തിരൂർ: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂർ പാക്കേജിന് തിരൂരിൽ നിന്നും കളമൊരുങ്ങുന്നു. തിരൂരിൽ നിന്നുള്ള ഉല്ലാസയാത്രക്ക് ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെട്ടതനുസരിച്ച് ഈ മാസം 16 ന് മലക്കപ്പാറയിലേക്കാണ് ആദ്യ യാത്ര. ഡിപ്പോയില്ലാത്ത ഒരു സ്ഥലത്ത് നിന്നുള്ള ആദ്യ ഉല്ലാസ യാത്രയാണിത്. കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയാണ് സർവിസ് ഓപ്പറേറ്റ് ചെയ്യുന്നത്.
മലപ്പുറത്ത് നിന്നും പുലർച്ചെ നാലിന് ആരംഭിക്കുന്ന ബസ് തിരൂർ സ്റ്റാൻഡിൽ 04.30ന് എത്തി മലക്കപ്പാറയിലേക്ക് യാത്ര പുറപ്പെടും.
പുലർച്ചെ 4.30ന് തിരൂരിൽ നിന്നും തുടങ്ങി ചാലക്കുടിയും കടന്ന് ആതിരപ്പിള്ളി-വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും കണ്ട് കാട് കയറും. ശേഷം വനത്തിലൂടെയുള്ള നീണ്ട യാത്രയും തേയിലത്തോട്ടങ്ങളും കടന്ന് മലക്കപ്പാറ എന്ന കേരള-തമിഴ്നാട് അതിർത്തി ഗ്രാമത്തിൽ എത്തിച്ചേരും. ആതിരപ്പള്ളി വ്യൂ പോയന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് ഉൾെപ്പടെ 60 കീ.മീ വനത്തിലൂടെയുള്ള ബസ് യാത്രയായിരിക്കും. ഈ ഉല്ലാസയാത്രക്ക് താൽപര്യം ഉള്ളവർ സീറ്റ് ബുക്ക് ചെയ്യുന്നതിന് യാത്രയുടെ പേര്, വ്യക്തിയുടെ പേര്, ഫോൺ നമ്പർ, ബസിൽ കയറുന്ന സ്ഥലം എന്നിവ 9995726885 നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണം. അപ്പോൾ ലഭിക്കുന്ന ബാർകോഡ് സ്കാൻ ചെയ്ത് കെ.എസ്.ആർ.ടി.സിയുടെ ടൂറിസം അക്കൗണ്ടിലേക്ക് പണമടക്കാനാകും.
പണം അടച്ചാൽ അതിന്റെ കോപ്പി അയച്ച് കൊടുത്താൽ ടിക്കറ്റ് ലഭിക്കും. 730 രൂപയാണ് ഒരാൾക്ക് വരുന്ന തുക. ആദ്യയാത്രക്ക് 48 പേർക്കാണ് അവസരം. കൂടുതൽ ബുക്കിങ് വരുകയാണെങ്കിൽ അവർക്കായി തൊട്ടടുത്ത ദിവസങ്ങളിലും സർവിസ് നടത്തുന്നതാണ്. പ്രവേശന ഫീസുകളും ഭക്ഷണവും പാക്കേജിൽ ഉൾപ്പെടുന്നില്ല.
മലപ്പുറം ഡിപ്പോ നടത്തുന്ന സർവിസ് ആയതിനാൽ ബസ് കടന്ന് വരുന്ന പ്രധാന സ്ഥലങ്ങളായ കുറ്റിപ്പാല, വൈലത്തൂർ എന്നിവിടങ്ങളിലുള്ളവർക്ക് ഈ സ്ഥലങ്ങളിൽ നിന്നും ബസ് കടന്ന് പോകുന്ന ബി.പി അങ്ങാടി, കാരത്തൂർ, തിരുനാവായ എന്നിവിടങ്ങളിലുള്ളവർക്ക് ആ സ്ഥലങ്ങളിൽനിന്നും മറ്റ് സ്ഥലങ്ങളിലുള്ളവർക്ക് തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും കയറാം.
കയറുന്ന സ്ഥലം വാട്സ്ആപ്പ് മെസ്സേജ് അയക്കുമ്പോൾ ബോർഡിങ് പോയന്റ് എന്ന സ്ഥലത്ത് ചേർക്കണം. യാത്രാ ദിവസം അതിതീവ്രമഴയുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ യാത്ര നിയന്ത്രണമുണ്ടാകുകയാണെങ്കിൽ യാത്ര മാറ്റിവെക്കും. വിവരങ്ങൾക്ക്: 94472 03014
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.