്പുകൾ മാത്രം കണ്ട്​ ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുക്കുന്നവരും കുറവല്ല.


മരുഭൂമിയുടെ ആഴങ്ങളിലേക്ക്​ ഇറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരും ടൂറിസം ഏജൻസികളും നിരവധി ഡ്യൂൺ ബാഷിങ്​ പാക്കേജുകൾ അവതരിപ്പിക്കുന്നുണ്ട്​. മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഡ്യൂൺ ബാഷിങ്​ മുതൽ ദിവസങ്ങൾ നീളുന്ന പാക്കേജ്​ വരെ ഇക്കൂട്ടത്തിലുണ്ട്​. 100 ദിർഹം മുതൽ ഇതിന്‍റെ നിരക്കുകൾ വ്യതാസപ്പെട്ടിരിക്കും. പ്രവാസം അനുഭവിക്കുന്നവരും കുടുംബവുമായെത്തുന്നവരും ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്​ ഡ്യൂൺ ബാഷിങ്ങിന്‍റെ ആനന്ദം. മരുഭൂമിയിലെ കാണാ​ക്കാഴ്ചകൾ തേടിയുള്ള യാത്ര കൂടിയാണിത്​.

ഡ്യൂൺ ബാഷിങ്ങിന്​ സാഹസികത വേണമെന്ന്​ നിർബന്ധമില്ല. സുരക്ഷിത യാത്രയാണ്​ സംഘാടകർ വാഗ്ദാനം ചെയ്യുന്നത്​. ദുബൈ, അബൂദബി, റാസൽഖൈമ ഉൾപെടെ ഏഴ്​ എമിറേറ്റുകളിലെയും മരുഭൂമിയിലേക്ക്​ ഇത്തരം പാക്കേജുകൾ ലഭ്യമാണ്​. കുടുംബങ്ങൾക്കായി പ്രത്യേക പാക്കേജുണ്ട്​. ഉച്ചക്ക്​ ഡസർട്ട്​ സഫാരിയിൽ തുടങ്ങി ഒട്ടക സഫാരിയും സാൻഡ്​ ബോർഡ്​ സ്​കേറ്റിങ്ങും കഴിഞ്ഞ്​ രാത്രി ഭക്ഷണത്തോടെ പിരിയുന്ന പാക്കേജുകൾ 130 ദിർഹം മുതൽ ലഭിക്കും. ഷാർജ നിക്ഷേപ വികസന വകുപ്പിന്‍റെ മലീഹ പോലുള്ള പാക്കേജുകളിൽ രാത്രി കാമ്പിങും പാരാ​ൈഗ്ലഡിങുമെല്ലാം ഒരുക്കുന്നുണ്ട്​. പരമ്പരാഗത അറബ്​ ഭക്ഷണം ആസ്വദിച്ചായിരിക്കും ഈ യാത്രയും കാമ്പിങും. അറബ്​ മേഖലയുടെ സമഗ്ര ചരിത്രം പഠിക്കാനും ഇത്തരം യാത്രകൾ ഉപകരിക്കും.


സ്വന്തം വാഹനത്തിൽ മരുഭൂമിയുടെ ഉള്ളിലേക്ക്​ പ്രവേശിക്കുന്നവരുമുണ്ട്​. കൃത്യമായ അറിവില്ലാതെ ​ഇതുവഴി യാത്ര ചെയ്താൽ ഒറ്റപ്പെട്ടുപോകാനും വഴിതെറ്റാനും സാധ്യതയുണ്ട്​. യഥാർഥ വഴി തേടിയുള്ള യാത്രകൾ കൂടുതൽ ഉൾഭാഗത്തേക്ക്​ എത്തിച്ചേക്കാം. ഗൂഗൾ മാപ്പിന്​ പോലും കൃത്യമായ വഴി കണ്ടെത്തി അറിയിക്കാൻ കഴിയണമെന്നില്ല. മരുഭൂ യാത്ര നടത്താൻ ഈ സീസണിലെ അവസാന സമയമാണിത്​. ചൂട്​ കനത്ത്​ തുടങ്ങി. കുറച്ച്​ ദിവസം കൂടി കഴിഞ്ഞാൽ കൊടും ചൂടിലേക്കെത്തും. അതിനാൽ, ഇപ്പോൾ തന്നെ നമുക്ക്​ റൈഡ്​ തുടങ്ങാം. 

ഡസർട്ട്​ സഫാരി​: ഇവ ശ്രദ്ധിക്കാം

വാഹനത്തിൽ ആവശ്യത്തിന്​ ഇന്ധനം ഉണ്ടെന്ന്​ ഉറപ്പുവരുത്തുക

 മരുഭൂമിയിലെ മണൽപരപ്പിലൂടെ സഞ്ചാരയോഗ്യമാണ്​ വാഹനം എന്ന്​ ഉറപ്പാക്കുക

ആവശ്യത്തിന്​ കുടിവെള്ളവും ഭക്ഷണവും കരുതുക

മൊബൈൽ പൂർണമായും ചാർജ്​ ചെയ്യുക

പവർ ബാങ്കുകൾ കരുതുക

പൊലീസിന്‍റെ എമർജൻസി നമ്പറുകൾ സേവ്​ ചെയ്യുക

വാഹനത്തിന്‍റെ ടയർ മർദം ക്രമീകരിക്കുക

മികച്ച ടയറുകൾ ഉപയോഗിക്കുക

പ്രാഥമിക ചികിത്സക്ക്​ ആവശ്യമായ വസ്തുക്കൾ കരുതുക

വാഹനം കേടുപാടുകൾ പറ്റിയാൽ അറ്റകുറ്റപ്പണി നടത്താൻ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കുക

ടയർ സ്​റ്റെപ്പിനി കരുതുക. ഇത്​ മാറ്റിയിടാൻ ആവശ്യമായ സംവിധാനങ്ങളുമുണ്ടാകണം

സൂക്ഷിച്ച്​ ഡ്രൈവ്​ ചെയ്യുക

അപകടകരമായ രീതിയിൽ വാഹനം ഓടിക്കാതിരിക്കുക

സീറ്റ്​ ബെൽറ്റ്​ ധരിക്കുക

ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കുക

രാത്രി റൈഡുകൾ ഒഴിവാക്കുക

പരിചയമില്ലാത്ത മരുഭൂമികളിലൂടെ യാത്ര വേണ്ട

അത്യാവശ്യ ഘട്ടങ്ങളിൽ സഹായത്തിന്​ 999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കുക

Tags:    
News Summary - desert safari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.