തീർഥാടന കേന്ദ്രങ്ങളിലേക്ക് കേരളത്തിൽനിന്ന് പ്രത്യേക ടൂറിസ്റ്റ് ട്രെയിനുമായി ഐ.ആർ.സി.ടി.സി

ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ കേരളത്തിൽനിന്ന് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ. പുരാണങ്ങളിലും ഉപനിഷത്തുകളിലും പ്രതിപാദിച്ച പുണ്യസ്ഥലങ്ങളും തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കാനാണ് പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി) ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിക്കുന്നത്.

കേന്ദ്ര സർക്കാറിന്റെ ദേഖോ അപ്നാ ദേശ്, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകൾ ഓടിക്കുന്നത്. ഈ വിഭാഗത്തിലെ അടുത്ത ട്രെയിൻ യാത്ര ജൂലൈ 20ന് കേരളത്തിൽനിന്ന് യാത്രതിരിച്ച് 31ന് തിരികെയെത്തും.

സ്ലീപ്പർ ക്ലാസും 3 ടയർ എ.സി സൗകര്യവുമുള്ള അത്യാധുനിക എൽ.എച്ച്.ബി ട്രെയിനാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ കോച്ചുകളിലും സുരക്ഷ ജീവനക്കാരുടെ സേവനവും അത്യാധുനിക സി.സി.ടി.വി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്. എ.സി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് 754 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ.

വിനോദ സഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, പോടന്നൂർ ജങ്ഷൻ, ഈറോഡ് ജങ്ഷൻ, സേലം എന്നിവിടങ്ങളിൽനിന്ന് ട്രെയിൻ കയറാവുന്നതാണ്. നോൺ എ.സി ക്ലാസിലെ യാത്രക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 24,350 രൂപയും തേർഡ് എ.സി ക്ലാസിലെ യാത്രക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36,340 രൂപയുമാണ്. കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽ.ടി.സി സൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോണിൽ ബന്ധപ്പെടുകയോ ഐ.ആർ.സി.ടി.സി വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. വെബ്സൈറ്റ് - https://bit.ly/3JowGQa. ഫോൺ: എറണാകുളം (8287932082), തിരുവനന്തപുരം (8287932095) കോഴിക്കോട് (8287932098).

Tags:    
News Summary - Special tourist train from Kerala to visit major pilgrimage centers of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.