ചരിത്രമേറെ പറയാനുള്ള ഒരു പട്ടണമാണ് ഖോർഫക്കാൻ. ഷാർജയുടെ ഉപനഗരമായി വടക്കനെമിറേറ്റുകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ മനോഹര പട്ടണത്തിൽ ഒരുവട്ടമെങ്കിലും പോകാത്തവരായി ഇതു വായിക്കുന്ന ആരും ഉണ്ടാകില്ല എന്നാണ് വിശ്വാസം. ഉണ്ടെങ്കിൽ തീർച്ചയായും അവിടെ ഒന്ന് സന്ദർശിക്കണം. കാരണം, മലയാളക്കരയുടെ പ്രവാസ സഞ്ചാരവുമായി അത്രയ്ക്ക് ചേർന്നുനിൽക്കുന്ന കഥകൾ ഈ പട്ടണം നിങ്ങളോട് പറഞ്ഞു തരും.
ഹോർമുസ് കടലിടുക്കും ഒമാൻ ഉൾകടലും അറബിക്കടലും ചേർന്ന് തീർക്കുന്ന പുരാതനകാലം തൊട്ടുള്ള സമുദ്രസഞ്ചാര പാതയുടെ സാമീപ്യം കാരണം പണ്ട് തൊട്ടേ ഒരു സുപ്രധാന വ്യാപാര കേന്ദ്രവും മത്സ്യബന്ധന കേന്ദ്രവും ആയിരുന്നു ഈ തുറമുഖം. പറങ്കികളോടും ബ്രിട്ടീഷുകാരോടും പൊരുതിയ വീര കഥകളും ഈ പട്ടണത്തിന് പറയാനുണ്ട്.
ഇന്ത്യ, പേർഷ്യ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സമുദ്രാതിർത്തി കടന്നുവരുന്ന വ്യാപാരികൾ പലപ്പോഴും ഇവിടെ സന്ദർശിച്ചിരുന്നു. ഇതുമൂലം ഈ നാവിക മാർഗങ്ങളിലൂടെയുള്ള ചരക്കുകളുടെ വില്പന കൂടാതെ വിവിധ സംസ്കാരങ്ങളും ആശയങ്ങളും ഒപ്പം മനുഷ്യ വിഭവ ശേഷിയും കൈമാറപ്പെട്ടു.
പത്തേമാരിയിൽ തിരകളോടും കാറ്റിനോടും പൊരുതി ജീവൻ പണയം വെച്ച് ഇവിടെ എത്തിച്ചേർന്ന പഴയ തലമുറകൾക്ക് എളുപ്പം മറക്കാൻ സാധിക്കുന്നതല്ല ഖോർഫക്കാനിന്റെ ചരിത്രം. ലോഞ്ചിൽ നിന്നും അടയാളപ്പാറക്കടുത്ത് വെള്ളത്തിലേക്ക് എടുത്തുചാടി നീന്തി കരക്കടിഞ്ഞവരെ സ്വീകരിച്ച ഒരു തെരുവ് ഉണ്ട് ഖോർഫക്കാനിൽ.
അവശരായി എത്തുന്ന യാത്രക്കാർക്ക് ഭക്ഷണവും താമസവും മറ്റു സൗകര്യങ്ങളും ഒക്കെ ചെയ്തു കൊടുത്തിരുന്ന മനുഷ്യപ്പറ്റുള്ള ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്ന ഒരു കച്ചവട തെരുവ്. അതാണ് ഇന്ന് ‘ഓൾഡ് സൂഖ്’ എന്നറിയപ്പെടുന്നത്. ആ തെരുവും ചന്തയും പഴയ പ്രൗഢി നിലനിർത്തിക്കൊണ്ട് തന്നെ പുതുക്കിപ്പണിത് സന്ദർശകർക്കായി സമ്മാനിച്ചിരിക്കുകയാണ് ഷാർജ സർക്കാർ.
കടലിലേക്ക് ചേരുന്ന ഒരു കനാലിരികിലൂടെ നടന്നു ഈ തെരുവിൽ പ്രവേശിക്കാം. പഴയകാല പ്രവാസികൾക്ക് അത്താണിയായിരുന്ന ഇവിടുത്തെ ആദ്യത്തെ ഹോട്ടലായ ന്യൂ കാലിക്കറ്റ് റസ്റ്റോറന്റ്, കേരള സൂപ്പർമാർക്കറ്റ്, സുഗന്ധവ്യജ്ഞനങ്ങളും പൈതൃക കരകൗശല വസ്തുക്കളും വിൽക്കുന്ന കടകൾ, എന്ന് തുടങ്ങിയ എല്ലാം അതേപടി നിലനിർത്തിയാണ് ഈ ഓൾഡ് സൂക്ക് നവീകരിച്ചത്.
ഇതിനോട് ചേർന്നുള്ള മ്യൂസിയം ഖോർഫക്കാനിന്റെ ചരിത്രം നിങ്ങൾക്ക് വരച്ചുകാട്ടും. ഇത് കൂടാതെ ആധുനികതയുടെ മോടിയോടെ നിലകൊള്ളുന്ന കോഫി ഷോപ്പുകളും സലൂണുകളും പുതിയ റസ്റ്റോറന്റുകളും ഒക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഈ രാജ്യത്തേക്ക് വിരുന്നു വന്ന വിദേശികളെ ഇരുകൈയും നീട്ടി സ്വീകരിച്ച നല്ല മനസ്സിന് ഉടമകളായ പഴയ ഇമാറാത്തികളുടെ പിന്മുറക്കാർ ഇന്നും ഈ തെരുവിൽ അവരുടെ സായാഹ്നങ്ങൾ ചെലവിടാൻ ഇവിടെ കൂട്ടം കൂടിയിരിക്കാറുണ്ട്. ഇതൊക്കെ അനുഭവിച്ചറിയാൻ എത്തുന്ന സഞ്ചാരികളുടെ ഒഴുക്കും ഇന്നും ഈ തുറമുഖ പട്ടണത്തെ സജീവമായി നിലനിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.