പത്തനംതിട്ട: മഴയായതോടെ മലയോര ജില്ല പതഞ്ഞൊഴുകി കൊതിപ്പിക്കുകയാണ്. നിരവധി വെള്ളച്ചാട്ടങ്ങളുള്ള പത്തനംതിട്ടയിലേക്ക് സഞ്ചാരികൾ ഒഴുകി എത്തുന്നു. ഇതുവരെ സഞ്ചാരികളുടെ കണ്ണിൽ പെടാതിരുന്ന മൺപിലാവ് വെള്ളച്ചാട്ടം വനമേഖലയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. കേട്ടറിഞ്ഞ് സഞ്ചാരികൾ ഇവിടേക്കും വന്നുതുടങ്ങി. ചിറ്റാർ പഞ്ചായത്തിൽ മൺപിലാവ് ഗവ.എൽപി സ്കൂളിന് പിൻഭാഗത്തുകൂടി ഒഴുകുന്ന തോടാണ് സുന്ദര അരുവിയായി ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ താഴ്ചയിലേക്ക് പതിക്കുന്നത്.മഴക്കാലമായതോടെ ഇങ്ങോട്ടേക്കുള്ള യാത്രയും അതിമനോഹരം.
ഉൾവനത്തിലെ വിന്തനരുവി, മുളനിൽക്കും പാറ, കൊച്ചു കൃഷിഭാഗം എന്നിവിടങ്ങളിൽ നിന്നൊഴുകി വരുന്ന നീർച്ചാലുകൾ പാറക്കെട്ടുകളിലൂടെ പതിയെ ഒഴുകിയെത്തി 200 അടിയോളം ഉയരത്തിൽനിന്ന് താഴേക്ക് പതിക്കുന്നത് കാണേണ്ടതുതന്നെ. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ഈ തോട് പരിസ്ഥിതിക്കനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രമായി വളരേണ്ടതുണ്ട്. ഇരുവശത്തും കാട്ടുവള്ളിച്ചെടികൾ തളിർത്തു നിൽക്കുന്ന കാഴ്ചയും കെങ്കേമം.
വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ തണ്ണിത്തോട് ഫോറസ്റ്റ് ഓഫീസ് പരിധിയാണിവിടം. ചിറ്റാറിൽനിന്നും മൺപിലാവിലേക്ക് നീലിപിലാവ് വഴി അഞ്ചുകിലോമീറ്റർ ദൂരവും വയ്യാറ്റുപുഴയിൽ നിന്നും 11 കിലോമീറ്ററുമാണുള്ളത്. മൺപിലാവിൽ നിന്നും ഒന്നര കിലോമീറ്റർ ഈറ്റക്കാടിനു നടുവിലെ ഒറ്റയടിപ്പാതയിലൂടെ നടന്ന് വേണം വിന്തനരുവിയിൽ എത്താൻ. ഇവിടേക്കുള്ള യാത്രയാണ് കഠിനം. വന്യമൃഗങ്ങൾ വിഹരിക്കുന്ന കാടിനുള്ളിൽ ചെങ്കുത്തായ കയറ്റിറക്കങ്ങൾ സാഹസിക സഞ്ചാരികൾക്ക് ഏറെയിഷ്ടം.
വിന്തനരുവിയിൽ നിന്നും ഒഴുകി എത്തുന്ന വെള്ളം നൂറടി ഉയരത്തിൽനിന്നും കൊച്ചരുവിയിലേക്കാണ് ആദ്യം പതിക്കുന്നത്. അര കിലോമീറ്റർ മാറി വനംവകുപ്പ് പണിത ചെക്ക് ഡാമിലേക്ക് ഒഴുകി എത്തുമ്പോൾ ഒരാൾ പൊക്കത്തിൽ വെള്ളം. ഇവിടെ നിന്നൊഴുകി വരുന്ന വെള്ളം അര കിലോമീറ്ററകലെ 200 അടി താഴ്ചയിലേക്ക് മൺപിലാവ് അരുവിയിലേക്ക് പതിക്കുന്നു. പിന്നീട് താഴേക്ക് ഒഴുകി 80 അടി താഴ്ചയിലേക്ക് ആറാട്ടുകുടുക്ക അരുവിയിലും പതിക്കും. അരുവികളിൽ നിന്നും സംഗമിച്ചെത്തുന്ന വെള്ളം കൊച്ചാറിലും കക്കാട്ടാറിലും ചേർന്ന് പമ്പയാറിൽ സംഗമിക്കും.
വിന്തനരുവിയിൽ എത്തിയാൽ വിശ്രമിക്കാൻ പാറക്കൂട്ടങ്ങളുണ്ട്. പണ്ടിവിടെ മനുഷ്യ വാസമുണ്ടായിരുന്നതിന്റെ തെളിവുകളും അവശേഷിക്കുന്നു. മനുഷ്യർ താമസിച്ച ഗുഹകൾ, പാറകളിൽ കോറിയിട്ട ചിത്രങ്ങൾ, മുനിയറകൾ, ചൂതുകളിക്കാൻ ഉപയോഗിച്ച ചൂതുപാറ എന്നിവയും പ്രദേശത്തിന്റെ സവിശേഷ കാഴ്ചകൾ.ആന, കാട്ടുപോത്ത്, മ്ലാവ്, കേഴ, മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളെ യഥേഷ്ടം കാണാം. സമീപത്തായി വില്ലൂന്നിപ്പാറയും ആനപ്പാറയും തലയുയർത്തി നിൽക്കുന്നു.
വില്ലുന്നിപ്പാറ - മൺപിലാവ് വന സംരക്ഷണസമതിയുടെ നേതൃത്വത്തിൽ നാലുവർഷം മുമ്പ് സാഹസിക ടൂറിസം നടപ്പാക്കാനുള്ള പദ്ധതി വനംവകുപ്പിന്റെ കൊല്ലം കൺസർവേറ്ററുടെ നിർദേശ പ്രകാരം റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചതാണ്. ഇക്കോ ടൂറിസം പദ്ധതിയാക്കിയാൽ കിഴക്കൻ മേഖലയിൽ എത്തുന്ന സഞ്ചാരികളെ ഇവിടേക്കും ആകർഷിക്കാം. വർഷത്തിൽ നാല് മാസം ഒഴികെ ബാക്കി മുഴുവൻ സമയവും ഈ വെള്ളച്ചാട്ടം ഉണ്ടാകും. അധികം ആഴമില്ലാത്തതിനാൽ കുട്ടികൾക്ക് പോലും സുരക്ഷിതമാണ് വെള്ളച്ചാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.