ഗ്രഹൻ -ഹിമാചലിലെ മറഞ്ഞിരിക്കുന്ന രത്നം

ഹിമാചൽ പ്രദേശിലെ താച്ചി ഗ്രാമത്തിൽ നിന്നു തിരികെയുള്ള യാത്ര കാസോളിലേക്ക് ആയിരുന്നു. മലാനയും ഖിർ ഗംഗയും ആയിരുന്നു ആദ്യം പ്ലാൻ ചെയ്തത്. പക്ഷെ, താച്ചിയിൽ വെച്ചു പരിചയപെട്ട ഒരു സുഹൃത്തു വഴി ആയിരുന്നു ഗ്രഹൻ വില്ലയെയും തുംചാ വില്ലയെയും പറ്റി അറിയുന്നത്.

ഹിമാചലിലെ മറ്റു വില്ലേജുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ വില്ലേജുകളാണിത്. മനുഷ്യന്റെ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞു സമാധാനപരമായ ഒരു യാത്ര ആഗ്രഹിക്കുന്നെങ്കിൽ മൊബൈലിനു പോലും നെറ്റ്‌വർക്ക് ഇല്ലാത്ത ഈ ഗ്രാമത്തിൽ താമസിക്കണം. വൈകുന്നേരത്തോടെ കാസോളിൽ എത്തി അന്ന് രാത്രി അവിടെ താമസിച്ചു. മലാനയിലേക്കുള്ള യാത്ര തത്കാലം മാറ്റി വെച്ചു, കേട്ടറിവ് മാത്രമുള്ള ആ പുതിയ ഗ്രാമത്തിലേക് പോകാൻ തീരുമാനിച്ചു.

അതിരാവിലെ തന്നെ എഴുന്നേറ്റ് കാസോൾ ടൗണിലൂടെ ചായയും കുടിച്ചു വെറുതെ നടക്കാനിറങ്ങി. എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാഴ്ചയായിരുന്നു. അവിടത്തെ പല ബോർഡുകളും ഇസ്രായേലി ലിപിയിൽ ആയിരുന്നു. എന്തിനേറെ പറയുന്നു, കസോളിൽ ഒരു ഇസ്രായേലി ലൈബ്രറി പോലും ഉണ്ട്. അത്രയേറെ ജൂതന്മാർ ഇവിടെ തിങ്ങിപ്പാർക്കുന്നു. അതിനു നിരവധി കാരണങ്ങളുണ്ട്.

ഇസ്രായേലിനെ അപേക്ഷിച്ച് ഇവിടെ താമസിക്കുമ്പോൾ ചിലവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവർക്ക് മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം കസോളിൽ തന്നെ താമസിക്കാൻ സാധിക്കും. ചിലർ കാസോളിൽ സ്ഥിരതാമസം ആക്കിയവരും ഉണ്ട്. 2021ലെ കണക്കു അനുസരിച്ചു ഹിമാചൽ സന്ദർശിക്കുന്ന വിദേശികളിൽ 70 ശതമാനം ഇസ്രായേലിൽ നിന്നുള്ളവരാണ്. കാസോളിന്റെ സമീപപ്രദേശങ്ങളായ തോഷിലെയും ജനസംഖ്യയുടെ പകുതിയോളം ഇസ്രായേൽ പൗരന്മാരാണ്.


സാഹസികതയും മയക്കു മരുന്നിന്റെ തടസമില്ലാത്ത ഉപയോഗവും മറ്റു വിരുന്നു പാർട്ടികളും അവരെ കൂടുതലായി അടുപ്പിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല. പാർവതി താഴ്‌വരയിൽ താമസിക്കുകയും അവിടെ തങ്ങളുടേതായ ഒരു ജീവിതം കെട്ടിപ്പടുത്തുകയും ചെയ്ത ഇസ്രായേലികളുടെ സംസ്കാരം കാസോളിലെ ഹിപ്പി സമ്പ്രദായത്തിൽ നിന്നു ഉടലെടുത്തതായി പറയപ്പെടുന്നു. അതൊക്കെ കൊണ്ടാകും കാസോൾ മിനി ഇസ്രായേൽ എന്ന പേരിൽ അറിയപ്പെടുന്നത്.

അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു. കാസോളിലെ ഭക്ഷണത്തിൽ കൂടുതലും മുട്ട പറാത്തയാണ്. പല തരത്തിലുള്ള പറാത്തകൾ ഏതു സമയത്തും ഹോട്ടലിൽ ലഭ്യമാണ്. മാത്രമല്ല ഇസ്രായേലി വിഭവങ്ങളായ വെള്ളക്കടല കൊണ്ട് തയാറാക്കിയ ഉരുളകൾ പീറ്റ ബ്രെഡ്. പലതരം ഷവർമകൾ. ഫലാഫൽ അങ്ങനെ വിവിധ തരത്തിലുള്ള വിഭവങ്ങൾ പരീക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ വഴി നീളെ ആവി പറക്കുന്ന വെജിറ്റേറിയൻ മാമോസ് മായി ഹിമാലയൻ സ്ത്രീകളെയും കാണാം.

ഏകദേശം 10 മണി ആയപ്പോൾ ബാഗും എടുത്തു റൂമിൽ നിന്നിറങ്ങി ഗ്രഹൻ വില്ലേജിലേക്ക് നടക്കാൻ തുടങ്ങി. ആ നടത്തത്തിനിടയിൽ കുറച്ചു മലയാളികളെ പരിചയപെട്ടു. ത്രിശൂർ, മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. അവരും ഗ്രഹൻ വില്ലേജിലേക്കാണ് പോകുന്നത്. ഞാനും അവരോട് ഒപ്പം ചേർന്നു. ആദ്യമായി കണ്ടു മുട്ടിയ ഭാവമൊന്നും ഇല്ലാതെ വളരെ കാലം ഒരുമിച്ചു യാത്ര ചെയ്ത പരിചയക്കാരെ പോലെ ഓരോ കഥകൾ പറഞ്ഞു, പറഞ്ഞു പാർവതി നദിയുടെ അരികിലൂടെ ഗ്രഹൻ വില്ലേജ് ലക്ഷ്യമാക്കി നടന്നു.

കസോളിൽ നിന്നു ഏകദേശം എട്ടു കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ടേക്ക്. ആദ്യത്തെ രണ്ട് കിലോമീറ്റർ പിന്നിടുമ്പോൾ തന്നെ മൊബൈൽ നെറ്റ്‌വർക്കുകൾ എല്ലാം നിശ്ചലമാകും. പോകുന്ന വഴിയിൽ ഒരേയൊരു കോഫി ഷോപ്പ് മാത്രമേ ഉള്ളൂ. ദ്രവിച്ച ഒരു മരപ്പാലവും പിന്നിട്ടു നടന്നു തുടങ്ങി. ചിന്നി ചിതറിയും തമ്മിൽ തല്ലിയും നുരഞ്ഞു പതഞ്ഞു ഒഴുകുന്ന പാർവതി നദിയും അതിന്റെ അരികിലായി ചിന്നി ചിതറി കിടക്കുന്ന വെള്ളാരം കല്ലുകളും മാനം മുട്ട ഉയർന്നു നിൽക്കുന്ന ദേവദാരു മരങ്ങളും തെളിഞ്ഞ നീലാകാശവും അങ്ങകലെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പർവത നിരകളും ഉൾപ്പടെ പ്രകൃതി ഒരുക്കിയ ഒരു മനോഹരമായ ഫ്രെയിമിലൂടെയാണ് കടന്നു പോകുന്നത്. പോകുന്ന വഴികളിലുടനീളം കുതിരകൾ ഭാണ്ഡങ്ങളുമേറി നമുക്ക് മുന്നേ പാഞ്ഞു പോകുന്നുണ്ട്.

സമുദ്രനിരപ്പിൽ നിന്നു 7700 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന ഗ്രഹൻ വില്ലേജിലേക്ക് ആവശ്യമായ സാധനങ്ങൾ കുതിരപ്പുറത്ത് കയറ്റിയാണ് കൊണ്ടുപോകുന്നത്. പോകുന്ന വഴികളിൽ ചെറിയ ചെറിയ അരുവികൾ. ദാഹം തോന്നുമ്പോഴൊക്കെ അരുവിയിൽ നിന്നു കോരി കുടിച്ചു പിന്നെയും മുന്നിലേക്ക് നടന്നു. സഞ്ചാരികൾക്കു വഴി തെറ്റാതിരിക്കാനായി ഗ്രാമത്തിലേക്കുള്ള ശരിയായ പാത സൂചിപ്പിക്കുന്ന സൈൻ ബോർഡുകളും ആരോ ചിഹ്നങ്ങളും കാണാം. അവസാനത്തെ മൂന്ന് കിലോമീറ്റർ കുത്തനെയുള്ള കയറ്റം മാത്രമേയുള്ളൂ. ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോൾ തന്നെ അമ്പതിലധികം വീടുകളും അഞ്ഞൂറിൽ താഴെ ഗ്രാമീണരുമടങ്ങിയ ഹിമാചലിലെ മറഞ്ഞിരിക്കുന്ന രഹസ്യ ഗ്രാമത്തിലെ കാഴ്ചകൾ കണ്ടു തുടങ്ങി.

