ഹരിശങ്കറും ശ്യാംപ്രസാദും മനുവും കശ്മീർ യാത്രക്കിടെ

കൊടുമുടിയിൽനിന്ന് ഓട്ടോ കയറി കശ്മീരിലേക്ക്...

മലപ്പുറം വളാഞ്ചേരിയിലെ ‘കൊടുമുടി’യെന്ന ഗ്രാമത്തിൽനിന്ന് കശ്മീരിലേക്ക്  ഓട്ടോറിക്ഷയിൽ യാത്രചെയ്ത മൂന്നു ചെറുപ്പക്കാരുടെ കഥ

കശ്മീർ പോകണം, അതും ഓട്ടോയിൽ. ചെറിയ സ്വപ്നമല്ലെന്നറിയാം. എന്നാൽ, വളാഞ്ചേരിയിലെ ‘കൊടുമുടി’യിൽനിന്ന് കശ്മീർ കൊടുമുടിയിലേക്ക് പോകാനായി അവർ കേരളത്തിന്റെ സ്വന്തം ഓട്ടോറിക്ഷ തെരഞ്ഞെടുക്കുമ്പോൾ നിശ്ചയദാർഢ്യം മാ​ത്രമായിരുന്നു അവരുടെ ബാഗേജിൽ.

ഉറ്റസുഹൃത്തുക്കളായ വളാഞ്ചേരി ഇരിമ്പിളിയം കൊടുമുടി പോക്കാട്ടുകുഴി സ്വദേശികളായ വിളക്കത്രത്തൊടി ഹരിശങ്കറും ചെമ്പ്രമാരിൽ ശ്യാംപ്രസാദും പറമ്പിൽ മനുവുമാണ് ഓട്ടോയിൽ കശ്മീർ പോയിവന്നവർ. ലഡാക്ക് ലക്ഷ്യംവെച്ചായിരുന്നു മൂവർ സംഘത്തിന്റെ യാത്ര. എന്നാൽ, മഞ്ഞുവീഴ്ചയും സുരക്ഷാപ്രശ്നവും കാരണം ഓട്ടോ കാശ്മീരിൻെറ അതിർത്തിയിൽ വെച്ചുതന്നെ തിരിക്കേണ്ടിവന്നു. നവംബർ 26നായിരുന്നു യാത്രയുടെ തുടക്കം.

മുൻ ഇന്ത്യൻ ഫുട്ബാൾ താരവും എം. എസ്.പി അസിസ്റ്റന്റ് കമാണ്ടറുമായ പി. ഹബീബ്റഹ്മാൻ യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. മൂവരും മുച്ചക്ര വണ്ടിയിൽ കൊടുമുടിയിൽനിന്ന് യാത്ര തിരിക്കാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും മനു ഹൈദരബാദിൽനിന്നുമാണ് യാത്രാ സംഘത്തിൽ ചേർന്നത്.

 കേരള ഓട്ടോ കശ്മീരിൽ

കേരളത്തിൽനിന്ന് ഓട്ടം തുടങ്ങിയ ഓട്ടോ രാജ്യത്തിന്റെ ഹൃദയഭൂമിയിലൂടെ കശ്മീർ താഴ് വരയിലെത്തി. തണുത്ത കാറ്റും കോടമഞ്ഞും ഉച്ചവെയിലും പാതിരാമഞ്ഞും പിന്നിട്ട് ഇന്ത്യയുടെ വൈവിധ്യം തൊട്ടറിഞ്ഞാണ് മൂവർ സംഘം കേരള ടു കശ്മീർ യാത്രയുടെ ആദ്യപകുതി പൂർത്തീകരിച്ചത്. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ പിന്നിട്ടായിരുന്നു യാത്ര. 3177 കിലോമീറ്റർ ദൂരം, ഒമ്പതു ദിവസങ്ങൾ താണ്ടി കശ്മീരിലെത്തി.

