ജീസാൻ: വശ്യമായ പ്രകൃതിഭംഗിയും മനോഹര കടൽതീരവും കൊണ്ട് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഫറസാൻ ദ്വീപ്. അസീർ പ്രവിശ്യയിലെ ജീസാൻ ചെങ്കടൽ തീരത്തുനിന്ന് 42 കിലോമീറ്റർ അകലെ. യുനെസ്‌കോയുടെ ലോകപൈതൃക സ്ഥാനങ്ങൾ അടയാളപ്പെടുത്തുന്ന സംവേദനാത്മക മാപ്പിൽ ഈ ദ്വീപുകൾ ഉൾപ്പെട്ടിട്ടുണ്ട്. പവിഴപ്പുറ്റുകൾകൊണ്ട് നിർമിതമായ 84 ദ്വീപുകളിലെ വലുപ്പമുള്ളതാണ് ഫറസാൻ. 70 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയും. ഏകദേശം 5,408 ചതുരശ്ര കിലോമീറ്റർ വിസ്തൃതി.
20,000ത്തോളം ആളുകൾ ദ്വീപിൽ താമസിക്കുന്നുണ്ട്. മത്സ്യബന്ധനവും കൃഷിയുമാണ് പ്രധാന ജോലി. ഹോട്ടലുകളും മറ്റെല്ലാ സൗകര്യവും സർക്കാർ കാര്യാലയങ്ങളുമുണ്ട്. ദ്വീപിലേക്ക് കപ്പൽയാത്ര സൗജന്യമാണ്. രണ്ട് കപ്പൽ സർവിസ് നടത്തുന്നു. ദിവസവും രാവിലെ 7.30നും ഉച്ചക്കുശേഷം 3.30നും ജീസാൻ തുറമുഖത്തുനിന്ന് പുറപ്പെടും. ബുക്ക് ചെയ്‌താൽ വാഹനവും കൊണ്ടുപോകാം. പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും താമസരേഖ സമർപ്പിച്ച് തുറമുഖ കൗണ്ടറിൽ നിന്നോ ഓൺലൈൻ വഴിയോ ബുക്ക് ചെയ്യാം. കൗതുക കാഴ്ച്ചകളുടെയും പുരാവസ്തു ശേഷിപ്പുകളുടെയും വേറിട്ട കാഴ്ചകൾ നിരവധിയാണ്. ചരിത്രനിർമിതികളുടെയും പഴമയുടെയും തനിമ നിലനിർത്തുന്ന കേന്ദ്രവുമാണ്.
തെളിഞ്ഞ അന്തരീക്ഷം, മികച്ച കാലാവസ്ഥ, ശുദ്ധവായു എന്നിവയും സവിശേഷം. വർണ മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, പുഷ്പങ്ങൾ, ചെടികൾ, പക്ഷികൾ തുടങ്ങി ജൈവ വൈവിധ്യവും അമൂല്യം. മുത്തുവാരലും മത്സ്യബന്ധനവും ഉപജീവനമാക്കിയവരായിരുന്നു പൂർവികർ. പവിഴപ്പുറ്റുകളും ഈന്തപ്പനത്തടികളും ഉപയോഗിച്ച് ഈ ഗോത്ര സമൂഹം നിർമിച്ച പഴയ വീടുകൾ സംരക്ഷിച്ചിട്ടുണ്ട്. ഇവയുടെ വാസ്തുവിദ്യയും നാഗരികതയുടെ ശേഷിപ്പും ചരിത്രവിദ്യാർഥികൾക്കും ചരിത്രകുതുകികൾക്കും പഠനാർഹം.
ദ്വീപിനുള്ളിലെ അൽ-ഖിസ്ർ ഗ്രാമം പഴയ നാഗരികത കൊണ്ട് സമ്പന്നമാണ്. ചരിത്രാവശിഷ്ടങ്ങളും പഴയവീടുകളുടെ ശേഷിപ്പുകളും കാണാം. പൗരാണിക വാണിജ്യകേന്ദ്രങ്ങളും പള്ളിയും ശുദ്ധവെള്ളത്തിനായി പണിത കിണറുകളും ഇവിടുണ്ട്. ബൈത്ത് രിഫാഈ സൗധം കാലാവസ്ഥയെ അതിജയിച്ച് നിലനിൽക്കുന്നു. പവിഴം, മുത്ത് തുടങ്ങിയവയുടെ വ്യാപാരിയായിരുന്ന അഹമ്മദ് മുനവ്വർ രിഫാഇ 1923ൽ പണി കഴിപ്പിച്ച ഈ ഭവനത്തിെൻറ വാസ്തുവിദ്യയും കൊത്തുപണികളും ആകർഷണീയമാണ്. ഉസ്മാനിയ കാലഘട്ടത്തിൽ ദ്വീപിലെ ചെറിയൊരു കുന്നിൽ പണി കഴിപ്പിച്ച ഉസ്മാനിയ കോട്ട, 1928 ൽ മുത്ത് വ്യാപാരിയായിരുന്ന ഇബ്രാഹീം തമീമി നിർമിച്ച മസ്ജിദ് നജ്ദി, 1918ൽ പണിത ജർമൻ സൗധം തുടങ്ങിയവ പൗരാണിക സ്മാരകങ്ങളായുണ്ട്. 1996 മുതൽ സൗദി സർക്കാർ ഫറസാൻ ദ്വീപ് സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.