200ൽ അധികം വർഷം പഴക്കമുള്ള കൊത്തുപണികളോട് കൂടിയ തടിയിൽ തീർത്ത ഇരുനില വീടുകളാണ് അധികവും. മിക്കവാറും വീടുകളുടെ താഴത്തെ നില ആടുമാടുകളെ കെട്ടാനുള്ള തൊഴുത്തുകളാണ്. അവിടത്തെ പകുതിയോളം വീടുകൾ ഹോം സ്റ്റേ ആണ്. താഴത്തെ നിലയിൽ ഉടമസ്ഥൻ താമസിക്കുമ്പോൾ മുകളിലെ നില ടൂറിസ്റ്റുകൾക്കായി താമസ സൗകര്യം ഒരുക്കും. ചെമ്മരിയാടുകൾ നിരനിരയായി മേയുന്നുണ്ട്. പാർവതി താഴ്‌വാരയിൽവെച്ചു അങ്ങകലെയായി തലയുയർത്തി പിടിച്ച പർവതത്തിന്റെ ഏറ്റവും മുകളിലെ കൂർത്ത അഗ്രഭാഗം ഗ്രഹൻ വില്ലയെ മുഖാ മുഖം നോക്കിയിരിക്കുന്നു.

ഗ്രാമത്തിലെ ജനങ്ങൾ പൊതുവെ ശാന്തരും ലളിതമായ ജീവിതം നയിക്കുന്നവരും ആണ്. അതിനൊരു കാരണമുണ്ട്. ഈ ഗ്രാമത്തിൽ മദ്യം മറ്റു ലഹരികൾ എല്ലാം നിരോധിച്ചിരിക്കുന്നു. പരമ്പരാഗതമായി ഗ്രഹനിൽ മദ്യം വർജ്യമാണ്. ഗ്രാമീണമായ ചില വിശ്വാസങ്ങൾ അതിന്റെ പിന്നിലുണ്ട്. കുറച്ചു പേര് ഹോം സ്റ്റേ നടത്തി ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുമ്പോൾ മറ്റുചിലർ നിത്യവൃത്തിക്കായ് കൃഷിയെയും കാലി വളർത്തലിനേയും ആശ്രയിക്കുന്നു. ആപ്പിളും വെളുത്തുള്ളിയും ഉരുള കിഴങ്ങും രാജ്മയും ഇവിടെ സുലഭമായി വിളയുന്നു. ഗ്രാമത്തിലേക് വേണ്ടുന്ന ഭക്ഷ്യ വസ്തുക്കൾ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നു. ഇടക്ക് എപ്പോഴോ ഗ്രാമത്തെ ഒന്നുകൂടി നവീകരിച്ചു. പരമ്പരാഗതമായ തടികൊണ്ട് നിർമിച്ച വീടുകൾക്കു പുറമെ കോൺക്രീറ്റു കൊണ്ടുണ്ടാക്കിയ ഒറ്റ നിലയിൽ തീർത്ത ചെറിയ വീടുകളും ഉണ്ടാക്കി. ഇതിനെ അവർ നയാ ഗ്രഹൻ എന്നാണ് വിളിക്കപ്പെടുന്നത്.


അന്ന് നമ്മൾ താമസിക്കാനായി തെരഞ്ഞെടുത്തത് പുഷ്പ എന്നു പേരുള്ള ദീദിയുടെ ഹോം സ്റ്റേ ആയിരുന്നു. ഒരു ദിവസത്തേക്ക് ഒരാൾക്കു ആകെ 200 രൂപയെ ഉള്ളു അവിടെ. തടി കൊണ്ടു നിർമിച്ച മനോഹരമായ വീടിന്റെ മുകൾ നിലയിലാണ് താമസിക്കുന്നത്. മുന്തിയ ഹോട്ടലിനെ അനുസ്മരിപ്പിക്കുന്നവണ്ണം അതിനകത്തുള്ള സൗകര്യങ്ങൾ വളരെ മികച്ചതായിരുന്നു. പക്ഷെ ബാത്രൂം സൗകര്യം പുറത്തു മാത്രമേയുള്ളൂ. റൂമിന്റെ താഴെയായി അവരുടെ തന്നെ റസ്റ്റാറന്‍റ് ഉണ്ട്. ഭക്ഷണം ഓർഡർ ചെയ്താൽ മാത്രമേ കിട്ടുകയുള്ളു. അവിടന്ന് പല തരത്തിലുള്ള മസാല ഇലകൾ ചേർത്തുള്ള ചായയും കുടിച്ചു ഗ്രഹനിലെ സായാഹ്ന കാഴ്ചകൾ കാണാൻ ഇറങ്ങി.


