ച​രി​ത്ര​മു​റ​ങ്ങു​ന്ന അ​ൽ​ഐ​ൻ ഒ​യാ​സി​സ്

പച്ചപുതച്ച അൽഐൻ നഗരത്തിന്‍റെ ഹൃദയഭാഗത്ത് വിശാലമായ സ്ഥലത്ത് പരന്നുകിടക്കുന്ന തോട്ടമാണ് അൽഐൻ ഒയാസിസ്. കടുത്ത ചൂടിലും മനസ്സിനും ശരീരത്തിനും കുളിർമയേകുന്നതാണ് ഇവിടുത്തെ പച്ചപ്പ്. ഈത്തപ്പനകുലകൾ പഴുത്ത് പാകമായി നിൽക്കുന്ന സമയമായതിനാൽ മനോഹര കാഴ്ചയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. തിരക്കുകൾക്കിടയിൽനിന്നും ചൂടിൽനിന്നും ഒഴിഞ്ഞ് ഈത്തപ്പനകളുടെ തണലിന്‍റെ കുളിർമഴകൊണ്ട് ഈത്തപ്പനയോലകളുടെയും പക്ഷികളുടെയും കലപില ശബ്ദങ്ങൾകേട്ട് ഒരു സഞ്ചാരം.

അൽഐനിലെ പഴയ പാലസ് ആയിരുന്ന, ഇന്നത്തെ പാലസ് മ്യൂസിയത്തോട് ചേർന്ന് 1,200 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന അൽഐൻ ഒയാസിസ് തോട്ടത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച നൂറിലധികം ഇനത്തിൽപെട്ട ഈത്തപ്പനകൾ, വിവിധ ഇനം ഫലവർഗങ്ങൾ, വ്യത്യസ്ത ഇനങ്ങളിലുള്ള 147,000 ഈന്തപ്പനകളും, കാലിത്തീറ്റ വിളകളും ഫലവൃക്ഷങ്ങളായ മാങ്ങ, ഓറഞ്ച്, വാഴപ്പഴം, അത്തിപ്പഴം, റുമ്മാൻ, ജുജുബ് എന്നിവയുടെ കൃഷിയും ഇവിടെ കാണാം. മനോഹരമായി മതിലുകൾ കെട്ടി സംവിധാനിച്ചിരിക്കുകയാണ് ഈ തോട്ടം. തോട്ടത്തിലേക്ക് പ്രവേശിക്കാൻ നിരവധി കവാടങ്ങളുണ്ട്. ഈത്തപ്പഴവും മറ്റു ഫലവർഗങ്ങളും ആവശ്യമുള്ളവർക്ക് കഴിക്കാം. 2011ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് അൽഐൻ ഒയാസിസ്. പുരാതനമായ ഒരു പള്ളിയടക്കം മൂന്ന് പള്ളികളുണ്ട് ഈ തോട്ടത്തിൽ. കൃഷിയും സാംസ്കാരിക പാരമ്പര്യവും പരിചയപ്പെടുത്തുന്ന ബോർഡുകൾ എവിടെയും കാണാം. യു.എ.ഇയുടെ പരിസ്ഥിതിയെകുറിച്ച് പഠിക്കാൻ ഒരു ഇക്കോ സെന്‍ററും പ്രവർത്തിക്കുന്നുണ്ട് ഇവിടെ. രാജ്യത്തിന്‍റെ കാർഷിക പാരമ്പര്യങ്ങൾ പുതിയ തലമുറകളിലേക്ക് എത്തിക്കാൻ ഉതകുന്ന പ്രദർശനങ്ങളും നടക്കാറുണ്ട്.

രണ്ടായിരം വർഷത്തോളം ചരിത്രമുള്ള ഈ തോട്ടവും അതിലെ ജലസേചന സംവിധാനവും യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്‍റെ നിര്ദേശപ്രകാരമാണ് ഇന്നത്തെ രൂപത്തിൽ നിർമിക്കുന്നത്. അദ്ദേഹം തന്നെ നട്ട ഈത്തപ്പനമരങ്ങൾ തോട്ടത്തിലുണ്ട്. പരമ്പരാഗത ജലസേചന സമ്പ്രദായമായ ഫലാജ് അഥവാ ചെറിയ കനാലുകൾ വഴിയുള്ള ജലസേചനമാണ് വേറെ ഒരു പ്രത്യേകത. ശുദ്ധമായ ജലമാണ് ഇതിലൂടെ ഒഴുകുന്നത്.   വിശാലമായ തോട്ടം മുഴുവൻ നനക്കുന്നത് ഈ സംവിധാനം വഴിയാണ്. ഫലഭൂയിഷ്ഠമായ മണ്ണാണ് തോട്ടത്തിലുള്ളത്. നിരവധി തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. പച്ചയണിഞ്ഞ തോട്ടത്തിലൂടെ അവിടുത്തെ കൃഷികളും ജലസേചന സംവിധാനവും കണ്ടാൽ മലയാളികൾക്ക് അത് സമ്മാനിക്കുക ഗൃഹാതുര ഓർമകളാണ്.

ഇവിടെക്കുള്ള പ്രവേശനം സൗജന്യമാണ്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ സഞ്ചാരികൾക്ക് ഇവിടെ പ്രവേശിക്കാം.  സ്വദേശികളും വിദേശികളുമടക്കും നിരവധി കുടുംബങ്ങളാണ് എല്ലാ കാലത്തും ഇവിടെ സന്ദർശനത്തിന് എത്തുന്നത്.  തോട്ടത്തിനുള്ളിൽ ചുറ്റിക്കറങ്ങാൻ സൈക്കിളും ചെറിയ വാഹനവും ലഭ്യമാണ്. സൈക്കിളുമായി വരുന്നവർക്ക് അത് ഉപയോഗിച്ചും ചുറ്റിക്കറങ്ങാം. നിരവധി പേരാണ് സ്ഥിരമായി സായാഹ്ന നടത്തത്തിന് തോട്ടത്തിൽ എത്തുന്നത്.

Tags:    
News Summary - Historical al Ain Oasis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.