പകലും രാത്രിയും ഒരു പോലെ യാത്ര ചെയ്തിരുന്ന സംഘം രാത്രിയിൽ ഏറെ വൈകി വിശ്രമത്തിന് സമയം കണ്ടെത്തി. ഭക്ഷണം സ്വയം പാകംചെയ്തു കഴിച്ചു. ഓട്ടോ ഒതുക്കി ടെന്റ് കെട്ടി വിശ്രമസ്ഥലം കണ്ടെത്തി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ രാത്രിയിൽ റോഡരികിലെ വിശ്രമത്തിന് ചില പ്രയാസങ്ങൾ ഒഴിച്ചുനിർത്തിയാൽ യാത്രയിൽ ഒരു തടസ്സവും ഉണ്ടായില്ലെന്ന് മൂവരും പറയുന്നു.

എക്സ്പ്രെസ് ഹൈവേകളിൽ ഓട്ടോക്ക് പ്രവേശനമില്ലാത്തതിനാൽ സർവിസ് റോഡുകളാണ് യാത്രക്ക് ഉപയോഗിച്ചത്. ഒരു ഭാഗത്തേക്ക് മാത്രം 12000 രൂപയുടെ ഇന്ധനം ഓട്ടോയിൽ നിറച്ചു. കേരള ഓട്ടോക്ക് കൈ കാണിച്ച് കുശലം പറയാൻ പലയിടത്തും മലയാളികളുമുണ്ടായിരുന്നു. ലഡാക്കായിരുന്നു ലക്ഷ്യമെങ്കിലും മഞ്ഞുവീഴ്ചയും സുരക്ഷാപ്രശ്നവും കാരണം ഓട്ടോ കശ്മീരിന്റെ അതിർത്തിയിൽ വെച്ചുതന്നെ തിരിക്കേണ്ടിവന്നു. മണാലിവഴി നാട്ടിലേക്ക് തിരിച്ചു.

 

9 ദിവസം, 9 സംസ്ഥാനങ്ങൾ, 3177 കിലോമീറ്റർ...

ഹരി ശങ്കറും മനുവും വെൽഡർമാരും, ശ്യാം പ്രസാദ് അലുമിനിയം ഫാബ്രിക്കേറ്ററുമാണ്. യാത്രക്ക് മുമ്പ് ഓട്ടോറിക്ഷയെ ഇവർ യാത്രക്ക് സജ്ജമാക്കി. ഇതിനായി മൂന്നു പേരും ഒരുമിച്ച് ജോലി ചെയ്തു, വെൽഡർമാരായതിനാൽ ജോലി എളുപ്പമായി. പെയിന്റിങ്ങും വെൽഡിങ്ങുമെല്ലാം ഇവർ തന്നെ. യാത്രയിൽ ഭക്ഷണം പാചകം ചെയ്യാനാവശ്യമായ പാത്രങ്ങൾ, പാചക ഗ്യാസ്, പച്ചക്കറി, മറ്റ് സാധനങ്ങൾ എന്നിവ കരുതി. ഒട്ടോയുടെ ചെലവ് ഉൾപ്പെടെ 60000 രൂപയോളം ഇൗ യാത്രക്കായി ചെലവ് വന്നു.

 

ഹരിശങ്കർ നേരത്തേ ബൈക്കിൽ അജ്മീർ പോയിരുന്നു. ആ യാത്രാ അനുഭവമാണ് കശ്മീരിലേക്കുള്ള യാത്രക്ക് ഇവരെ പ്രേരിപ്പിച്ചത്. ​നേപ്പാളിലേക്ക് പോകാനാണ് ഇവരുടെ അടുത്ത പ്ലാൻ. യാത്രയിലുടനീളം ഹരിശങ്കറായിരുന്നു ഒാട്ടോ ഓടിച്ചത്.

Tags:    
News Summary - Kashmir travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.