അസ്തമയസൂര്യന്റെ മഞ്ഞ വെളിച്ചം സ്ളേറ്റു കല്ലുകൾ കൊണ്ട് മേഞ്ഞ വീടിന്റെ മേൽക്കൂരയിൽ തട്ടി തിളങ്ങുന്നു. ആ വീടിന്റെ മുകളിലത്തെ നിലയിലെ കിളിവാതിലൂടെ ഒരു കുഞ്ഞു പെൺകുട്ടി ഞങ്ങളെ തന്നെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്. ഗ്രാമത്തിൽ രണ്ടു സ്കൂളുകൾ ഉണ്ട്. ഒരു പ്രൈമറിയും ഒരു സെക്കൻഡറിയും. പക്ഷേ, ആവശ്യത്തിന് അധ്യാപകർ ഇല്ല എന്നാണ് ഗ്രാമീണർ പറയുന്നത്. വാസ്തു വിദ്യകളോട് കൂടിയ കൊത്തു പണികൾ കൊണ്ട് മനോഹരമാക്കിയ നിരവധി ക്ഷേത്രങ്ങൾ ഉണ്ട്.


ഏറെ വർഷം പഴക്കമുണ്ടെങ്കിലും ഇപ്പോളും അതിനൊരു പുതുമ അനുഭവപ്പെടുന്നുണ്ട്. പുറമെ നിന്നു വരുന്നവർക്കു ഒന്നും ആ ക്ഷേത്രത്തിൽ പ്രവേശനം ഇല്ലായിരുന്നു. രാത്രിയോടെ തിരിച്ചു റൂമിൽ എത്തി ഭക്ഷണവും കഴിച്ചു. താമസിക്കാൻ 100 രൂപ മുതൽ 500 രൂപവരെ കൊടുത്താൽ മികച്ച സൗകര്യം കിട്ടുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിലും ഭക്ഷണത്തിനു അതിന്റെ ഇരട്ടി വില കൊടുക്കേണ്ടി വന്നു. മൊബൈൽ നെറ്റ് വർക്ക്‌ ഇല്ലാത്തതിനാൽ അവിടെ സാറ്റ്ലൈറ്റ് ലാൻഡ് ഫോൺ ആണ് ഉപയോഗിക്കുന്നത്. ഒരു മിനിറ്റിനു 10 രൂപ കൊടുത്താൽ ഇന്ത്യയിൽ എവിടെ വേണേലും വിളിച്ചു സംസാരിക്കാം.


രാത്രിയിൽ വിറകുകൾ കൂട്ടിയിട്ട് അതിനു ചുറ്റും ഇരുന്നു. യാത്രാ വിശേഷങ്ങൾ പറയാൻ തുടങ്ങി. നമുക്ക് മുന്നേ മുറി എടുത്ത നോർത്ത് ഇന്ത്യൻ സഞ്ചാരികളും കൂടെ കൂടി. കൂട്ടത്തിൽ പലർക്കും ഹിന്ദി അറിയാവുന്നത് കൊണ്ട് പുഷ്പ ദീദിയും നമുക്ക് ഒപ്പം ഇരുന്നു. നമ്മൾ ഓരോരോ നാട്ടിൽ പോയി അവിടെ കണ്ട കാഴ്ചകളുടെ വിശേഷങ്ങൾ പങ്കു വെച്ചപ്പോൾ, ദീദി പറഞ്ഞത് മറ്റൊരു കഥയായിരുന്നു. ശൈത്യ കാലം ആരംഭിക്കുമ്പോൾ താഴ്‌വരയാകെ മഞ്ഞു പുതച്ചു കാൽനട പോലും ദുസ്സഹമാകുന്ന സമയത്തു സഞ്ചാരികൾ ആരുമില്ലാതെ ഒറ്റപെട്ടു ജീവിക്കുന്ന ദീദിയുടെ അവസ്ഥയാണ്. മഞ്ഞു കാലം ആരംഭിക്കുന്നതിനു തൊട്ടു മുന്നേ വിളവെടുപ്പുകൾ പൂർത്തിയാകും. ശേഖരിക്കുന്ന വിളകൾ ഉണക്കിപൊടിച്ചും മറ്റു പല രീതികളിലൂടെ മഞ്ഞു കാലത്തെ അതിജീവിക്കാനായി കരുതി വെക്കുന്നു. മലമുകളിലെ കൊടും തണുപ്പിനെയും മഞ്ഞു വീഴ്ചയെയും അതി ജീവിച്ചു അടുത്ത വസന്തത്തിനായി ഉള്ള കാത്തിരുപ്പുകൾ.


