റാസല്‍ഖൈമയിലെ വിനോദ കേന്ദ്രങ്ങളില്‍ വിശാലവും കുടുംബ സൗഹൃദ ആകര്‍ഷണങ്ങളില്‍ സുപ്രധാനവുമായ റാക് സഖര്‍ പാര്‍ക്ക് 32ാം വർഷത്തിന്‍റെ നിറവില്‍. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായിരുന്ന ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 1991ലാണ് സഖര്‍ പാര്‍ക്ക് രാജ്യത്തിന് സമര്‍പ്പിച്ചത്.
സാംസ്ക്കാരിക പൈതൃകവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളും വ്യത്യസ്ത കമ്യൂണിറ്റികള്‍ക്കിടയിലെ സാമൂഹിക ഇടപെടലുകളും ഊഷ്മളമാക്കുന്നയിടമാണ് സഖര്‍ പാര്‍ക്ക്.
കളി സ്ഥലത്തിനൊപ്പം ടേബിള്‍ ടെന്നീസ് കോര്‍ക്ക്, ഇലക്ട്രോണിക് ഗെയിംസ്, ഇലക്ട്രോണിക് കാറുകള്‍, സ്പ്ളാഷ് റൈഡ്, റോളര്‍കോസ്റ്റര്‍ തുടങ്ങിയവയും കുട്ടികള്‍ക്കായി ഇവിടെ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്നു. സൈക്ളിങ്ങും മറ്റും ആസ്വദിക്കുന്നതിന് വളഞ്ഞുപുളഞ്ഞ പാതകളും ഇവിടുത്തെ പ്രത്യേകതയാണ്.
കുടുംബങ്ങള്‍ക്കും സുഹൃദ് കൂട്ടങ്ങള്‍ക്കും ഒരുമിച്ചിരിക്കാനും ബാര്‍ബിക്യൂവിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. തണല്‍ വിരിക്കുന്ന വൃക്ഷങ്ങള്‍ക്ക് താഴെ പൂക്കളും പൂന്തോട്ടങ്ങളും നടവഴികളും മനോഹരമായാണ് ഇവിടെ സംവിധാനിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നടന്ന നിര്‍മാണ പ്രവൃത്തികളില്‍ സഖര്‍ പാര്‍ക്ക് ആധുനിക മുഖവും കൈവരിച്ചിട്ടുണ്ട്. റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റി മുന്‍കൈയെടുത്ത് നിര്‍മിച്ച സ്കേറ്റ് പാര്‍ക്കും സന്ദര്‍ശകരുടെ ആകര്‍ഷണമാണ്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പിന്‍റെ മുന്‍കൈയില്‍ വിപുലമായ നവീകരണ പ്രവൃത്തികളാണ് നടന്നത്. 330,00 ചതുരശ്ര വിസ്തൃതിയിലുള്ള പാര്‍ക്കില്‍ 3000ഓളം ഗാവ് മരങ്ങള്‍, 380 ജാസ്മിന്‍ മരങ്ങള്‍, 300ഓളം ഹെല്ലിഷ് മരങ്ങള്‍ തുടങ്ങിയവയുണ്ട്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമൊപ്പം യുവാക്കളെയും തൃപ്തിപ്പെടുത്തുന്നതാണ് റാക് സഖര്‍ പാര്‍ക്കിലെ സജ്ജീകരണങ്ങളെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.