പൊന്നാനി: ജലോത്സവത്തിന് വേദിയാകാറുള്ള ബിയ്യം പുളിക്കടവ് പൊന്നാനിയുടെ ടൂറിസം ഹബിൽ ഇടം പിടിക്കുന്നു. ബിയ്യം കായലിലെ കുളിർകാറ്റേറ്റ് സായാഹ്നങ്ങൾ ചെലവഴിക്കാൻ നിരവധി പ്രാദേശിക സഞ്ചാരികളാണെത്തുന്നത്.
തകർച്ചയിലായിരുന്ന ബിയ്യം തൂക്കുപാലത്തിന്റെ അറ്റകുറ്റപണികൾ പുരോഗമിക്കുകയാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൽനിന്നും നഗരസഭക്ക് സ്ഥലം വിട്ടുകിട്ടിയ ശേഷമാണ് ആദ്യഘട്ടമെന്ന നിലയിൽ തൂക്കുപാലം അറ്റകുറ്റപണിക്ക് ബജറ്റിൽനിന്നും തുക അനുവദിച്ചത്. കൂടാതെ ബിയ്യം പുളിക്കകടവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിക്കാനാണ് നഗരസഭയുടെ തീരുമാനം. ഒരുകോടി രൂപയുടെ പദ്ധതി നടപ്പാക്കാനാണ് ആലോചന.
ജില്ല ടൂറിസം വകുപ്പ് പൊന്നാനി നഗരസഭക്ക് വിട്ടുനൽകിയ പുളിക്കകടവ് പ്രദേശത്ത് അമ്യൂസ്മെന്റ് പാർക്ക്, വാട്ടർ തീം പാർക്ക്, വാട്ടർ സ്പോർട്സ്, സ്വിമ്മിങ് പൂൾ, പവലിയൻ നവീകരണം ഉൾപ്പെടെയുള്ളവ ഒരുക്കാനും നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു.
കയാക്കിങ്, സ്പീഡ് ബോട്ട്, റോപ്പ് വേ അടക്കമുള്ള സാഹസിക ഉല്ലാസത്തിനായി സംരംഭകർ നഗരസഭയെ സമീപിച്ചിട്ടുണ്ട്. ഇതിനായി നഗരസഭ താൽപര്യപത്രം ക്ഷണിച്ചു. ഉടൻ ഈ ഉല്ലാസ സർവിസുകൾ ആരംഭിക്കും. ഇതോടെ പ്രാദേശിക ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ ഭാരതപ്പുഴയിൽ ടൂറിസം ബോട്ടുകളിൽ സഞ്ചരിക്കാനായി ദിനംപ്രതി നിരവധിയാളുകളാണ് വിവിധയിടങ്ങളിൽനിന്നും പൊന്നാനിയിലെത്തിയിരുന്നത്. ടൂറിസത്തിന് മുൻഗണന നൽകി നിർമിച്ചതാണ് ബിയ്യം പുളിക്കകടവിലെ തൂക്കുപാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.