ഹിമാലയത്തിലെ ജനങ്ങളുടെ ജീവിതത്തിലേക്കു ഇറങ്ങി ചെല്ലുമ്പോൾ പലതും അത്ഭുതപെടുത്തിയിട്ടുണ്ട്. രാത്രിയേറെ കഴിഞ്ഞു, വിറകുകൾ കത്തി അതിന്റെ കനലിന്റെ മങ്ങിയ ചുവന്ന വെളിച്ചത്തിൽ അന്നത്തെ ആ നല്ല രാത്രിക്ക് വിട പറഞ്ഞു എല്ലാവരും മുറികളിലേക് പോയി. പിറ്റേന്ന് രാവിലെ ദീദിയോട് യാത്രയും പറഞ്ഞു തൊട്ടപ്പുറത്തുള്ള തുംചാ വില്ലേജിലേക്കു യാത്ര തുടങ്ങി. വഴി കാട്ടാനായി കുറച്ചു ദൂരം ദീദിയും ഒപ്പം വന്നു. അവസാനം ദീദി പറഞ്ഞു തന്ന വഴികളിലൂടെ കുറച്ചു ദൂരം നടന്നപ്പോൾ തുംചാ വില്ലേജ് കണ്ടു തുടങ്ങി. അവിടെ മലയാളികളായ രണ്ടു പേര് ചേർന്നു നടത്തുന്ന ഹോം സ്റ്റേ ഉണ്ട്. അതിന്റെ വാതുക്കൽ അൽപനേരം വിശ്രമിക്കാൻ ഇരുന്നു.


നമുക്ക് അഭിമുഖമായി തല ഉയർത്തി നിൽക്കുന്ന പർവതത്തെ ഒന്നുകൂടി വ്യക്തമായി അടുത്ത് കാണണമെങ്കിൽ തുംചായിൽ തന്നെ വരണം. ഗ്രഹൻ വില്ലയെ അപേക്ഷിച്ചു, വളരെ കുറച്ചു വീടുകൾ മാത്രം ഉള്ളു. പക്ഷെ കൃഷി ഒരുപാട് ഉണ്ട്. അടുത്ത യാത്രയിൽ ഇവിടെ താമസിക്കാം എന്നവർക്ക് വാക് കൊടുത്തു. കണ്ണെത്താ ദൂരത്തോളം കിടക്കുന്ന ആപ്പിൾ തോട്ടങ്ങളുടെയും കടുക് പാടങ്ങൾക്കിടയിലൂടെയും അവർ പറഞ്ഞു തന്ന വഴിയിലൂടെ കസോൾ എന്ന ഗ്രാമത്തിലേക് തിരികെ മടങ്ങി.


ചില യാത്രകൾ അങ്ങനെ ആണ് കാമറയിൽ നിരവധി ചിത്രങ്ങൾ പകർത്തിയാലും ചില ചിത്രങ്ങൾ ഹൃദയത്തിൽ പതിഞ്ഞു കിടക്കും... താച്ചിയിലെ ദീദിയും ഗ്രഹൻ വില്ലജിലെ പുഷ്പ അമ്മയും വീടിനു മുകളിലെ കിളിവാതിലൂടെ കണ്ണെടുക്കാതെ നമ്മെ നോക്കി നിന്ന പേരറിയാത്ത പെൺകുട്ടിയുമെല്ലാം ഇപ്പൊ ഓർമകൾ മാത്രമാണ്. കാമറ ചിത്രത്തിനേക്കാൾ മനസിന്റെ ഉള്ളിൽ അതങ്ങനെ നിറഞ്ഞു നിൽക്കും...

Tags:    
News Summary - Grahan -Hidden gem of Himachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.