ദുബൈ: ലോകത്താകമാനമുള്ള വിനോദസഞ്ചാരികളുടെ ഹൃദയഭൂമിയായി ദുബൈ തുടരുന്നു. ജനുവരിയിൽ മാത്രം 17.7 ലക്ഷം വിനോദസഞ്ചാരികൾ എമിറേറ്റിലെത്തിയതായി അധികൃതർ വെളിപ്പെടുത്തി. ഏറ്റവും കൂടുതൽ സന്ദർശകർ യൂറോപ്പിൽ നിന്നാണെന്ന സവിശേഷതയുമുണ്ട്. 2023 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 21ശതമാനം വർധനവാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ 14.7 ലക്ഷം സന്ദർശകരായിരുന്നു ദുബൈയിൽ എത്തിച്ചേർന്നിരുന്നത്. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പാണ് ജനുവരിയിലെ ദുബൈ ടൂറിസം പെർഫോമൻസ് റിപ്പോർട്ട് പുറത്തുവിട്ടത്.
ദുബൈയിലെത്തുന്ന അന്താരാഷ്ട്ര ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ്. 18ശതമാനമാണ് ഇവിടെ നിന്നെത്തുന്നവരുടെ എണ്ണം. തൊട്ടുപിന്നാലെയുള്ളത് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 3.11ലക്ഷം പേരാണ് ജനുവരിയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സന്ദർശകരായെത്തിയത്. ഇതും ഏകദേശം 18ശതമാനത്തോളം വരും. കൂടാതെ ദക്ഷിണേഷ്യക്കാരായ 2.94ലക്ഷം പേരും മൊത്തം അന്താരാഷ്ട്ര സന്ദർശകരിൽ വരും. റഷ്യ, കോമൺവെൽത്ത് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള അന്തർദേശീയ സന്ദർശകരുടെ എണ്ണം 15ശതമാനമാണ്. അതേസമയം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 12 ശതമാനമാണ്.
കഴിഞ്ഞ വർഷം ദുബൈ സന്ദർശിക്കുന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കൈവരിച്ചചിരിന്നു. മുൻ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ ഇരുപത് ശതമാനത്തോളമാണ് 2023ൽ വർധന രേഖപ്പെടുത്തിയത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. 2023ൽ 1.71കോടി അന്താരാഷ്ട്ര സഞ്ചാരികൾ ദുബൈ കാണാനെത്തിയെന്നാണ് കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 19.4 ശതമാനം വർധനയാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടായത്. 2022ൽ 1.43കോടി സഞ്ചാരികളാണ് ദുബൈയിലെത്തിയത്. കോവിഡിന് മുമ്പ് 2019ൽ 1.67 കോടി സഞ്ചാരികളാണ് എത്തിയിരുന്നത്.
കോവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ പേരെ ദുബൈയിലെത്തിക്കാൻ കഴിഞ്ഞവർഷം സാധിച്ചു. ആഗോള ടൂറിസം മേഖലയിലും ഹോട്ടൽ താമസ നിരക്കിലും ലോകത്തെ ഏറ്റവും മുൻനിരയിലുമായി സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ വർഷം സാധിച്ചിരുന്നു. പുതു വർഷത്തിലെ ആദ്യ മാസത്തെ കണക്കുപ്രകാരം 2024ൽ പുതിയ റെക്കോർഡ് ടൂറിസം മേഖലയിൽ എമിറേറ്റ് കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.